തെരഞ്ഞെടുപ്പിന് ഇനിയും ആഴ്ചകളുണ്ടെങ്കിലും പുൽവാമ ഭീകരാക്രമണവും അതിർത്തി സംഘർഷവും എൻ.ഡി.എക്ക് വഴിത്തിരിവായെന്ന വിലയിരുത്തലിൽ പ്രവചന വിദഗ്ധർ. പുൽവാമ ഭീകരാക്രമണത്തിലും പാക്കിസ്ഥാൻ സേന പകൽവെളിച്ചത്തിൽ തിരിച്ചടിച്ചതിലും വലിയ രഹസ്യാന്വേഷണ വീഴ്ചയുണ്ടായെങ്കിലും അതൊക്കെ മറച്ചുപിടിക്കുന്ന രീതിയിൽ മാധ്യമങ്ങളെ പൊതുവെ കൂടെ നിർത്തുന്നതിൽ സർക്കാർ വിജയിച്ചിരുന്നു.
ഇന്ത്യ ടുഡേ കോൺക്ലേവിനോടനുബന്ധിച്ച് നടത്തിയ പ്രവചന വിദഗ്ധരുടെ ചർച്ചയിൽ ഭൂരിഭാഗം പേരും എൻ.ഡി.എ മുൻതൂക്കം നേടിയെന്ന പക്ഷക്കാരാണ്. ഇന്ത്യയിൽ ഇലക്ഷനെക്കുറിച്ച ധാരണ മാറിയെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനവിദഗ്ധൻ പ്രദീപ് ഗുപ്ത പറയുന്നു. പ്രാദേശിക തലത്തിൽ ഒരു എം.പിയെ തെരഞ്ഞെടുക്കാനാണ് മുമ്പ് വോട്ട് ചെയ്തിരുന്നതെങ്കിൽ ഇന്ന് ദേശീയ നേതാവിനാണ് പലരും വോട്ട് ചെയ്യുന്നത്. ഓരോ ഇലക്ഷനും മൂന്ന് ഘടകങ്ങളുണ്ട്. ജനങ്ങൾ, നേതാക്കൾ, ഭരണത്തെക്കുറിച്ച ആ സമയത്തെ പ്രതിഛായ. വരുന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 300 സീറ്റ് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കൾ അടിസ്ഥാനതലത്തിൽ ജനങ്ങളുമായി ഇടപഴകി കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന പക്ഷക്കാരനാണ് കോൺഗ്രസിന്റെ ഡാറ്റാ വിദഗ്ധൻ പ്രവീൺ ചക്രവർത്തി. സമീപകാലത്ത് കോൺഗ്രസ് സജീവമായി താഴെത്തട്ടിൽ ഇറങ്ങിയതിന്റെയും സഖ്യങ്ങൾ തുന്നിക്കൂട്ടിയതിന്റെയും ഫലമാണ് മൂന്ന് സംസ്ഥാനങ്ങളിലെ അനുകൂല ഫലങ്ങൾ. എൻ.ഡി.എക്കും യു.പി.എക്കും മറ്റു പാർട്ടികൾക്കും 180 നടുത്ത് സീറ്റുകൾ കിട്ടുന്ന രീതിയിലേക്കാണ് തെരഞ്ഞെടുപ്പ് പോവുന്നതെന്ന് ചക്രവർത്തി അഭിപ്രായപ്പെട്ടു.
എന്നാൽ പ്രാദേശിക തലത്തിലെ ചെറിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്ന പക്ഷക്കാരനാണ് ലോകനീതി സി.എസ്.ഡി.എസിന്റെ സന്ദീപ് ശാസ്ത്രി. ഓരോ സംസ്ഥാനവും വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്യുക. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്ര നേതൃത്വം പോലെ തന്നെ സുപ്രധാനമാണ് പ്രാദേശിക നേതൃത്വവും.
കഴിഞ്ഞയാഴ്ചയിലെ സംഭവ വികാസങ്ങളോടെ എൻ.ഡി.എ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയിൽ എൻ.ഡി.എക്ക് 269-272 സീറ്റ് പ്രതീക്ഷിക്കാം. പ്രചാരണം മൂർഛിക്കുന്നതോടെ അത് 2014 ലെ നിലവാരത്തിലേക്ക് വരെ എത്താം -അദ്ദേഹം പ്രവചിക്കുന്നു.
എന്നാൽ സർക്കാർ യുദ്ധത്തെ ഇലക്ഷൻ ജയിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്ന് യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. രണ്ടാഴ്ച മുമ്പ് വരെ ബി.ജെ.പിക്ക് 170 സീറ്റിൽ താഴെയും എൻ.ഡി.എക്ക് ഇരുനൂറിൽ താഴെയും സീറ്റേ കിട്ടൂ എന്നാണ് ഞാൻ വിലയിരുത്തിയിരുന്നത്. കൃഷിയും തൊഴിലുമുൾപ്പെടെ വിഷയങ്ങൾ ജനങ്ങൾ കണക്കിലെടുത്താൽ ബി.ജെ.പിക്കു മാത്രം 100 സീറ്റ് നഷ്ടപ്പെടും. എന്നാൽ പുൽവാമ എങ്ങനെ ഇലക്ഷനെ സ്വാധീനിക്കുമെന്ന് പറയാനാവില്ല. ജനാധിപത്യത്തിൽ ജനവിധിയെ അപഹരിക്കാനുള്ള ഏറ്റവും ഹീനമായ ശ്രമമാണ് അരങ്ങേറുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുമ്പുള്ള അവസ്ഥയല്ല പുൽവാമക്കു ശേഷമെന്ന് യാദവും സമ്മതിച്ചു.
സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത രീതിയിലാണ് ആളുകൾ വോട്ട് ചെയ്യുന്നതെന്ന പക്ഷക്കാരനാണ് സിവോട്ടറിന്റെ യശ്വന്ത് ദേശ്മുഖ്. കേന്ദ്രത്തിലേക്ക് വോട്ട് ചെയ്യുമ്പോൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാനുള്ള താൽപര്യം 10 ശതമാനം കൂടുതലാണ് -അദ്ദേഹം കരുതുന്നു.
പ്രതിഛായക്കനുഗുണമായി വാർത്തകളെ നിയന്ത്രിക്കുന്നതിൽ സർക്കാർ വിജയമാണെന്ന് പ്രവചന വിദഗ്ധൻ രാഹുൽ വർമ അഭിപ്രായപ്പെട്ടു. ബി.ജെ.പി വളരെ മോശം അവസ്ഥയിലായിരുന്നു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം അവർ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യസുരക്ഷയും വിദേശനയവും ജനങ്ങൾക്ക് പ്രധാന വിഷയങ്ങളാണ്. കാർഗിൽ യുദ്ധം വോട്ട് നേടാൻ ബി.ജെ.പിയെ സഹായിച്ചെന്നും എന്നാൽ പൊഖ്‌റാൻ ആണവ സ്‌ഫോടനം സഹായിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
സർക്കാർ വിരുദ്ധ വികാരം ശക്തമല്ലെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്തയുടെ അഭിപ്രായം. ദേശീയ സുരക്ഷ അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായാൽ എൻ.ഡി.എ 2014 ലെ ഭൂരിപക്ഷം നേടുമെന്ന അഭിപ്രായക്കാരനാണ് സന്ദീപ് ശാസ്ത്രി.
ഇപ്പോൾ ഗതിവേഗം എൻ.ഡി.എക്കൊപ്പമാണെന്ന നിലപാടാണ് ടുഡേയ്‌സ് ചാണക്യയുടെ വി.കെ. ബജാജിന്. 2014 ലെ മോഡി തരംഗം കൃത്യമായി പ്രവചിച്ചിരുന്നു ടുഡേയ്‌സ് ചാണക്യ. എന്നാൽ ഉത്തർപ്രദേശിലെയും പശ്ചിമ ബംഗാളിലെയുമുൾപ്പെടെ ഇനിയുണ്ടാകുന്ന ചെറിയ ഘടകങ്ങൾ പോലും വലിയ മാറ്റമുണ്ടാക്കാമെന്ന നിലപാടാണ് അദ്ദേഹത്തിന്. എത്ര സീറ്റ് കിട്ടുമെന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതാണ്: '2019 ഇലക്ഷൻ ഫലം പ്രവചിക്കാൻ സമയമായിട്ടില്ല. അടിത്തട്ടിൽ ഇപ്പോഴും കാര്യങ്ങൾ വ്യക്തമായി വന്നിട്ടില്ല'.






