യുപിയില്‍ ബിജെപിയുടെ സിറ്റിങ് എം.പി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു

ന്യുദല്‍ഹി- ബിജെപിയെ ഞെട്ടിച്ച് യുപിയിലെ ബഹ്‌റായിച്ച് എംപി സാവിത്രി ബായ് ഫുലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയുടെ കിഴക്കന്‍ യുപി ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് സാവിത്രി ബായിയെ സ്വാഗതം ചെയ്തത്. പ്രമുഖ ദളിത് നേതാവായ സാവിത്രി ബായ് ഫുലെ ഒരു വര്‍ഷത്തിലേറെയായി ബിജെപിക്കുള്ളില്‍ വിമത സ്വരമുയര്‍ത്തിവരികയായിരുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും മറ്റും കടുത്ത വിമര്‍ശനങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുന്‍ ഫത്തേപൂര്‍ എംപിയുമായ രാകേശ് സചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനു ലഭിച്ച വലിയ നേട്ടമായാണ് ഇവരുടെ വരവ് വിലയിരുത്തപ്പെടുന്നത്. ഈ രണ്ടു നേതാക്കളുടെ വരവോടെ ഇവരുടെ മണ്ഡലങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഇവരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതായും സൂചനയുണ്ട്

Latest News