Sorry, you need to enable JavaScript to visit this website.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ലീഗിന് വെല്ലുവിളിയാകും

മലപ്പുറം - ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞുടുപ്പു കൂടി വന്നാൽ മുസ്‌ലിം ലീഗിന് കടുത്ത വെല്ലുവിളിയാകും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് മഞ്ചേശ്വരത്ത് ജയിച്ചുകയറിയ ലീഗിന് ഇത്തവണ സീറ്റ് നിലനിർത്താൻ ഏറെ വിയർക്കേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ കടുത്ത മൽസരത്തിന് സാധ്യത തെളിഞ്ഞു നിൽക്കെ നിയമസഭാ ഉപതെരഞ്ഞെടുപ്പു കൂടി നേരിടേണ്ടി വരുന്നത് പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.
ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറാൻ പോലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുസ്‌ലിം ലീഗിനെ നിർബന്ധിതരാക്കിയേക്കും.
മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് എം.എൽ. എ.യായിരുന്ന പി.ബി.അബ്ദുൾറസാഖ് നിര്യാതനായതിനെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പു വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് അബ്ദുൾ റസാഖ് വിജയിച്ചത് വെറും 89 വോട്ടുകൾക്കായിരുന്നു. ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പിയിലെ കെ.സുരേന്ദ്രനായിരുന്നു. ഇത്തവണ ബി.ജെ.പി. മഞ്ചേശ്വരത്ത് വിജയിക്കുന്നത് തടയുകയെന്ന വലിയ വെല്ലുവിളിയാണ് മുസ്‌ലിം ലീഗിന് മുന്നിലുള്ളത്. കഴിഞ്ഞ തവണത്തെ അബ്ദുൾ റസാഖിന്റെ വിജയത്തിനെതിരെ കെ.സുരേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തീർപ്പാക്കുന്നതിന് മുമ്പാണ് കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾറസാഖ് നിര്യാതനായത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പു ഫലത്തിനെതിരെ കെ.സുരേന്ദ്രൻ കോടതിയിൽ നൽകിയിരുന്ന പരാതി നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. എന്നാൽ പരാതി കെ.സുരേന്ദ്രൻ പിൻവലിച്ചതോടെയാണ് മഞ്ചേശ്വരത്ത് പെട്ടെന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.സുരേന്ദ്രന്റെ തീരുമാനം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംഘടനാ സംവിധാനങ്ങളെ ഉപയോഗിക്കുന്നതിനിടയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത മൽസരം നേരിടേണ്ടി വരുന്നത് മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കും. മഞ്ചേശ്വരത്ത് മൽസരിക്കില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി.ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ സുരേന്ദ്രന് മൽസരിക്കേണ്ടി വരും. 
 കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സുരേന്ദ്രൻ ആവർത്തിച്ചാൽ മഞ്ചേശ്വരം ബി.ജെ.പി പിടിച്ചടക്കും. ബി.ജെ.പിക്ക് മുന്നിൽ തോൽക്കേണ്ടി വരുന്നത് മുസ്‌ലിം ലീഗിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ഇടതുപക്ഷം മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു. അബ്ദുൾ റസാഖിന്  56870 വോട്ടുകളും കെ.സുരേന്ദ്രന് 56781 വോട്ടുകളും ലഭിച്ചപ്പോൾ ഇടതുസ്ഥാനാർഥിയായി മൽസരിച്ച സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിന് ലഭിച്ചത് 42565 വോട്ടുകളായിരുന്നു. ബി.ജെ.പി. ഇത്തവണ കടുത്ത മൽസരത്തിന് തയ്യാറായാൽ ഇത്തവണയും പ്രധാന പോരാട്ടം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാകും. 
സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് മുസ്‌ലിംലീഗിന് അഭിമാന പ്രശ്‌നവുമാണ്. 
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പു കൂടി പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നടക്കുകയാണെങ്കിൽ മൂന്നാം സീറ്റെന്ന വാദത്തിൽ ഉറച്ചു നിൽക്കേണ്ടതില്ലെന്ന അഭിപ്രായം മുസ്‌ലിം ലീഗ് നേതാക്കൾക്കിടയിലുണ്ട്. ഒരു സീറ്റുകൂടി ചോദിച്ചു വാങ്ങിയാൽ മഞ്ചേശ്വരം ഉൾപ്പടെ നാലു സീറ്റുകളിൽ പ്രചാരണത്തിന് ഇറങ്ങേണ്ടി വരും. യു.ഡി.എഫിന്റെ പ്രവർത്തകർ ഒപ്പമുണ്ടെങ്കിലും ലഭിച്ച സീറ്റുകളിൽ വിജയിക്കേണ്ടത് മുസ്‌ലിം ലീഗിന് ആവശ്യമാണ്. കൂടുതൽ സ്ഥലങ്ങളിൽ പ്രചാരണം നടത്താൻ കഴിയാതെ തന്ത്രങ്ങൾ പാളിപ്പോയാൽ നേട്ടങ്ങളേക്കാളേറെ നഷ്ടങ്ങളാണുണ്ടാകുകയെന്ന അഭിപ്രായം ലീഗിൽ ഉയരുന്നുണ്ട്. 

 

Latest News