റിയാദ് - ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെയും ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെയും ഫലമായി കഴിഞ്ഞ വർഷം (1439) രാജ്യത്തുണ്ടായ വാഹനാപകടങ്ങളിൽ 460 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി നാഷണൽ റോഡ് സെക്യൂരിറ്റി സെന്റർ കണക്ക്. ആഴ്ചയിൽ ശരാശരി പത്തു പേർ വീതം ഇത്തരം അപകടങ്ങളിൽ മരണപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം സൗദിയിൽ ആകെ 1,61,702 വാഹനാപകടങ്ങളുണ്ടായി. കഴിഞ്ഞ കൊല്ലം പ്രതിദിനം ശരാശരി 456 വാഹനാപകടങ്ങൾ വീതം രാജ്യത്തുണ്ടായി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെയും അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ദേശീയ പ്രചാരണ കാമ്പയിന് ദേശീയ ഗതാഗത സുരക്ഷാ ബോധവൽക്കരണ കമ്മിറ്റി ഇന്നലെ തുടക്കം കുറിച്ചു. ശഅ്ബാൻ മാസം അവസാനം വരെ കാമ്പയിൻ തുടരും.
ഏതാനും സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കാമ്പയിനിലൂടെ, മൊബൈൽ ഫോൺ ഉപയോഗിച്ചും മറ്റും ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയുന്നതിന്റെ അപകടങ്ങളെ കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനും ബേബി സീറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഉണർത്തുന്നതിനും മൊബൈൽ ഫോൺ ഉപയോഗിച്ചും മറ്റും ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുമായി ബന്ധപ്പെട്ട കണക്കുകൾ പ്രചരിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.