കൊച്ചി- നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവെപ്പ് കേസില്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുംബൈ അധോലക കുറ്റവാളി രവി പൂജാര അടക്കം മുന്നു പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആദ്യ ഘട്ടത്തില്‍ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. രവി പൂജാര മൂന്നാം പ്രതിയാണ്. ബൈക്കിലെത്തി ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത രണ്ടു പേരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. എന്നാല്‍ ഇവരാരാണെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടലായിരുന്നു വെടിവെപ്പ് നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തില്‍. ഈ വിവരം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയുന്നു. ഗൂഢാലോചന അടക്കമുളള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ രവി പൂജാരക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും വിവരമുണ്ട്. നടി ലീന മരിയ പോളിന്റെ മൊഴിയും അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതു കൂടാതെ ലീന മരിയ പോളിനു വന്ന ശബ്ദസന്ദേശത്തിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയാണ് പിന്നില്‍ രവി പൂജാരയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം കൊച്ചി പോലീസാണ് കേസ് അന്വേഷിച്ചിരുന്നതെങ്കിലും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
നിലവില്‍ രവി പൂജാരയെ സെനഗലില്‍ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും നാളിതുവരെ ഇന്ത്യയിലെത്തിച്ചിട്ടില്ല. രവി പൂജാരയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ കേരള പോലീസ് ഇന്റര്‍പോളിന് കത്ത് നല്‍കിയിട്ടുണ്ട്. ബൈക്കിലെത്തി ബ്യുട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തവരെക്കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന സൂചനയാണ് കിട്ടുന്നത്. സംഭവം ഉണ്ടാകുന്നതിനു തൊട്ടു മുമ്പ് എറണാകുളം പനമ്പിള്ളി നഗറില്‍ നിന്നും മുംബൈക്ക് ഫോണ്‍ കോളുകള്‍ പോയിട്ടുള്ളതായി ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍ മുംബൈക്ക് തന്നെയാണ് മടങ്ങിയിരിക്കുന്നതെന്നുമാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് ഇവരെ തേടി അന്വേഷണ സംഘം മുംബൈക്ക് പോയിരുന്നുവെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ലെന്നാണ് അറിയുന്നത്. മുംബൈയിലടക്കം നിരവധി കേസുകള്‍ രവി പൂജാരക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് എറണാകുളം പനമ്പിള്ളി നഗറിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ പട്ടാപ്പകല്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.