പൂഞ്ചില്‍ പാക് ഷെല്ലാക്രമണം; പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജമ്മു- ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖാ പ്രദേശത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 24-കാരി റുബാന കൗസര്‍, അഞ്ചു വസ്സുകാരന്‍ മകന്‍ ഫസാന്‍, ഒമ്പതു മാസം പ്രായമുള്ള മകള്‍ ശബ്‌നം എന്നിവരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റുബാനയുടെ ഭര്‍ത്താവ് മുഹമ്മദ് യൂനുസിന് പരിക്കേറ്റു. മേഖലയില്‍ നിരവധി വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. മോര്‍ട്ടാര്‍ ബോംബുകളും ഹോവിറ്റസര്‍ വെടിക്കോപ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സേന പറഞ്ഞു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ചിലെ മാന്‍കോട്ടെ പ്രദേശത്ത് നസീം അഖ്തര്‍ എന്ന മറ്റൊരു സ്ത്രീക്കും പാക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

പൂഞ്ച് ജില്ലയിലെ സല്‍തോറി, മാന്‍കോട്ട്, കൃഷ്ണഘാട്ടി, ബാലാകോട്ട പ്രദേശങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രജൗറി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖാ പ്രദേശത്ത് ഷെല്ലാക്രമണം തുടരുന്നത്. വ്യാഴാഴ്ച ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


 

Latest News