Sorry, you need to enable JavaScript to visit this website.

അനഘ കൊലക്കേസിൽ പ്രതിക്ക്  അഞ്ച് വർഷം തടവും 25,000 രൂപ പിഴയും

പുൽപള്ളി- കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയിൽ ദാസന്റെ മകൾ അനഘ ദാസിനെ(17) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപള്ളി മാരപ്പൻമൂല പുലിക്കപ്പറമ്പിൽ അബ്ദുറഹ്മാനെയാണ് (25) കർണാടക ചാമരാജ് നഗർ സെഷൻസ് കോടതി ശിക്ഷിച്ചത്. 2014 ഫെബ്രുവരി 14 നാണ് കേസിനു ആസ്പദമായ സംഭവം. ഗുണ്ടൽപേട്ട മഥൂരിനടുത്തെ ബേരമ്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റൈൻ ദിനവും ആഘോഷിക്കാനെന്ന വ്യാജേനെ അബ്ദുറഹ്മാൻ അനഘയെ ബൈക്കിൽ കൂട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. 
സംഭവ ദിവസം രാവിലെ 11 ഓടെയാണ് വിദ്യാർഥിനിയുമായി അബ്ദുറഹ്മാൻ കക്കൽതൊണ്ടിയിലെത്തിയത്. തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസിൽ നൽകിയ മൊഴി. എന്നാൽ കുളിക്കാനുപയോഗിക്കാത്ത ചെളി നിറഞ്ഞ തടാകത്തിൽ മൃതദേഹം കണ്ടെത്തിയതിൽ പരിസരവാസികൾ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പീഡനശ്രമം എതിർത്ത അനഘയെ അബ്ദുറഹ്ാൻ കൊലപ്പെടുത്തി മൃതദേഹം തടാകത്തിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ജഡം തടാകത്തിൽ തള്ളിയ ശേഷം അബ്ദുറഹ്മാൻ സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരെ വിളിച്ചു കൂട്ടിയിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്നു പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം അബ്ദുറഹ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
വിവാഹവീട്ടിൽ വച്ചു പരിചയപ്പെട്ട അനഘയെ നിരന്തരം ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ചാണ് അബ്ദുറഹ്മാൻ വലയിലാക്കിയത്. 

 

Latest News