അതിർത്തിയിൽ തെരഞ്ഞെടുപ്പ് പോർമുഖത്ത് ആർമി ജനറൽ

മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ. സിംഗ്

മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ. സിംഗ് വിമത അകാലിദൾ ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം പാരമ്യത്തിൽ നിൽക്കേ പഞ്ചാബിലെ അതിർത്തി ജില്ലയിൽ നിന്നാണ് ജനറൽ ജനവിധി തേടുക. 
2017 ലാണ് ജെ.ജെ സിംഗ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ശിരോമണി അകാലിദളിൽ (ബാദൽ) നിന്ന് വേറിട്ടു പോയ അകാലിദൾ (തക്‌സാലി) പാർട്ടിക്കു വേണ്ടിയാണ് സിംഗ് മത്സരിക്കുക. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളിനു (ബാദൽ) വേണ്ടി പട്യാലയിൽ മത്സരിച്ചു തോറ്റു. ജെ.ജെ. സിംഗിനെ തോൽപിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായത്. ഡിസംബറിൽ പാർട്ടിയിൽ നിന്ന് രാജി വെച്ച് അകാലിദൾ (തക്‌സാലി) യിൽ ചേർന്നു. പൊതുതെരഞ്ഞെടുപ്പിൽ ഖാദൂർ സാഹിബ് സീറ്റിൽ ജനറൽ വീണ്ടും ജനവിധി തേടുമെന്നാണ് ശ്രുതി. 
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അതിർത്തി ഗ്രാമമായ തരൻതാരൻ ഉൾപ്പെടുന്ന ഖാദൂർ സാഹിബിൽ ജോഗീന്ദർ ജസ്‌വന്ത് സിംഗ് ബാലറ്റ് യുദ്ധത്തിലേർപ്പെടുന്നത്. 
കഴിഞ്ഞ ദിവസം ബ്രഹ്മപുരയിൽ നടന്ന അകാലിദൾ റാലിയിൽ പാർട്ടി പ്രസിഡന്റ് ജതേദാർ രഞ്ജിത് സിംഗ് ജനങ്ങൾ ജെ.ജെ. സിംഗിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഉറപ്പായത്. ഓപറേഷൻ ബ്ലൂ സ്റ്റാറിന്റെ ചോരപ്പാടുകൾ ഉള്ള പ്രദേശമാണ് ഖാദൂർ സാഹിബ്. സുവർണ ക്ഷേത്രത്തിൽ നിന്ന് ഭീകരരെ തുരത്താൻ ഇന്ദിരാഗാന്ധി സർക്കാർ നടത്തിയതായിരുന്നു ബ്ലൂ സ്റ്റാർ ഓപറേഷൻ. അന്ന് കരസേനയിലെ പ്രധാന ഓഫീസറായിരുന്നു ജെ.ജെ. സിംഗ്. ഇത് ജനവികാരം എതിരാക്കുമോയെന്ന് ചോദിച്ചപ്പോൾ 1984 ലെ ബ്ലൂ സ്റ്റാർ ഓപറേഷന് താൻ എതിരായിരുന്നുവെന്ന് ജെ.ജെ. സിംഗ് പറഞ്ഞു. അന്നത്തെ കരസേനാ മേധാവിക്ക് പറ്റിയ പിഴവായിരുന്നു ആ ഓപറേഷൻ. പോലീസിന്റെയോ അർധസൈനിക വിഭാഗത്തിന്റെയോ ജോലിയാണ് അതെന്ന് കേന്ദ്ര സർക്കാരിനെ അദ്ദേഹം ധരിപ്പിക്കണമായിരുന്നു. സൈനികർ ശത്രുക്കൾക്കെതിരെയാണ് പൊരുതാറ്. ഞാനായിരുന്നു അന്ന് കരസേനാ മേധാവിയെങ്കിൽ ആ ഓപറേഷന് സമ്മതിക്കുമായിരുന്നില്ല -ജെ.ജെ. സിംഗ് പറയുന്നു. 
ഇപ്പോഴത്തെ സംഘർഷാവസ്ഥയെക്കുറിച്ച് ചോദിക്കുമ്പോഴും മുൻ ആർമി ചീഫിന് വ്യക്തമായ മറുപടിയുണ്ട്: 'ഈ ഘട്ടത്തിൽ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാവില്ലെന്ന് അതിർത്തിയിലെ ജനങ്ങൾക്ക് ഉറപ്പു നൽകണമെന്ന് ഞാനാഗ്രഹിക്കുന്നു. പാക്കിസ്ഥാന് ഇന്ത്യ നൽകിയത് ശരിയായ സന്ദേശമാണ്. എന്നാൽ അത് യുദ്ധത്തിലേക്കെത്തില്ല. അതിർത്തി ജില്ലകൾക്ക് യുദ്ധം കുട്ടിക്കളിയല്ല. അതുകൊണ്ട് മാധ്യമങ്ങൾ ശ്രദ്ധിച്ച് വിഷയം കൈകാര്യം ചെയ്യണം. സൈന്യങ്ങൾക്ക് ഇതുപോലെ പൊരുതാനാവില്ല. ഒന്നും ഭയപ്പെടേണ്ടെന്ന് ജെ.ജെ സിംഗ് പറഞ്ഞതായി അതിർത്തിയിലെ ജനങ്ങളെ അറിയിക്കാം. നാം ജാഗരൂകരായിരിക്കണം. പക്ഷേ അനാവശ്യമായി ഭയപ്പെടരുത്. 
ഇന്ത്യൻ കരസേനയെ നയിച്ച പ്രഥമ സിക്ക് സമുദായക്കാരനായിരുന്നു ജെ.ജെ. സിംഗ്. 2004 നവംബറിൽ സേനാ മേധാവിയായി നിയമിതനായ അദ്ദേഹം 2007 ൽ വിരമിച്ചു. പിന്നീട് അരുണാചൽപ്രദേശ് ഗവർണറായി സേവനമനുഷ്ഠിച്ചു. സിംഗിന് അറബി ഭാഷ ഒഴുക്കോടെ സംസാരിക്കാനാവും. 


 

Latest News