Sorry, you need to enable JavaScript to visit this website.

കശ്മീർ പ്രശ്‌ന പരിഹാരത്തിന് സമാധാനത്തിന്റെ വഴി  

കശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാതെ ഈ അശാന്തി അവസാനിക്കുകയില്ല. പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടതുപോലെ, ഇന്ത്യയും പാക്കിസ്ഥാനും മാത്രമായുള്ള പ്രശ്‌നമല്ല കശ്മീരിന്റേത്. അത് കശ്മീരികളുടെ കൂടി പ്രശ്‌നമാണ്. അതിനാൽ കശ്മീരികളുടെ ഹൃദയ വികാരങ്ങൾ കൂടി കണക്കിലെടുക്കണം. അവരുടെ വിശ്വാസവും സ്‌നേഹവും നേടിയെടുക്കുകയെന്നതാണ് പ്രധാനം.


ഫെബ്രുവരി 15 ന് ലെഫ്.ജനറൽ (റിട്ട.) സുബ്രത സാഹ ഒരു ലേഖനത്തിൽ ഇങ്ങനെ ചൂണ്ടിക്കാട്ടി: പുൽവാമ ആക്രമണത്തിന് മറുപടി നൽകുമ്പോൾ നാം പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. സൈന്യത്തിന്റെ ധാർമിക വീര്യം, രാജ്യത്തിന്റെ വികാരം, സംഘർഷം അധികരിക്കാനുള്ള സാധ്യത, ജീവാപായ സാധ്യത ഇങ്ങനെ അനേകം കാര്യങ്ങൾ. ബാലാകോട്ടിലെ ഭീകരാക്രമണ ക്യാമ്പുകൾ ആക്രമിക്കുമ്പോൾ തീർച്ചയായും നാം ഇത്തരം കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ടാകണം. ഇന്ത്യയുടേത് ഒരു നോൺ-മിലിട്ടറി ആക്രമണമാണെന്ന് അന്നു തന്നെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കുകയും ചെയ്തു.
എന്താണ് നോൺ മിലിട്ടറി ആക്രമണം എന്നത് മനസ്സിലാകുന്നില്ലെന്ന് വിദേശകാര്യ വിദഗ്ധർ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. തികച്ചും പുതിയ ഒരു പ്രയോഗം എന്നാണ് മുൻ അംബാസഡറും വിദേശകാര്യ വിദഗ്ധനുമായ ടി.പി ശ്രീനിവാസൻ പറഞ്ഞത്. സൈന്യം പങ്കെടുത്ത ഒരു ആക്രമണത്തെ നോൺ-മിലിട്ടറി എന്ന് വിളിക്കുന്നതിൽ സാംഗത്യമില്ലല്ലോ. എന്നാൽ സാഹചര്യങ്ങൾ വിശകലനം ചെയ്ത് നമുക്കെത്താവുന്ന നിഗമനം ഇതാണ്: ഇന്ത്യ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളേയോ, ഒരു യുദ്ധത്തിലെന്ന പോലെ സിവിലിയൻ കേന്ദ്രങ്ങളേയോ അല്ല. മറിച്ച് ഭീകര പരിശീലന കേന്ദ്രങ്ങളാണെന്ന് കണ്ടെത്തുകയും ഇന്ത്യക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുകയും ചെയ്യുന്ന ജെയ്‌ശെ മുഹമ്മദ് താവളങ്ങൾക്കെതിരെ മാത്രമാണ്. അതായത് ഇന്ത്യയുടേത് ഒരു യുദ്ധമല്ലെന്നും സൈന്യത്തെ ഉപയോഗിച്ചുള്ള ഒരു ഭീകര വിരുദ്ധ ആക്രമണമാണെന്നും സാരം.
പക്ഷേ പാക്കിസ്ഥാൻ അതിനെ കണ്ടത് അങ്ങനെയല്ല. അതിർത്തി ലംഘിച്ചുള്ള ഇന്ത്യൻ വ്യോമസേനയുടെ ആക്രമണമായാണ് അവർ അതിനെ കണ്ടത്. ഉസാമ ബിൻ ലാദിനെ ആക്രമിക്കാൻ യു.എസ് സൈന്യം അബോട്ടാബാദിലെത്തിയതിനോട് സമാനമാണ് ഇന്ത്യ നടത്തിയ ആക്രമണമെന്ന് വിശ്വസിക്കാനവർ തയാറായില്ല. ഫലം, ഇന്ത്യയുടെ അതിർത്തി കടന്ന് പാക് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയും അതിനെ പ്രതിരോധിച്ച ഇന്ത്യൻ വിമാനങ്ങളിലൊന്നിനെ വെടിവെച്ചിടുകയും ചെയ്തു. ഇന്ത്യയുടെ ഒരു യുദ്ധവിമാന പൈലറ്റ് പാക് പിടിയിലാകുക കൂടി ചെയ്തതോടെ സ്ഥിതി തികച്ചും വ്യത്യസ്തമായ മറ്റൊരു ദിശയിലേക്ക് നീങ്ങി.
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ നിലച്ചിട്ട് ഏറെക്കാലമായി. കശ്മീരിലെ ഭീകരവാദത്തിൽ തട്ടി എല്ലാക്കാലത്തും സമാധാന ചർച്ചകൾ പാതിവഴിയിൽ മുടങ്ങുകയാണ് പതിവ്. ഇന്ത്യ-പാക് സമാധാനം ആഗ്രഹിക്കാത്ത വലിയൊരു ശക്തി പാക്കിസ്ഥാന്റെ സൈന്യമാണ്. സമാധാന ചർച്ചകൾ മുന്നേറുമെന്ന് തോന്നുമ്പോഴെല്ലാം അതിർത്തിയിൽ രൂക്ഷമായ വെടിവെപ്പുണ്ടാകുകയോ എല്ലാം തകർത്തുകളയുന്ന ഭീകരാക്രമണമുണ്ടാകുകയോ ചെയ്യുന്നത് പതിവാണ്. അതോടെ സമാധാന ചർച്ചകൾക്ക് അന്ത്യമാകും. പാക്കിസ്ഥാന്റെ രാഷ്ട്രീയ നേതൃത്വം ഈ പ്രതികൂല സാഹചര്യം നേരിടാൻ അശക്തരാണ് എന്നതാണ് സത്യം. കാരണം, എല്ലാക്കാലത്തും പാക്കിസ്ഥാനിൽ ഗവൺമെന്റുകൾ അധികാരത്തിൽ വന്നിട്ടുള്ളത് സൈന്യത്തിന്റെ ഒത്താശയോടെയാണ്. സൈന്യത്തിന്റെ തീട്ടൂരങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീക്കാത്ത സർക്കാരുകൾക്ക് അവിടെ നിലനിൽപില്ല എന്നതാണ് വാസ്തവം. അത്രയധികം ദുർബലമാണ് പാക്കിസ്ഥാനിൽ ജനാധിപത്യം. ഈ സത്യം അറിയാത്തവരല്ല ഇന്ത്യയിലെ സർക്കാരുകളും സൈന്യവും.
പാക്കിസ്ഥാനുമായുളള ഇന്ത്യയുടെ ബന്ധങ്ങൾ നന്നാക്കാൻ ശ്രമിച്ച ഭരണാധികാരികളിൽ പ്രമുഖനാണ് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി. വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും വാജ്‌പേയി പാക്കിസ്ഥാനുമായി മികച്ച ബന്ധമുണ്ടാക്കാൻ പരിശ്രമിച്ചു. എന്നാൽ പാക് സൈന്യം എന്ന ഘടകം എപ്പോഴും സമാധാന ചർച്ചകളെ തുരങ്കം വെച്ചുകൊണ്ടിരുന്നു. വാജ്‌പേയിയുടെ പ്രസിദ്ധമായ ലാഹോർ ബസ് യാത്ര നടന്നുകൊണ്ടിരുന്നപ്പോഴാണ് കാർഗിലിലേക്ക് പാക് സൈനികർ നുഴഞ്ഞുകയറിയത് എന്നത് മറന്നുകൂടാ. അന്ന് സൈനിക മേധാവിയായിരുന്ന, പിന്നീട് പാക്കിസ്ഥാനിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പർവേസ് മുഷറഫായിരുന്നു കാർഗിൽ യുദ്ധത്തിന് വെടിമരുന്നിട്ടത്. പാക് പ്രധാനമന്ത്രിയായ നവാസ് ശരീഫ് പിന്നീട് പറഞ്ഞത്, ലാഹോറിൽ ബസിൽ വന്നിറങ്ങുന്ന വാജ്‌പേയിയെ സ്വീകരിക്കാൻ കാത്തുനിന്ന താൻ ഇതൊന്നുമറിഞ്ഞില്ല എന്നാണ്. എന്തായാലും വാജ്‌പേയിയുടെ ഉദ്യമങ്ങൾ അതോടെ അവസാനിച്ചു.
ഈ പാത പിന്തുടരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമങ്ങളും പാതിവഴിയിൽ നിലച്ചു. അധികാരമേറ്റയുടൻ, സത്യപ്രതിജ്ഞക്കായി നവാസ് ശരീഫിനെ ക്ഷണിച്ചും പിന്നീട് ഇസ്‌ലാമാബാദ് സന്ദർശിച്ചും മോഡിയും നല്ല സൂചനകൾ നൽകിയിരുന്നു. എന്നാൽ പാക്കിസ്ഥാനിലെ അരക്ഷിതാവസ്ഥയും അനിശ്ചിതവും അസ്ഥിരവുമായ രാഷ്ട്രീയ സ്ഥിതിയും എല്ലാം തകിടം മറിച്ചു. മോഡി സർക്കാരിന്റെ അവസാന കാലമായപ്പോഴേക്കും സ്ഥിതി അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലെത്തുകയും ചെയ്തു. പഠാൻകോട്ടിലെ ഇന്ത്യൻ സൈനികതാവളം ആക്രമിക്കപ്പെട്ടതോടെ ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾ പൂർണമായും നിലച്ചു. പിന്നീട് ഉറിയിലെ മിന്നലാക്രമണത്തോടെ നാം ഇതിന് മറുപടി നൽകി. പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരമേറ്റതോടെ സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുമെന്നായിരുന്നു ഇരുരാജ്യങ്ങളിലേയും സമാധാന പ്രേമികളുടെ പ്രതീക്ഷ. എന്നാൽ ഒട്ടും വൈകാതെ ഈ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഇന്ത്യയിലെ നിലവിലുള്ള സർക്കാരുമായി ചർച്ചകൾ അസാധ്യമാണെന്നും മേയിലെ തെരഞ്ഞെടുപ്പ് വരെ തങ്ങൾ കാത്തിരിക്കുകയാണെന്നും പുതുതായി അധികാരമേൽക്കുന്ന സർക്കാരുമായി സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഇമ്രാൻഖാൻ പറഞ്ഞത് ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികൾ മനസ്സിലാക്കിയാണ്.
ഇന്ത്യ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും ദേശീയതയേയും ദേശീയ വികാരങ്ങളേയും ഉയർത്തിക്കാട്ടി വോട്ടുതേടുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് അതിർത്തിയിലെ സമാധാനത്തെക്കുറിച്ച് വിട്ടുവീഴ്ചാമനോഭാവത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ സഹിഷ്ണുതാപരമായി കാര്യങ്ങൾ നോക്കിക്കാണുന്ന പുതിയൊരു അധികാരവൃന്ദം ദൽഹിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പരോക്ഷമായി പങ്കുവെക്കുകയുണ്ടായി. ഇന്ത്യയുമായി സമാധാനം പുലർത്താനുള്ള തന്റെ ആഗ്രഹം മറച്ചുവെക്കാതെയാണ് ബാലാകോട്ട് ആക്രമണത്തോടും ഇമ്രാൻ ഖാൻ പ്രതികരിച്ചത്. പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിച്ചപ്പോഴും ഒരു ഇന്ത്യൻ വൈമാനികനെ അവർ പിടിച്ചുവെച്ചപ്പോഴും അദ്ദേഹം സംസാരിച്ചത് സമാധാന സാധ്യതകളെപ്പറ്റിയാണ്. ഇതിന് പിന്നിൽ വലിയ അന്താരാഷ്ട്ര സമ്മർദം ഉണ്ടായേക്കുമെന്നത് ശരിയാണ്. സൗദിയും യു.എ.ഇയുമടക്കമുള്ള അറബ് രാജ്യങ്ങളും അമേരിക്ക അടക്കമുള്ള വൻശക്തികളും ഇരുരാജ്യങ്ങളിലും സമാധാനത്തിനായുള്ള ഇടപെടലുകൾ നടത്തിയതായ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും സദ്‌വാർത്ത കേൾക്കുമെന്ന പ്രതീക്ഷ അമേരിക്ക പ്രകടിപ്പിച്ചതും ഇത്തരം ഇടപെടലുകളുടെ സൂചനയാണ്. അബുദാബിയിൽ ഒ.ഐ.സി യോഗത്തിനിടെ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുമോ എന്നും നയതന്ത്ര വിദഗ്ധർ ഉറ്റുനോക്കുന്നു. പിടിയിലായ ഇന്ത്യൻ വൈമാനികനെ വിട്ടയക്കാൻ പാക്കിസ്ഥാൻ സന്നദ്ധത അറിയിച്ചതും ഇതോട് കൂട്ടിവായിക്കാവുന്നതാണ്.
ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങളുടെ അടിവേര് കശ്മീർ ആയിരിക്കേ, എന്താണ് കശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന ചോദ്യം വീണ്ടുമുയർത്തുകയാണ് ഈ യുദ്ധസമാന സാഹചര്യങ്ങളുടെ പ്രസക്തി. യുദ്ധം ചിലപ്പോൾ സമാധാനത്തിന് മുന്നോടിയാണ് എന്ന ആപ്തവാക്യം ഇക്കാര്യത്തിൽ പുലരട്ടെ എന്ന് മാത്രമാണ് ആശിക്കാനാവുക. പത്തു വർഷം മുമ്പ് കാർഗിൽ യുദ്ധാനന്തരമാണ് കശ്മീർ പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷം അവസാനമായി ഒരുങ്ങിയത്. എന്നാൽ പിന്നീട് മാനം മൂടിക്കെട്ടുകയും സംഘർഷത്തിന്റെ കാളിമ വീണ്ടും പരക്കുകയും ചെയ്തു. യുദ്ധോത്സുകനായ ജനറൽ പർവേസ് മുഷറഫ് പോലും സമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥിതിയുണ്ടായി. പിന്നീട് വാജ്‌പേയിയുടേയും മൻമോഹൻ സിംഗിന്റേയും ഭരണകാലത്ത് പരസ്പര ബന്ധങ്ങൾ ചിലപ്പോൾ മെച്ചപ്പെട്ടും ചിലപ്പോൾ വഷളായും തുടർന്നു. അങ്ങേയറ്റം പ്രകോപനത്തിന്റെ സാഹചര്യങ്ങളും ഈ കാലഘട്ടത്തിലുണ്ടായെങ്കിലും കശ്മീർ പ്രശ്‌നത്തെ സമവായത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തിക്കാൻ പലപ്പോഴുമായി. കർക്കശക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എൽ.കെ. അദ്വാനി പോലും 2013 ൽ ഹുർരിയത്തുമായി സംസാരിക്കാൻ സന്നദ്ധനായി. 2019  ലെ ഈ സംഘർഷ നിമിഷങ്ങളിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ അതെല്ലാം വളരെയകലെയാണെന്ന് തോന്നിപ്പോകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനിൽക്കേ, പുൽവാമയിലെ ആക്രമണവും തുടർന്നുണ്ടായ സ്ഥിതിഗതികളും മറ്റെല്ലാ പ്രശ്‌നങ്ങൾക്കു മേലും നിഴൽ വീഴ്ത്തുകയും രാഷ്ട്രീയത്തെ ഒറ്റ അജണ്ടയിലേക്ക് ചുരുക്കുകയും ചെയ്യും. യുദ്ധം ഒരു തെരഞ്ഞെടുപ്പ് വിഷയമാകുന്നത് തീർച്ചയായും ആശാസ്യമല്ല. ചർച്ച ചെയ്യാൻ അങ്ങേയറ്റം പ്രസക്തമായ ധാരാളം ആഭ്യന്തര വിഷയങ്ങളുണ്ടായിരിക്കേ വിശേഷിച്ചും. 
കശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാതെ ഈ അശാന്തി അവസാനിക്കുകയില്ല. പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടതുപോലെ, ഇന്ത്യയും പാക്കിസ്ഥാനും മാത്രമായുള്ള പ്രശ്‌നമല്ല കശ്മീരിന്റേത്. അത് കശ്മീരികളുടെ കൂടി പ്രശ്‌നമാണ്. അതിനാൽ കശ്മീരികളുടെ ഹൃദയ വികാരങ്ങൾ കൂടി കണക്കിലെടുക്കണം. അവരുടെ വിശ്വാസവും സ്‌നേഹവും നേടിയെടുക്കുകയെന്നതാണ് പ്രധാനം. മുൻ കരസേന മേധാവി വി.പി മാലിക് ട്വിറ്ററിൽ എഴുതി: 'നിരപരാധികളായ കശ്മീരികളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. മറ്റെല്ലാ ഇന്ത്യക്കാരേയും പോലെ അവരെ ഉൾക്കൊള്ളുകയാണ് നമ്മുടെ കർത്തവ്യം.' കാർഗിൽ യുദ്ധം വിജയിപ്പിച്ച ഈ വീരസൈനികനേക്കാൾ ഇത് പറയാൻ മറ്റാർക്കാണ് അർഹത?

Latest News