ബ്രിട്ടനില്‍ ഫ്രെയ കൊടുങ്കാറ്റ് വരുന്നു 

ലണ്ടന്‍: യുകെ ജനതയ്ക്കു ദുരിതം വിതയ്ക്കാന്‍ മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ഫ്രെയ കൊടുങ്കാറ്റ് എത്തുന്നു. ശൈത്യകാലത്തെ ഏറ്റവും ചൂടേറിയ കാലാവസ്ഥ അനുഭവപ്പെട്ടതിനു പിന്നാലെയാണ് ഫ്രെയയുടെ വരവ്. അതിശക്തമായ കാറ്റില്‍ പ്രധാനപ്പെട്ട ഇടങ്ങളില്‍ യാത്രാ തടസ്സത്തിനും അപകടകരമായ അവസ്ഥകള്‍ക്കും ഇടയാക്കുമെന്നാണ് ആശങ്ക. കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കാനും വൈദ്യുതി വിതരണം തടസ്സപ്പെടുത്തുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 
ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സൗത്ത്‌വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത്ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഭൂരിഭാഗം സ്ഥലങ്ങള്‍ക്കും, മറ്റ് ചില പ്രദേശങ്ങള്‍ക്കുമാണ് യെല്ലോ മുന്നറിയിപ്പ്. കാറ്റ് കനക്കുന്നതോടെ മരങ്ങള്‍ കടപുഴകാനും മൊബൈല്‍ സേവനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. 
തീരപ്രദേശങ്ങളില്‍ 80മൈല്‍ വേഗതയും, മറ്റിടങ്ങളില്‍ 55-65മൈല്‍ വേഗതയിലുമാണ് കാറ്റ് എത്തുക. കാറ്റ് അടങ്ങുന്നതോടെ വീണ്ടും മഞ്ഞുവീഴ്ചയുണ്ടാവും. നോര്‍ത്ത്ഈസ്റ്റ് ഇംഗ്ലണ്ട്, സൗത്ത്ഈസ്റ്റ് സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച ആരംഭിക്കുക. താപനില വീണ്ടും ഒറ്റ അക്കത്തിലേക്ക് മടങ്ങുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

Latest News