Sorry, you need to enable JavaScript to visit this website.

ഇന്ത്യയേയും പാക്കിസ്ഥാനേയും ആണവ ശക്തികളായി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ചൈന

ബെയ്ജിങ്- ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണെന്ന് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ചൈന വ്യക്തമാക്കി. ഉത്തര കൊറിയയെ ആണവ രാജ്യമായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് ഇക്കാര്യം വ്യക്തമാക്കിയത്. ഹനോയില്‍ നടന്ന യുഎസ്-ഉത്തര കൊറിയ ചര്‍ച്ച പരാജയപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹനോയില്‍ നടന്ന ഉച്ചകോടിയില്‍ തങ്ങളുടെ രണ്ട് ആണവ നിലയങ്ങള്‍ ഉപേക്ഷിക്കാന്‍ ഉത്തര കൊറിയ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ട്രംപ്-കിം ചര്‍ച്ച പരാജയപ്പെട്ടത്. 

ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പു വച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 48-അംഗ ആണവ രാജ്യങ്ങളുടെ കൂട്ടായ്മയായ ആണവ വിതരണ ഗ്രൂപ്പിലേക്ക് ഇന്ത്യയുടെ പ്രവേശനത്തെ ചൈന എതിര്‍ക്കുന്നത്. ആണവ വിതരണ ഗ്രൂപ്പിലേക്ക് പ്രവേശനം തേടി ഇന്ത്യ അപേക്ഷിച്ചതിനു പിന്നാലെ പാക്കിസ്ഥാനും അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഗ്രൂപ്പില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിനു മുമ്പ് അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാക്കണമെന്നും ശേഷം ചര്‍ച്ചകള്‍ മതിയെന്നും ചൈന നിലപാടെടുത്തത്.
 

Latest News