Sorry, you need to enable JavaScript to visit this website.

ഈ ചരിത്ര മുഹൂർത്തം രാജ്യത്തെ ഓർമിപ്പിക്കുന്നത്

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വാഗാ ബോർഡറിലൂടെ ഇന്ത്യൻ വ്യോമസേനയുടെ ധീരപുത്രനായി മാറിയ വിങ് കമാന്റർ അഭിനന്ദൻ വർത്തമാൻ മാതൃഭൂമിയുടെ മണ്ണിൽ കാലെടുത്തുവെച്ചു. ഇതോടെ അതിർത്തി സംഘർഷത്തിലെ ഒന്നാംഘട്ടമേ അവസാനിക്കുന്നുള്ളൂ. രാജ്യമാകെ   അഭിനന്ദിനെയും വായുസേനയെയും സേനയെ ആകെയും ഏകസ്വരത്തിൽ അഭിനന്ദിക്കുമ്പോൾ. 
സമാധാന സന്ദേശമെന്ന നിലയിലാണ് തടവിലാക്കിയ ഇന്ത്യൻ പൈലറ്റിനെ വിട്ടയക്കുന്നതെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷ പുലർത്താനില്ല.   'സന്തോഷകരമായ വാർത്ത വരാൻപോകുന്നു' എന്ന് വിയറ്റ്‌നാമിലെ ഹനോയിൽനിന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന്റെ മാറ്റൊലി മാത്രമായിരുന്നു പാക് സംയുക്ത പാർലമെന്റ് യോഗത്തിലെ ഇമ്രാൻ  ഖാന്റെ പ്രഖ്യാപനം.  
അതേസമയം ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുമ്പിൽനിന്ന് ചരിത്രത്തിൽ ആദ്യമായി നമ്മുടെ മൂന്നു സേനാ മേധാവികളും രാജ്യത്തിനു നൽകിയ ഒരേ സ്വരത്തിലുള്ള ഉറപ്പ് ശ്രദ്ധിക്കുക. അതിനോടൊപ്പം എഫ്-16 പോർവിമാനം ഉപയോഗിച്ച് അതിർത്തിയിൽ പാക്കിസ്താൻ നടത്തിയ ആക്രമണത്തിന്റെ തെളിവുകൾ അവിടെ പ്രദർശിപ്പിച്ചതും.
'തങ്ങൾ പൂർണ്ണ സജ്ജരാണ്.  പാക്കിസ്താൻ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കും' എന്ന സന്ദേശമാണ് സംയുക്ത  സേനാ മേധാവികൾ നൽകിയത്.  ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് ഉപയോഗിക്കില്ലെന്ന ഉറപ്പിൽ പാക്കിസ്താനു യു.എസ് നൽകിയ എഫ്-16 വിമാനമാണ് വിങ് കമാന്റർ അഭിനന്ദൻ എയ്തു വീഴ്ത്തിയത്.  ലോകത്തെ ഏറ്റവും വലിയ സംഹാര ബ്രഹ്മാസ്ത്രമെന്ന് അമേരിക്ക അവകാശപ്പെടുന്ന, പാക്കിസ്താൻ വിശ്വസിക്കുന്ന എഫ്-16 വിമാനത്തെ സോവിയറ്റ് നിർമ്മിത മിഗ് ബൈസൺ പോർവിമാനമുപയോഗിച്ച്  വെടിവെച്ച് വീഴ്ത്തുകയാണ് വിങ് കമാന്റർ അഭിനന്ദൻ ചെയ്തത്.  അതും സോവിയറ്റ് നിർമ്മിത ആർ -73 എന്ന എയർ ടു എയർ മിസൈൽ ഉപയോഗിച്ച്. 
പാക് വ്യോമസേന എഫ് - 16 വിമാനത്തിൽനിന്നു പ്രയോഗിച്ച, ഇന്ത്യൻ സൈനിക കേന്ദ്രത്തിൽനിന്നു കണ്ടെടുത്ത അംറാം 120 മിസൈലിന്റെ ഭാഗങ്ങളാണ് പത്രസമ്മേളനത്തിൽ  പ്രദർശിപ്പിച്ചത്. എഫ്-16 വിമാനം ഉപയോഗിച്ചിട്ടില്ലെന്ന പാക്കിസ്താന്റെ നിലപാട് തള്ളിപ്പറയുന്നു എഫ്-16ന്റെ കണ്ടെടുത്ത ഈ    അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ. 
പാക്കിസ്താനിലെ ബാലാക്കോട്ടെ ഭീകര പരിശീലനകേന്ദ്രം ഇന്ത്യൻ വിമാനങ്ങൾ   തകർത്തതിനെക്കുറിച്ച് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ മുന്നറിയിപ്പു നൽകിയിരുന്നു: 'ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു, ഞങ്ങളുടെ പ്രതികരണത്തിനായി ഇന്ത്യയ്ക്കു കാത്തിരിക്കാനുള്ള സമയമാണിത്.' എട്ട് എഫ്-16, നാല് ജെ.എഫ്-17, മിറാഷ്-5 തരത്തിൽപെട്ട 17 പോർവിമാനങ്ങൾ ഉപയോഗിച്ച് പാക്കിസ്താൻ ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ബോംബുകളും മിസൈലുകളുമായി പറന്നത് ആ പ്രതികരണത്തിന്റെ ഭാഗമായിരുന്നു.
ഒസാമ ബിൻലാദനെ അമേരിക്ക മിന്നലാക്രമണത്തിലൂടെ പിടിച്ചുകൊണ്ടുപായ സൈനിക കേന്ദ്രത്തിന് അടുത്തുതന്നെയാണ് അബോട്ടാബാദിൽ ഇന്ത്യൻ സൈനിക നടപടി. ജെയ്ഷ് ഷെ മുഹമ്മദിന്റെ ഭീകരപരിശീലന കേന്ദ്രം തകർത്ത നടപടിയെ സൈനികേതരമെന്നാണ് ഇന്ത്യ വിശദീകരിച്ചത്. തങ്ങളുടെ പ്രതികരണം രാഷ്ട്രീയം, നയതന്ത്രം എന്നിവയ്ക്കു പുറമെ സൈനികം കൂടിയായിരിക്കും എന്നാണ് പാക് ജനറൽ അറിയിച്ചത്.
അതങ്ങനെയേ ആകൂ.  പാക്കിസ്താനിൽ പ്രവർത്തിച്ചുവരുന്ന ഭീകര സംഘടനകളെല്ലാം പാക് സൈന്യത്തിന്റെ വികസിത രൂപമാണ്. പുൽവാമയിൽ 40 സൈനികരെ കൊലചെയ്ത ജെയ്ഷ് എ മുഹമ്മദിനുള്ള മറുപടി സൈനികമായി പാക്കിസ്താൻ ഏറ്റെടുത്തതിന്റെ കാരണമതാണ്. എന്നിട്ടും കാലപ്പഴക്കമേറിയ മിഗ് 21 ബൈസൺ അടക്കം കേവലം എട്ട് വിമാനങ്ങൾകൊണ്ട് അതിനെ ചെറുത്ത് സൈനികനീക്കത്തെ പരാജയപ്പെടുത്തിയത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തും സമർപ്പണവും. 
സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ അടിയന്തര ഇടപെടലും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന ചൈനയുടെയും റഷ്യയുടെയും നിരന്തര ആവശ്യവും മറ്റു ലോകരാഷ്ട്രങ്ങളുടെ കൂട്ടായ സമ്മർദ്ദവുമാണ് അഭിനന്ദന്റെ മോചനത്തിലേക്ക് എത്തിച്ചത്. സംഘർഷത്തിന്റെ ആദ്യ ഇടവേളയിലേക്കും തൽക്കാലം നയിച്ചത്.
 യുദ്ധത്തടവുകാരനായി പാക്കിസ്താൻ പിടികൂടിയ വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ ജനീവ കൺവെൻഷന്റെ ഭാഗമായി പാക്കിസ്താൻ വിട്ടയക്കേണ്ടി വന്നതാണ് എന്ന വിശദീകരണവും പൊള്ളയാണ്. 1949 ഡിസംബറിലെ മൂന്നാം ജനീവ കൺവൻഷൻ പാക്കിസ്താൻ അനുസരിച്ചിരുന്നെങ്കിൽ 1971നു ശേഷം ചുരുങ്ങിയത് അവരുടെ പിടിയിലായ 54 ഇന്ത്യൻ സൈനികർ അവിടത്തെ ജയിലുകളിൽ ഇന്നും നരകിക്കുമായിരുന്നില്ല.  
സൈനികമായി ഇന്ത്യയെയും പാക്കിസ്താനെയും ഒപ്പം നിർത്താൻ ശ്രമിക്കുന്ന അമേരിക്കയ്ക്കും അമേരിക്കയുടെ സൈനിക സഹായത്തിലും ഐ.എം.എഫിന്റെ ധനസഹായത്തിലും മാത്രം നിലനിൽപ്പുള്ള പാക്കിസ്താന്റെ സിവിലിയൻ പ്രധാനമന്ത്രിക്കും  ഉടൻ ഒരു തെരഞ്ഞെടുപ്പിലൂടെ അധികാരം ഉറപ്പിക്കേണ്ട പ്രധാനമന്ത്രി മോഡിക്കും ഈ സൈനിക സംഘർഷങ്ങൾ നിലനിർത്തേണ്ട സ്വകാര്യ അജണ്ടകൾ ഉണ്ട്.  സമാധാന ചർച്ചകളിലേക്കും ഭീകരഭീഷണി അവസാനിപ്പിക്കുന്നതിലേക്കും കേന്ദ്രീകരിക്കുന്നതിനു പകരം ഈ രഹസ്യ അജണ്ടകൾ തുടരേണ്ടത് ഇവർ മൂന്നുപേർക്കും നിർണ്ണായക താല്പര്യമുള്ള ഈ വിഷയത്തിൽ ഓരോരുത്തരുടെയും ആവശ്യമാണ്. അതുകൊണ്ട് ഇടവേളയ്ക്കുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വീണ്ടും ഏറ്റുമുട്ടലിലേക്ക്  വ്യാപിക്കില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിർത്തി സംസ്ഥാനങ്ങളിൽ വിശേഷിച്ച്, ജമ്മു-കശ്മീരിൽ യുദ്ധാന്തരീക്ഷവും അതിന്റെ തുടർവെടിവെപ്പുകളും നാശനഷ്ടങ്ങളും മരണവും ദുരന്തവുമായി വ്യാപിക്കുകയാണെങ്കിലും.
1971ൽ രാഷ്ട്രീയമായും സൈനികമായും ഭൂമിശാസ്ത്രപരമായും ദുർബലപ്പെട്ട പാക്കിസ്താൻ സാധാരണ ഗതിയിൽ ഇന്ത്യയ്ക്കു മുമ്പിൽ ഒരു സൈനിക ഭീഷണിയേയല്ല. പാക്കിസ്താന് പല്ലും നഖവും അന്താരാഷ്ട്ര പിൻബലവും നൽകിയത് യു.എസ് ആണ്.  സോവിയറ്റ് അധിനിവേശത്തിലായിരുന്ന അഫ്ഗാനിസ്താനും ചൈനയ്ക്കും എതിരെ തരാതരം  ഉപയോഗിക്കാൻ.  യു.എസിന്റെ തെറ്റായ അഫ്ഗാൻ നയമാണ് താലിബാന്റെയും ഭീകരപ്രസ്ഥാനങ്ങളുടെയും രഹസ്യ താവളവും സംരക്ഷണ കേന്ദ്രവുമായി പാക്കിസ്താനെ മാറ്റിയതും. 
പാക്കിസ്താന്റെ ആണവ പരീക്ഷണങ്ങളുടെ പേരിൽ എഫ് -16 വിമാനങ്ങൾ തടഞ്ഞുവെച്ച അമേരിക്ക 'സമാധാനത്തിന്റെ വാതിൽ പരിപാടി' എന്ന ഓമനപ്പേരിലാണ് വീണ്ടും പാക്കിസ്താന് എഫ്-16 വിമാനങ്ങൾ ഉദാരമായി നൽകിയത്. വിദേശ സൈനിക ധനസഹായ (എഫ്.എം.എഫ്) പരിപാടിയുടെ അടിസ്ഥാനത്തിലും ഇഡിഎ  കൈമാറ്റ വ്യവസ്ഥയിലും.  ഇന്ത്യയ്‌ക്കെതിരായ അപ്രഖ്യാപിത ഒളിയുദ്ധത്തിന് പാക് സേനയുടെ ചോറ്റുപട്ടാളമാണ് പാക്കിസ്താനിലെ ഭീകരസംഘടനകൾ. 
പാക്കിസ്താൻ സൈന്യവും സർക്കാറും അവരെ പിന്തുണയ്ക്കുന്ന ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാഷ്ട്രങ്ങളും വിചാരിച്ചാൽ പാക്കിസ്താന്റെ ഭീകര താവളങ്ങൾ ഇല്ലാതാക്കാനാകും.  അതിന് സത്യസന്ധമായ ഒരു രാഷ്ട്രീയ അജണ്ട ഉണ്ടാകണമെന്നുമാത്രം.   പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള ബന്ധവും പാക്കിസ്താനും യു.എസും തമ്മിലുള്ള ബന്ധവും ഇതിലെ വൈരുദ്ധ്യങ്ങളും അത്തരമൊരു നീക്കത്തിന്റെ സാധ്യതയും തടയുന്നു.  ലോകസമാധാനം കാംഷിക്കുന്ന അമേരിക്കയിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾപോലും പ്രസിഡന്റ്  ട്രംപിൽനിന്ന് അത് പ്രതീക്ഷിക്കുന്നില്ല. 
നമ്മുടെ അതിർത്തി കാക്കുന്ന സേനകളോടുള്ള കൂറും വിശ്വാസവും സത്യസന്ധമായി എല്ലാ ദേശസ്‌നേഹികളും പ്രകടിപ്പിക്കേണ്ട അടിയന്തര ഘട്ടമാണിത്. രാജ്യം സംരക്ഷിക്കാനുള്ള അവരുടെ തയാറെടുപ്പും തീരുമാനങ്ങളും കലവറയില്ലാതെ പിന്താങ്ങേണ്ട സമയം. എന്നാൽ അത് തകർക്കുന്ന നിലപാടാണ്  പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽനിന്നും ബി.ജെ.പിയിൽനിന്നും ഇത്തരമൊരു ഘട്ടത്തിൽപോലും ഉണ്ടാകുന്നത്. 
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി  പ്രതിപക്ഷത്തെ പാക്കിസ്താനോട് താദാത്മ്യപ്പെടുത്തുന്നു. തന്നെ സൈന്യത്തോടും:   'പ്രതിപക്ഷത്തിന് എന്നെ വെറുപ്പാണ്. എന്നെ വെറുക്കുന്നതുകൊണ്ട് അവർ സൈന്യത്തെയും വെറുക്കുന്നു.  പ്രതിപക്ഷം ആ നിലപാടിലൂടെ പാക്കിസ്താനെ സഹായിക്കുകയാണ്'  പ്രധാനമന്ത്രിപദത്തിലിരുന്ന് അങ്ങനെ വിളിച്ചുകൂവുന്നത് അവിശ്വസനീയമായ ഒരു കാഴ്ചയാണ്.  
ഭരണപക്ഷവും പ്രതിപക്ഷവും ചേരുമ്പോഴേ ജനാധിപത്യം പൂർണ്ണമാകൂ.  പ്രധാനമന്ത്രിയുടെയും സർക്കാറിന്റെയും നയങ്ങളെയാണ് വിമർശിക്കുന്നത്. രാജ്യമാകെ വൈകാരിക അവസ്ഥയിൽ നിൽക്കുന്ന ഈ സന്ദർഭത്തിൽ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ദേശഭക്തി പ്രധാനമന്ത്രിയുടെയോ ഭരണകക്ഷിയുടെയോ കുത്തകയല്ല.  ഭരിക്കുന്ന പാർട്ടിക്കുവേണ്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ കുറുക്കുവഴിയായി  ഈ യുദ്ധപരിതഃസ്ഥിതിയെ  ഉപയോഗപ്പെടുത്തുന്നത് അതിർത്തിയിലെ സംഘർഷം സൃഷ്ടിക്കുന്ന ആപത്തുപോലെതന്നെ അപകടകരമാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങളെയാകെ കാണേണ്ട ഈ സന്ദർഭത്തിൽ പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ദേശതാല്പര്യം ദുർബലപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്. ഇത് എവിടേക്കു നയിക്കും- ആശങ്കപ്പെടാതെ വയ്യ.
മാർച്ച് 4ന് ജമ്മു-കശ്മീർ സന്ദർശിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷൻ ഈ സംഘർഷങ്ങളുടെ പേരിൽ റദ്ദാക്കി. സ്വാഭാവികം.  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തീയതി നീണ്ടുപോകും എന്നതിന്റെ സൂചനയാണത്. ഇന്ത്യയെ നാം ഒന്നിപ്പിച്ചു നിർത്തിയത് സൈനിക ശക്തികൊണ്ടല്ല. തുടർച്ചയായ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. ജമ്മു-കശ്മീരിലായാലും കേന്ദ്രഭരണത്തിലായാലും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകൾ അവശ്യം ഉണ്ടായേ പറ്റൂ. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ വാക്കും പ്രവൃത്തിയും നിരീക്ഷിച്ചുപോന്ന ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിരുന്നു.  ഭീകരാക്രമണവും അതിർത്തിയിലെ  സംഘർഷങ്ങളും തെരഞ്ഞെടുപ്പുകളെതന്നെ   ബാധിക്കാവുന്ന സ്ഥിതി സൃഷ്ടിച്ചേക്കുമെന്ന്. 
അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണോ? നമ്മുടെ ധീരസൈനികർ നടത്തുന്ന ത്യാഗപൂർവ്വമായ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പു നേട്ടത്തിനായി പ്രധാനമന്ത്രിയും ഭരണകക്ഷിയും ഉപയോഗപ്പെടുത്തിക്കൂടാ. അത് ദേശതാല്പര്യത്തിനും നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിനും നിരക്കാത്തതാണ്. 
ഈ അപകടത്തെപ്പറ്റി  ജനങ്ങളാകെ ജാഗ്രത കാണിക്കേണ്ട സമയംകൂടിയാണിത്. ആത്യന്തികമായി ജനങ്ങളാണ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാവൽക്കാരെന്ന് ഓർമ്മിപ്പിക്കേണ്ട ചരിത്ര മുഹൂർത്തം. 
 

Latest News