പാക് തീര്‍ഥാടകരുടെ മടക്കയാത്ര പുനരാരംഭിച്ചു

ജിദ്ദ- ഇന്ത്യ-പാക് സംഘര്‍ഷം മൂലം പാക്കിസ്ഥാന്‍ വ്യോമമേഖല അടക്കുകയും പാക്കിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതിന്റെ ഫലമായി മടക്കയാത്ര മുടങ്ങിയ പാക് തീര്‍ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങി. മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്ന് തീര്‍ഥാടകരെ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഹജ്, ഉംറ മന്ത്രാലയം പുനരാരംഭിച്ചു. കറാച്ചി, ഇസ്‌ലാമാബാദ് സര്‍വീസുകളിലെ തീര്‍ഥാടകരുടെ മടക്കയാത്രയാണ് പുനരാരംഭിച്ചിരിക്കുന്നത്. ലാഹോര്‍ സര്‍വീസുകളിലെ തീര്‍ഥാടകരുടെ മടക്കയാത്ര പുനരാരംഭിച്ചിട്ടില്ല. സൗദിയ, പി.ഐ.എ ഓഫീസുകളെ സമീപിച്ച് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്, ഉംറ വിഭാഗവുമായി ഏകോപനം നടത്തുന്നതിനും ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മടക്കയാത്ര മുടങ്ങിയ പാക് തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം ഇടപെട്ട് മക്കയിലെയും മദീനയിലെയും ഹോട്ടലുകളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയിരുന്നു.
ഇസ്‌ലാമാബാദ്, കറാച്ചി, പെഷവാര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതായി സൗദിയ അറിയിച്ചു. ലാഹോര്‍, മുള്‍ട്ടാന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. കറാച്ചി, ഇസ്‌ലാമാബാദ്, പെഷവാര്‍ സര്‍വീസുകള്‍ യു.എ.ഇ, ബഹ്‌റൈന്‍ വിമാന കമ്പനികളും ഇന്നലെ മുതല്‍ പുനരാരംഭിച്ചു. മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ലാഹോര്‍ സര്‍വീസുകള്‍ റദ്ദാക്കിയത് തുടരുമെന്ന് ഗള്‍ഫ് എയര്‍ പറഞ്ഞു.

 

Latest News