Sorry, you need to enable JavaScript to visit this website.

റോഹിംഗ്യന്‍ അഭയര്‍ഥികളെ ഇനിയും സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്

ന്യൂയോര്‍ക്ക്- മ്യാന്മറില്‍നിന്ന് ഇനിയും പലായനം ചെയ്യുന്ന റോഹിംഗ്യകളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് യു.എന്‍ രക്ഷാസമിതിയെ അറിയിച്ചു. അഭയാര്‍ഥികളുടെ മടക്കം സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മ്യാന്മര്‍ ലംഘിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ഷഹിദുല്‍ ഹഖ് പറഞ്ഞു.
2016 ലും 2017 ലും റാഖൈന്‍ സ്റ്റേറ്റില്‍ മ്യാന്മര്‍ സൈന്യം നടത്തിയ അതിക്രമങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട 7,40,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളിലുണ്ട്. മ്യാന്മര്‍ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് നേരത്തെ യു.എന്‍ കുറ്റപ്പെടുത്തിയിരുന്നു.
റോഹിംഗ്യ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തിയിരുന്നു. ഓരോ ആഴ്ചയും 1500 റോഹിംഗ്യകളെ വീതം തിരികെ സ്വീകരിക്കാമെന്നാണ് മ്യാന്മര്‍ സമ്മതിച്ചിരുന്നത്. രണ്ടു വര്‍ഷത്തിനകം മുഴുവന്‍ റോഹിംഗ്യകളേയും പുനരധിവസിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇതൊന്നും നടപ്പിലായിട്ടില്ല.
ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്നാണ് ഷാഹിദുല്‍ ഹഖ് യു.എന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. മ്യാന്മറിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തതിനാല്‍ ഒറ്റ റോഹിംഗ്യ അഭയാര്‍ഥിയും ബംഗ്ലാദേശില്‍നിന്ന് തിരികെ പോകാന്‍ കൂട്ടാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
റോഹിംഗ്യകളെ പുനരധിവസിപ്പിക്കുന്നതിന് പലവിധത്തിലുള്ള തടസ്സങ്ങളുണ്ടൈന്നും ക്ഷമ പാലിക്കണമെന്നും യു.എന്നിലെ മ്യാന്മര്‍ അംബാസഡര്‍ ഹവു ഡോ സുവാന്‍ അഭ്യര്‍ഥിച്ചു. റാഖൈന്‍ സ്റ്റേറ്റിലെ മറ്റു സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം വളര്‍ത്താനാണ് സമയമെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, റോഹിംഗ്യകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സാവകാശത്തിലാണെന്ന് മ്യാന്മറിലെ യു.എന്‍ പ്രതിനിധി ക്രിസ്റ്റീന്‍  സ്‌കാര്‍ണല്‍ ബര്‍ഗനര്‍ പറഞ്ഞു. യു.എന്‍ ഏജന്‍സികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം മ്യാന്മര്‍ നിഷേധിക്കുകയാണെന്നും അവര്‍ പറഞ്ഞു.

 

Latest News