Sorry, you need to enable JavaScript to visit this website.

അനധികൃത അത്തർ  ഫാക്ടറി അടപ്പിച്ചു

റിയാദ് - തലസ്ഥാന നഗരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത അത്തർ ഫാക്ടറി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടപ്പിച്ചു. 
അതോറിറ്റിയിൽ നിന്നുള്ള ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്‌പ്രേ ഫാക്ടറിയാണ് അടപ്പിച്ചത്. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ബ്രാന്റ്‌നെയിമിൽ പെട്ട 2,731 പേക്കറ്റ് സ്‌പ്രേകളും അത്തർ നിർമാണത്തിന് ഉപയോഗിക്കുന്ന, കാലാവധി തീർന്ന 48 കിലോ അസംസ്‌കൃത വസ്തുക്കളും ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 
മറ്റൊരു സംഭവത്തിൽ, അൽഹസയിലെ കൃഷിയിടം റെയ്ഡ് ചെയ്ത് 11 ടൺ പുകയില ഉൽപന്നങ്ങൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്തു. ഹുക്കയിൽ ഉപയോഗിക്കുന്ന പുകലിയ ഉൽപന്നങ്ങളുടെ വൻ ശേഖരം പോലീസുമായും അൽഹസ നഗരസഭയുമായും സഹകരിച്ചാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം പിടിച്ചെടുത്തത്. 
അൽഹസയിലെ കൃഷിയിടം കേന്ദ്രീകരിച്ച് വിദേശികൾ സംശയകരമായ ബിസിനസുകൾ നടത്തുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. അനധികൃത തൊഴിലാളികൾ കൃഷിയിടത്തിലെ ഷെഡ് കേന്ദ്രീകരിച്ച് ഹുക്ക പുകയില നിർമിച്ച് പ്രശസ്തമായ ട്രേഡ്മാർക്കുകൾ രേഖപ്പെടുത്തിയ പേക്കറ്റുകളിൽ നിറച്ച് മൊത്ത വിതരണം നടത്തുകയായിരുന്നെന്ന് റെയ്ഡിനിടെ വ്യക്തമായി. 
ഹുക്ക പുകയില നിർമിക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വൻ ശേഖരം ഷെഡിൽ കണ്ടെത്തി. പുകയില നിർമാണ കേന്ദ്രം നടത്തിയിരുന്ന വിദേശ തൊഴിലാളികളെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പോലീസിന് കൈമാറി. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് കൃഷിയിടത്തിന്റെ ഉടമയെ വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുമുണ്ട്.

 

Latest News