Sorry, you need to enable JavaScript to visit this website.

ഭീകര കേന്ദ്രം 'തകര്‍ത്ത' വ്യോമാക്രമണത്തിന് തെളിവ് ചോദിച്ച് പാര്‍ലമെന്റ് സമിതിയും

ന്യുദല്‍ഹി- ഫെബ്രുവരി 26-നു ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാനെ ആക്രമിക്കാനായിരുന്നില്ലെന്നും ഭീകര കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നെന്നും അന്താരാഷ്ട്ര സമൂഹത്തോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരുമെന്ന് വിദേശകാര്യം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകരം തകര്‍ത്ത വ്യോമാക്രമണത്തിന് എന്തു കൊണ്ട് സര്‍ക്കാര്‍ തെളിവുകള്‍ നല്‍കുന്നില്ലെന്ന് സമിതി ചോദിച്ചു. ഇന്ത്യന്‍ വ്യോമ സേന എങ്ങനെയാണ് ഭീകരരെ തുടച്ചു നീക്കിയതെന്നും സമിതി വെള്ളിയാഴ്ച ചോദിച്ചു. 

ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയ്ക്കിടെ വ്യോമ സേനയും സര്‍ക്കാരും കൈകൊണ്ട നിലപാടുകളെ സമിതി ശ്ലാഘിച്ചു. എന്നാല്‍ വ്യോമാക്രണത്തിന്റെ ചിത്രങ്ങളും മറ്റു തെളിവുകളും എന്തുകൊണ്ട് പുറത്തു വിടുന്നില്ലെന്നാണ് സമിതി അംഗങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. പാക്കിസ്ഥാനിലെ ജയ്ഷ് ക്യാമ്പ് തകര്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് വിശദീകരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയോട് സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വ്യോമാക്രമണം നടന്ന ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സമിതി യോഗത്തിലും വിജയ് ഗോഖലെ ആവര്‍ത്തിച്ചതെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഭീകരരെ തുടച്ചു നീക്കിയെന്ന ഇന്ത്യയുടെ വാദത്തെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ വിദേശകാര്യ സെക്രട്ടരിക്ക് വിശദമായ മറുപടി നല്‍കാനായില്ല. ഈ വിഷയം വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിനായിരിക്കും കഴിയുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങല്‍ പകര്‍ത്തിയ ആക്രമണ ചിത്രങ്ങള്‍ എന്തു കൊണ്ടു പുറത്തുവിടുന്നില്ലെന്നും സമിതി ചോദിച്ചു. ഇതു തന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ഗോഖലെ മറുപടി നല്‍കി.
 

Latest News