Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിക്ക് ലഭിച്ചത് അപൂര്‍വ അവസരം; നേട്ടമാക്കാന്‍ ശ്രമം തുടങ്ങി

ന്യൂദല്‍ഹി- യുദ്ധസമാന സ്ഥിതിയിലെത്തിയ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും പ്രത്യക്ഷമായി തന്നെ ശ്രമങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ പുതിയ കാലഘട്ടം തുടങ്ങിയെന്നും ഭീകരതയെ നേരിടുന്നതില്‍ ഇനിയൊരിക്കലും ഇന്ത്യക്ക് നിസ്സഹായാവസ്ഥയുണ്ടാകില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യക്ഷ പ്രചാരണം തുടങ്ങിയത്. ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യ-പാക് സംഘര്‍ഷം ഏറ്റവും അപകടകരമായ സാഹചര്യം നേരിട്ട ദിവസങ്ങളാണ് കടന്നുപോയത്.
ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയില്‍ അല്‍പം അയവുവന്നതിനു പിന്നാലെ തമിഴ്‌നാട്ടില്‍ നടത്തിയ റാലിയിലാണ്  വ്യോമാക്രമണങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം. തങ്ങളുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡറെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയില്‍ അല്‍പം അയവുവന്നത്.
കശ്മീരിലെ ഭീകരസംഘടനകളുടെ പേരില്‍ അയല്‍രാജ്യമായ പാക്കിസ്ഥാനോട് ഏറ്റുമുട്ടാന്‍ കിട്ടിയ അവസരം അടുത്ത മേയ് മാസത്തിനു മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച അപൂര്‍ രാഷ്ട്രീയ അവസരം കൂടിയാണ്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ യുവാക്കളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ പേരില്‍ കര്‍ഷകരും മോഡി സര്‍ക്കാരിനെതിരെ തിരിയുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ മാസം രാഷ്ട്രീയ നിരീക്ഷകരില്‍നിന്നുണ്ടായത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും മുഖ്യ അജണ്ടയാകുമെന്ന പ്രതിപക്ഷ കണക്കുകൂട്ടലുകളാണ് മോഡി ദേശസുരക്ഷയിലേക്ക് മാറ്റിയിരിക്കുന്നത്.
കശ്മീര്‍ വിഘടനവാദത്തില്‍ ഏറ്റവും ഭീകരമായ ആക്രമണമാണ് ഈ മാസം 14-നുണ്ടായത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണം അക്ഷരാര്‍ഥത്തില്‍തന്നെ രാജ്യത്തെ ഞെട്ടിച്ചതായിരുന്നു. തിരിച്ചടി നല്‍കുമെന്ന് അപ്പോള്‍ തന്നെ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചിരുന്നു.
മോഡിയുടെ തമിഴ്‌നാട് പ്രസംഗത്തോടൊപ്പം പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ രാഷ്ട്രീയ പ്രസ്താവനകളുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നു.  അഭിനന്ദന്റെ തിരിച്ചു വരവിന്റെ ക്രെഡിറ്റ് ഒരു ആര്‍എസ്എസ് സ്വയം സേവകന്റെ വീര്യത്തിനു നല്‍കണമെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന.
പുല്‍വാമ തീവ്രവാദി ആക്രമണവും തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള സംഘര്‍ഷവും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന വിമര്‍ശനം ഒട്ടും കണക്കിലെടുക്കാതെയാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവനകള്‍.
ഇന്ത്യ നടത്തിയ വ്യോമാക്രമണം ബി.ജെ.പിയെ കര്‍ണാടകത്തില്‍ 22 സീറ്റില്‍ വിജയിപ്പിക്കുമെന്ന് നേരത്തേ പാര്‍ട്ടി നേതാവ് യെദ്ദിയൂരപ്പ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യം സംഘര്‍ഷ ഭീതി നേരിടുമ്പോഴും ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബി.ജെ.പി റാലിയില്‍ പങ്കെടുത്തു കൊണ്ടാണ് പ്രധാനമന്ത്രിയും പ്രസ്താവനകള്‍ നടത്തുന്നത്. അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായി തൊട്ടു പിന്നാലെ ബി.ജെ.പി ബൂത്ത് പരിപാടിയില്‍ ആളുകളോട് സംസാരിച്ച മോഡി അഭിനന്ദനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മറിച്ച് രാജ്യം ശക്തമായ കരങ്ങളിലാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
അതിന് ശേഷം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ റാലിയില്‍ വെച്ചായിരുന്നു ആദ്യമായി മോഡി അഭിനന്ദന്റെ പേര് പറഞ്ഞതും അതേക്കുറിച്ചു സംസാരിച്ചതും.

 

Latest News