മഞ്ചേരി- ചോരക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ മാതാവ് കുറ്റക്കാരിയെന്ന് മഞ്ചേരി ജില്ലാ കോടതി കണ്ടെത്തി. കേസിൽ ആറിന് ശിക്ഷ വിധിക്കും.
ചാലിയാർ പഞ്ചായത്തിലെ അകമ്പാടം നായാടംപൊയിൽ പൊട്ടമ്പാറ കോളനിയിലെ വാസുവിന്റെ ഭാര്യ ശാരദ (35) ആണ് പ്രതി. ശാരദയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. അവിഹിത ബന്ധത്തിലൂടെ ഗർഭം ധരിച്ച ശാരദ 2016 മെയ് 30ന് മുക്കം ഗവൺമെന്റ് ആശുപത്രിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് തൂക്കം കുറവായതിനാൽ അമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ നിന്നും ജൂൺ 11ന് ഡിസ്ചാർജ് ആയ ശാരദയും കുഞ്ഞും വീട്ടിലെത്തിയപ്പോൾ സഹോദരങ്ങൾ ശകാരിച്ചിരുന്നു. അപമാനം മൂലം 12ന് പുലർച്ചെ അഞ്ച് മണിക്ക് ശാരദ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചു മൂടുകയുമായിരുന്നു. ചാലിയാർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അനീഷ് അഗസ്റ്റിനാണ് നിലമ്പൂർ പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. പോലീസെത്തി മൃതദേഹം മാന്തിയെടുക്കുകയും നിലമ്പൂർ തഹസീൽദാരും സയന്റിഫിക് അസിസ്റ്റന്റും ഇൻക്വസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് നിലമ്പൂർ പോലീസ് ശാരദക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.