രണ്ടാമൂഴം നോവല്‍ തിരക്കഥാ തര്‍ക്കം: 15 ന് വിധി പറയും

കോഴിക്കോട്- എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാര്‍ച്ച് 15 ലേക്കു മാറ്റി.
 കോഴിക്കോട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹരജിയിലും കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹരജിയിലുമാണ് വിധി പറയുക.
കേസ് മധ്യസ്ഥര്‍ക്ക് വിടേണ്ടെന്ന കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതിയുടെ നവംബര്‍ 17ലെ ഉത്തരവ് നാലാം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിലാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ മധ്യസ്ഥതക്ക് പ്രസക്തിയില്ലെന്നായിരുന്നു എം.ടിയുടെ അഭിഭാഷകന്‍ കെ.ബി.ശിവരാമകൃഷ്ണന്റെ വാദം.
സിനിമക്കായി എം.ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11 നാണ് എം.ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിം കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014 ലാണ് സിനിമക്കായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതിരുന്നതാണു വിഷയം കേസിലേക്ക് നീങ്ങിയത്.

 

Latest News