മലപ്പുറം- തെരഞ്ഞെടുപ്പു പ്രഖ്യാപനം അടുത്തുവരുന്നതിനിടെ മുന്നണികളുടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക യാത്രകൾ അവസാനിക്കാറായതോടെ മുന്നണികൾ വരുംനാളുകളിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകളിലേക്ക് വേഗത്തിൽ നടക്കും. ഇടതുമുന്നണി രണ്ടു മേഖലകളിലായി നടത്തുന്ന കേരള സംരക്ഷണ യാത്ര മാർച്ച രണ്ടിന് തൃശൂരിൽ സമാപിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തുന്ന വടക്കൻ മേഖലാ ജാഥയും തൃശൂരിൽ സംഗമിച്ചാണ് സമാപിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജനമഹാ യാത്ര കഴിഞ്ഞ ദിവസം തിരുവവന്തപുരത്ത് സമാപിച്ചിരുന്നു. ഇരുമുന്നണികളിലെയും പ്രധാന നേതാക്കൾ യാത്രകളിലായിരുന്നതിനാൽ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും നീണ്ടു പോകുകയായിരുന്നു.
യു.ഡി.എഫ് രണ്ടു വട്ടം ഇതിനകം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നെങ്കിലും സീറ്റ് വിഭജനമുൾപ്പടെയുള്ള പ്രാഥമിക കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. ഇടതുമുന്നണിയുടെ ഒരു യോഗം നടന്നെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമതീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ നേതൃത്വത്തിന്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഇരുമുന്നണികളും യോഗം ചേരും. അതിന് മുമ്പ് പാർട്ടികൾ സ്വന്തം നിലയിൽ സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.
വടക്കൻ കേരളത്തിൽ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളാരാകണമെന്നതിനെ കുറിച്ച് ഇടതുമുന്നണിയും യു.ഡി.എഫും ഏകദേശധാരണകളുണ്ടാക്കിയിട്ടുണ്ട്.കാസർകോട് മണ്ഡലത്തിൽ ഇടതുമുന്നണി രണ്ടു പേരെയാണ് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സി.പി.എം.നേതാക്കളായ സതീഷ് ചന്ദ്രനും എം.വി.ഗോവിന്ദനും.
സിറ്റിംഗ് എം.പിയായ പി.കരുണാകരൻ വീണ്ടും മൽസരിക്കില്ല. സി.പി.എം.സെക്രട്ടറിയേറ്റ് അംഗമായ എം.വി ഗോവിന്ദനെ സ്ഥാനാർഥിയാക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നതെന്നറിയുന്നു. കണ്ണൂരിൽ സിറ്റിംഗ് എം.പി.യായ പി.കെ.ശ്രീമതി തന്നെ വീണ്ടും മൽസരിച്ചേക്കും. യു.ഡി. എഫ് സ്ഥാനാർഥികളായ കോൺഗ്രസ് നേതാവ് കെ.സുധാകരൻ, സതീശൻ പാച്ചേനി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇതിൽ ഒഴിവാക്കപ്പെടുന്നയാൾ കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. വയനാട്ടിൽ സി.പി.എം സ്ഥാനാർഥിയായി പി.പി. സുനീർ എത്തുമെന്നാണറിയുന്നത്.
കോഴിക്കോട് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് കൂടുതൽ ആലോചിക്കേണ്ടി വരും. പ്രമുഖരായ സ്ഥാനാർഥികളെ മൽസരിപ്പിച്ചാൽ മാത്രമേ കോഴിക്കോട് വിജയിക്കാൻ കഴിയു എന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അതേസമയം വിജയസാധ്യതയില്ലാത്തതിനാൽ കോഴിക്കോട് മൽസരിക്കാൻ സി.പി.എമ്മിലെ പ്രമുഖരാരും മുന്നോട്ടു വരുന്നില്ലെന്നാണറിയുന്നത്. അടുത്ത കാലത്ത് ഇടതുമുന്നണിയിലെത്തിയ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന് കോഴിക്കോട് സീറ്റ് നൽകുന്നതിനെ കുറിച്ചും മുന്നണിയിൽ ആലോചന നടക്കുന്നുണ്ട്.
ജനതാദളിന് സീറ്റ് നൽകിയാൽ എം.വി ശ്രേയാംസ് കുമാറോ ഷെയ്ക് പി. ഹാരിസോ സ്ഥാനാർഥിയായേക്കും.അതേസമയം, കോഴിക്കോട്ടെ സിറ്റിംഗ് എം.എൽ.എ ടി. പ്രദീപ്കുമാർ, മുഹമ്മദ് റിയാസ് എന്നിവരിലൊരാളെ മൽസരിപ്പിക്കുന്നതിനെ കുറിച്ചും സി.പി.എം ആലോചിക്കുന്നുണ്ട്. കോഴിക്കോട് മണ്ഡലത്തിൽ സി.പി.എം.മൽസരിക്കുന്നില്ലെങ്കിൽ വടകരയിൽ മുൻ എം.പി. അഡ്വ. സതീദേവിയെയോ മുഹമ്മദ് റിയാസിനെയോ സി.പി.എം സ്ഥാനാർഥിയാക്കിയേക്കും. കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഇത്തവണ എം.കെ.രാഘവൻ തുടരുന്നില്ലെങ്കിൽ കെ.മുരളീധരൻ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്.മലപ്പുറം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ എത്തുമെന്നാണറിയുന്നത്.
ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്. മലപ്പുറത്ത് ഇടതുസ്ഥാനാർഥിയായി സി.പി.എമ്മിലെ ടി.കെ.റഷീദലി, എം.ബി.ഫൈസൽ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. പൊന്നായിൽ ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീർ തന്നെ മൽസരിക്കണമെന്നാണ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ ആവശ്യം. ഇടതുമുന്നണിക്ക് വേണ്ടി സ്വതന്ത്രസ്ഥാനാർഥിയായി നിയാസ് പുളിക്കലകത്താണ് പ്രഥമ പരിഗണനയിലുള്ളത്.






