വാഷിംഗ്ടൺ- വൈറ്റ് ഹൗസും ക്രെംലിനും തമ്മിൽ അതീവ രഹസ്യമായ കമ്യൂണിക്കേഷൻ ചാനൽ ആരംഭിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളുടെ ഭർത്താവും, അടുത്ത സഹായിയുമായ ജെർഡ് കുഷ്‌നർ ആവശ്യപ്പെട്ടതായുള്ള വാർത്തയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ന്യൂയോർക്കിലെ ട്രംപ് ടവറിൽ റഷ്യൻ അംബാസഡർ സെർജി കിസ്‌ല്യാക്കുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കുഷ്‌നർ ഈ ആവശ്യമുന്നയിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു കാര്യവും തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്ന് എൻ.ബി.സി റിപ്പോർട്ടർ മേഗൻ കെല്ലിയുമായി നടത്തിയ അഭിമുഖത്തിൽ പുടിൻ വ്യക്തമാക്കി.
അത്തരത്തിലുള്ള എന്തെങ്കിലും നിർദേശം ഉണ്ടായിരുന്നെങ്കിൽ റഷ്യൻ വിദേശകാര്യ മന്ത്രി വഴി അക്കാര്യം താൻ അറിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് അനുകൂലമായി ഹാക്കർമാരെ ഉപയോഗിച്ച് റഷ്യ ഇടപെട്ടുവെന്ന ആരോപണവും പുടിൻ ശക്തിയായി നിഷേധിച്ചു. റഷ്യക്കാരല്ലാത്ത ഏതെങ്കിലും ഹാക്കർമാരായിരിക്കും ഇടപെട്ടിട്ടുണ്ടാവുകയെന്നും, ചുമ്മാതെ റഷ്യക്കുമേൽ പഴിചാരുകയാണെന്നും പുടിൻ കുറ്റപ്പെടുത്തി.
ഇത്തരം ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നു പറഞ്ഞ പുടിൻ, ട്രംപിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ അദ്ദേഹവുമായി തങ്ങൾക്ക് നേരത്തെ പ്രത്യേക അടുപ്പം ഉണ്ടായിരിക്കണ്ടേ എന്നു ചോദിച്ചു. ഞങ്ങൾക്ക് അദ്ദേഹവുമയി ഒരു ബന്ധവുമില്ല. മാധ്യമ പ്രവർത്തകർക്ക് എല്ലാ വിവേകവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും പുടിൻ കുറ്റപ്പെടുത്തി.
ജേർഡ് കുഷ്‌നറുടെ രഹസ്യ ലൈൻ നിർദേശത്തെ പരാമർശിക്കവേ, ശൂന്യതയിൽനിന്ന് സെൻസേഷൻ സൃഷ്ടിക്കുകയാണ് നിങ്ങളെന്നായിരുന്നു പുടിന്റെ പ്രതികരണം. എന്നിട്ട് അത് നിങ്ങളുടെ പ്രസിഡന്റിനെതിരെ തന്നെ ആയുധമാക്കി ഉപയോഗിക്കുന്നു. നങ്ങളുടെ ജീവിതം വളരെ ബോറടിക്കുന്നതായതു കൊണ്ടാവും ഇത്രയും ക്രിയാത്മകത ഉള്ളവരായി മാറിയതെന്നും പുടിൻ പരിഹസിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടനലിനെക്കുറിച്ച് യു.എസ് കോൺഗ്രസ് സമിതികളും, എഫ്.ബി.ഐയും അന്വേഷണം നടത്തിവരവേയാണ് പുടിന്റെ ശക്തിയായ നിഷേധം. ട്രംപ് ആരോപണങ്ങളെല്ലാം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ പോലും പോന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളതെന്നാണ് വിമർശകരുടെ പക്ഷം.