Sorry, you need to enable JavaScript to visit this website.

വിങ് കമാന്‍ഡര്‍ മോചിപ്പിക്കപ്പെടുന്നതില്‍ സന്തോഷം; ഏതു സാഹചര്യത്തിലും തിരിച്ചടിക്കാന്‍ സജ്ജമെന്ന് സേനകള്‍

ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ നിന്നുള്ള ഏതു പ്രകോപനത്തോടും പ്രതികരിക്കാന്‍ കരസേനയും വ്യോമ സേനയും നാവിക സേനയും പൂര്‍ണ സജ്ജരാണെന്ന് സേനാ വക്താക്കള്‍ സംയുക്ത പ്രസ്താവനയില്‍ ്അറിയിച്ചു. വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാന്‍ മോചിപ്പിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും സേനകള്‍ പറഞ്ഞു. മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് മഹല്‍, എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍, റിയര്‍ അഡ്മിറല്‍ ഡി.എസ് ഗുജ്‌റാള്‍ എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം മാധ്യമങ്ങളെ കണ്ടത്. 

'പാക്കിസ്ഥാന്‍ നമ്മുടെ സൈനിക കേന്ദ്രങ്ങളെ ഉന്നമിട്ടു ആക്രമണം നടത്തിയിട്ടുണ്ട്. അവരാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇനിയും നമ്മെ പ്രകോപിപ്പിക്കുകയാണെങ്കില്‍ മറുപടി നല്‍കാന്‍ നാം തയാറാണ്'- മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് പറഞ്ഞു. രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം അതീവ ജാഗ്രത പുലര്‍ത്തി വരികയാണ്. നമ്മുടെ ഉപരിതല വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. നാം പൂര്‍ണ സജ്ജരാണെന്ന് രാഷ്ട്രത്തിന് ഉറപ്പു നല്‍കുന്നു-അദ്ദേഹം പറഞ്ഞു. 

എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം എയര്‍ വൈസ് മാര്‍ഷല്‍ കപൂര്‍ തള്ളി. പാക്കിസ്ഥാന്റെ പോര്‍വിമാനത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങളും സേന വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എഫ്-16 യുദ്ധവിമാനത്തില്‍ നിന്നും മാത്രം പ്രയോഗിക്കാവുന്ന AARAM മിസൈലിന്റെ ഒരു ഭാഗമാണ് കാണിച്ചത്. എഫ് 16 പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചതിന് ഇലക്ട്രോണിക് അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബാലാകോട്ടില്‍ ലക്ഷ്യമിട്ട വിജയം നേടിയിട്ടുണ്ട്. ജയ്ഷ് ക്യാമ്പിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നം തകര്‍ത്തതിന് വിശ്വസനീയ തെളിവുകളുണ്ടെന്നും എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് പറയറായിട്ടില്ലെന്നും എയര്‍ വൈസ് മാര്‍ഷല്‍ കപൂര്‍ പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിങ് കമാന്‍ഡര്‍ അഭിന്ദന്‍ മോചിപ്പിക്കപ്പെട്ടാല്‍ ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുമോ എന്ന ചോദ്യത്തോട് മൂന്ന് സേനകളും പ്രതികരിച്ചില്ല. നമ്മുടെ പൈലറ്റ് തിരികെ എത്തുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം കൈമാറിക്കഴിഞ്ഞാല്‍ മാത്രമെ അടുത്ത നടപടി എന്തെന്ന് ആലോചിക്കാനാകൂ-കപൂര്‍ പറഞ്ഞു.

നേരത്തെ വൈകുന്നേരം അഞ്ചുമണിക്കാണ് സേനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നത്. ഇതിനിടെ പാക് കസ്റ്റഡിയിലുള്ള വ്യോമ സേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വാര്‍ത്താ സമ്മേളനം ഏഴു മണിയിലേക്കു മാറ്റിവയ്ക്കുകയായിരുന്നു.
 

Latest News