റിയാദ്- സൗദി അറേബ്യയിലെ ആഭ്യന്തര ഐക്യത്തിൽ വിള്ളൽ വീഴ്ത്തുന്നതിന് രഹസ്യമായും പരസ്യമായും വർഷങ്ങളോളം പ്രവർത്തിക്കുകയും സർക്കാർ വിരുദ്ധ കലാപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തതാണ് ഖത്തറുമായുള്ള ബന്ധങ്ങൾ വിഛേദിക്കുന്നതിനുള്ള കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിന് കോട്ടം തട്ടിക്കുന്നതിന് ശ്രമിക്കുകയും മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ലക്ഷ്യമിടുന്ന മുസ്ലിം ബ്രദർഹുഡ്, ഐ.എസ്, അൽഖാഇദ അടക്കമുള്ള ഭീകര, വിഭാഗീയ സംഘടനകൾക്ക് അഭയം നൽകുകയും ഈ സംഘടനകളുടെ സാഹിത്യങ്ങൾക്കും പദ്ധതികൾക്കും പതിവായി പ്രചാരണം നൽകുകയും സൗദി അറേബ്യയിലെ ഖത്തീഫിലും ബഹ്റൈനിലും ഇറാൻ പിന്തുണയുള്ള ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്തതും ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതിന് കാരണമാണ്.
സൗദി അറേബ്യയിലും വിദേശത്തും ദേശീയൈക്യം തകർക്കുന്നതിന് ശ്രമിക്കുന്ന ഭീകരർക്ക് ഖത്തർ അഭയവും സാമ്പത്തിക സഹായവും നൽകുകയും ആഭ്യന്തര സംഘർഷങ്ങൾ കുത്തിപ്പൊക്കുന്ന മാധ്യമങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നു. യെമനിലെ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നൽകുന്നതിന് സഖ്യസേന രൂപീകരിച്ച ശേഷവും ഖത്തർ ഭരണകൂടം യെമനിലെ ഹൂത്തി മിലീഷ്യകൾക്ക് പിന്തുണയും സഹായവും നൽകുന്നത് തുടർന്നു. ഖത്തർ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭീകരരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ബഹ്റൈനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഖത്തറുമായുള്ള ബന്ധം വിഛേദിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.
കരാറുകൾ പാലിക്കുന്നതിന് ഖത്തർ അധികൃതരെ പ്രേരിപ്പിക്കുന്നതിന് 1995 മുതൽ സൗദി അറേബ്യയും സഹോദര രാജ്യങ്ങളും അനുസ്യൂതം തീവ്രശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കരാറുകളും, സൗദി അറേബ്യക്കെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ജി.സി.സിയുടെ തണലിൽ ഒപ്പുവെച്ച കരാറുകളും ലംഘിക്കുന്നത് ഖത്തർ ഭരണകൂടം തുടർന്നു. ഏറ്റവും ഒടുവിൽ റിയാദ് കരാറാണ് ഖത്തർ ലംഘിച്ചത്.
ഭീകരതയിൽ നിന്നും തീവ്രവാദത്തിൽ നിന്നും ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനാണ് അന്താരാഷ്ട്ര നിയമം ഉറപ്പു നൽകുന്ന പരമാധികാരത്തിന്റെ ഭാഗമായി ഖത്തറുമായുള്ള നയതന്ത്ര, കോൺസുലേറ്റ് ബന്ധങ്ങൾ വിഛേദിക്കുന്നതിന് തീരുമാനിച്ചതെന്ന് സൗദി അറേബ്യ പറഞ്ഞു. കര, വ്യോമ, സമുദ്ര അതിർത്തികൾ അടക്കുന്നതിനും കരയിലൂടെയും വ്യോമ മേഖലയിലൂടെയും സമുദ്രാതിർത്തിയിലൂടെയും ഖത്തറിൽ നിന്നുള്ളവർ കടന്നുപോകുന്നത് തടയുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഖത്തറിൽ നിന്നും ഖത്തറിലേക്കുമുള്ള ഗതാഗത സംവിധാനങ്ങൾക്കുള്ള വിലക്ക് എത്രയും വേഗം നടപ്പാക്കുന്നതിന് മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര കമ്പനികളുമായും ധാരണയിലെത്തുന്നതിന് നിയമാനുസൃത നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബാധ്യതകളിൽ നിന്ന് ഖത്തർ അധികൃതർ തുടർച്ചയായി ഒളിച്ചോടുകയും ഗൂഢാലോചനകൾ തുടരുകയും ചെയ്തിട്ടും ദീർഘകാലം സൗദി അറേബ്യ ക്ഷമിച്ചു. ഖത്തർ ജനതയോടുള്ള താൽപര്യം മുൻനിർത്തിയാണ് ഇത്രയും കാലം ഖത്തർ ഭരണകൂടത്തിന്റെ ശത്രുതാപരമായ പ്രവർത്തനങ്ങൾ സൗദി അറേബ്യ ക്ഷമിച്ചത്. ഖത്തർ ഭരണകൂടത്തിന്റെ ശത്രുതാപരമായ പ്രവർത്തനങ്ങൾക്കു നേരെ കണ്ണടച്ച് ഖത്തർ ജനതക്കൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.






