അതിർത്തി പടയൊരുക്കം തെരഞ്ഞെടുപ്പിന്റെ പിരിമുറുക്കം കുറച്ചു

കോട്ടയം - അതിർത്തിയിലെ പടയൊരുക്കം തെരഞ്ഞെടുപ്പ് പിരിമുറുക്കത്തിന് അയവുവരുത്തി. ഇരട്ടക്കൊലയും ശബരിമല വിവാദത്തിലും കൈപൊള്ളിയെന്ന അഭിപ്രായ സർവേകളിൽ വാടിയുലഞ്ഞ് ഇരിക്കുമ്പോൾ ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കിട്ടിയ പിടിവള്ളിയായായി ഇത്. അതിർത്തിയിലെ നീക്കത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആദ്യം സംസാരിച്ചതും സിപിഎമ്മാണ്. യുദ്ധാഹ്വാനം  ഇലക്ഷൻ നേട്ടത്തിനാണെന്ന് കോടിയേരി ജാഥയ്ക്കിടെ പരസ്യമായി വെളിപ്പെടുത്തി. പക്ഷേ സി.പി.എം ദേശീയ നേതൃത്വം തൽക്കാലം രാഷ്ട്രീയത്തിന് അവധി നൽകി പ്രശ്‌നത്തെ ഗൗരവത്തോടെ സമീപിക്കാൻ തീരുമാനിച്ചതോടെ കോടിയേരിയും നാവടക്കി. ഇടതുമുന്നണി കഴിഞ്ഞാൽ ഇക്കാര്യത്തിൽ ആശ്വസിക്കുന്നത് യു.ഡി.എഫിലെ മാണി ഗ്രൂപ്പാണ്. ജോസഫ് സീറ്റിനായി പരസ്യമായി രംഗത്ത് വന്ന് ആകെ വലഞ്ഞിരിക്കുമ്പോഴായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്. യുഡിഎഫുമായുളള ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകളിലാകട്ടെ തീരുമാനം ആയതുമില്ല. ഏതായാലും ഈ ഇടവേള ഇടതുമുന്നണിക്കും മാണി ഗ്രൂപ്പിനും പരിക്ക് മാറ്റി തിരിച്ചുവരാനുളള വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
അതിർത്തിയിൽ സംഘർഷം ഒഴിയാതെ തെരഞ്ഞെടുപ്പിന് രാജ്യം സജ്ജമാകില്ലെന്ന് വ്യക്തം. അതിന് എത്ര ദിവസം വേണ്ടിവരുമെന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ലതാനും. ഏപ്രിൽ - മെയ് മാസങ്ങളാണ് രാജ്യത്ത് തെരഞ്ഞെടുപ്പിന് അനുയോജ്യം. തെരഞ്ഞെടുപ്പിലേക്കായി എല്ലാ ക്രമീകരണങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടുമുണ്ട്. പക്ഷേ അന്തരീക്ഷത്തിലെ പിരിമുറുക്കം മാറണം. ജമ്മുകശ്മീർ അടക്കം പാക്ക് അതിർത്തിയുളള സംസ്ഥാനങ്ങളെല്ലാം സംഘർഷത്തിന്റെ പിടിയിലാണ്. അതിനാൽ നിലവിലുളള അവസ്ഥയിൽ രണ്ടു മാസമെങ്കിലും മാറാമെന്നാണ് സൂചന. അതിലും മാറ്റം വരുമോ എന്ന് ഇനിയുളള സംഭവവികാസങ്ങളുടെ പുരോഗതി അനുസരിച്ചു മാത്രമേ തീരുമാനിക്കാനാവൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
കേരളത്തിൽ ഭരണമുന്നണി ആകെ വിയർത്തിരിക്കുന്ന അവസരത്തിലാണ് തെരഞ്ഞെടുപ്പു ചൂടിലേക്ക് രാജ്യം നീങ്ങിയിരുന്നത്. മുഖം രക്ഷിക്കാനുളള വിജയം പോലും സാധ്യമാകുമോ എന്ന ആശങ്ക സി.പി.എം-സി.പി.ഐ നേതൃത്വത്തിനുണ്ടായി. ശബരിമലയിലെ വിവാദം കെട്ടടങ്ങിയെങ്കിലും എൻഎസ്എസുമായി ഇപ്പോഴും ധാരണയില്ല. പകരം പോർവിളിയുടെ അന്തരീക്ഷമാണുതാനും. കോടിയേരിയോ എൻ.എസ്.എസോ വിട്ടുകൊടുക്കുന്ന മട്ടില്ല. എൽ.ഡി.എഫിന്റെ ജാഥ കാസർക്കോട് എത്തിയപ്പോഴാണ് പെരിയയിലെ ഇരട്ടക്കൊല. ഇതോടെ മുന്നണി ആകെ വെട്ടിലായി. സി.പി.ഐ നേതാക്കൾ ഇതിലുളള അസ്വാരസ്യം മറച്ചുവെച്ചതുമില്ല. അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയാനും കുറ്റവാളിയെ പാർട്ടിയിൽ നിന്നും പുറത്താക്കാനും സി.പി.എം രംഗത്ത് വന്നത് തന്നെ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ്. ചാനൽ ചർച്ചകളിൽ ഈ വിഷയത്തിൽ വല്ലാതെ വെള്ളം കുടിച്ചിരിക്കുമ്പോഴാണ് അതിർത്തിയിൽ ബോംബ് വീണത്. ശരിക്കും ഇത് പാർട്ടിക്ക് അനുഗ്രഹമായി.
യു.ഡി.എഫിൽ കോൺഗ്രസാകട്ടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഖം മിനുക്കി കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയായിരുന്നു. കേരളത്തിലും സ്ഥിതി അനുകൂലമായെന്ന് മനസ്സിലായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. സ്ഥാനാർഥി നിർണയം വലിയ പരിക്കില്ലാതെ തീർക്കാനായിരുന്നു നീക്കം. ഘടക കക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയാക്കി വേഗം തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കാനായിരുന്നു പരിപാടി. എന്നാൽ മാണി ഗ്രൂപ്പിലെ ഭിന്നത മുന്നണിക്കു താൽക്കാലിക പ്രതിസന്ധി തീർത്തു. ജോസഫ് സീറ്റിനായി പിടിമുറുക്കിയതോടെ അത് പരിഹരിക്കാനുളള വഴികളിലായി മാണിഗ്രൂപ്പും യു.ഡി.എഫിലെ ഒരു വിഭാഗം നേതാക്കളും. ജോസഫിനെ അനുനയിപ്പിക്കാൻ ലീഗ് മുന്നോട്ടു വന്നു. ഈ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് രാജ്യത്തെ പുതിയ സംഭവങ്ങൾ. ഇത് മാണിഗ്രൂപ്പിന് കിട്ടിയ കനകാവസരമായി. പാർട്ടിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ ഈ ഇടവേള വിനിയോഗിക്കാം. 
ബിജെപിയാകട്ടെ കേരളത്തിൽ പ്രതീക്ഷ വെച്ചുപുലർത്തുണ്ടെങ്കിലും അത് വിജയത്തിലേക്ക് എത്തുമെന്ന് ഒരു തീർച്ചയുമില്ല. പാർട്ടിയിലെ നേതൃതലത്തിലുളള കടുത്ത ഭിന്നത പലതവണ മറനീക്കി പുറത്തുവന്നു. കെ. സുരേന്ദ്രനാകട്ടെ മഞ്ചേശ്വരം കേസ് പിൻവലിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന് സന്നദ്ധനാവുകയും ചെയ്തു. ശബരിമലയും പുതിയ സംഭവവികാസങ്ങളും പാർട്ടിക്ക് അനുകൂലമാകുമോ എന്ന വിലയിരുത്തിലിലാണ് നേതൃത്വം. 

Latest News