വീഡിയോ ഗെയിം അനുകരിച്ച് 12 വയസ്സുകാരന്‍  ആറ് വയസുള്ള സഹോദരിയെ പീഡിപ്പിച്ചു 

ലണ്ടന്‍: കുട്ടികളുടെ മൊബൈല്‍ കമ്പ്യൂട്ടര്‍ അടിമത്വം എത്രവലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്ന് മാതാപിതാക്കള്‍ ചിന്തിച്ചിട്ടുണ്ടോ? പ്രമുഖ വീഡിയോ ഗെയിമായ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയിലെ സെക്‌സ് സീന്‍ അനുകരിച്ച് ആറ് വയസുള്ള സഹോദരിയെ 12 കാരന്‍ തുടരെ പീഡനത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ബ്രിട്ടനില്‍ നിന്നും പുറത്തുവരുന്നത്. 
വില്‍റ്റ്ഷയറിലെ വീട്ടില്‍ വെച്ചാണ് കുഞ്ഞനുജത്തിയ്ക്കു നേരെ സഹോദരന്റെ അതിക്രമം നടന്നത്. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് പീഡനങ്ങള്‍ അരങ്ങേറിയതെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വീഡിയോ ഗെയിമിലെ സെക്‌സ് സീന്‍ സഹോദരിക്കൊപ്പം കണ്ട ശേഷമായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. സെക്‌സും, അക്രമവും നിറഞ്ഞ ഗെയിം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കുന്നത്. 
ഗെയിമില്‍ കണ്ട സീന്‍ പുനരാവിഷ്‌കരിക്കാനാണ് കുട്ടി ശ്രമിച്ചത്. ഈ സമയത്ത് ഇളയ സഹോദരങ്ങള്‍ ഈ മുറിയിലുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പീഡനവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളും, പെണ്‍കുട്ടിയെ ലൈംഗികതയിലേക്ക് നയിച്ചതിനുമുള്ള കുറ്റവുമാണ് സ്വിന്‍ഡണ്‍ യൂത്ത് കോര്‍ട്ടില്‍ ആണ്‍കുട്ടിക്ക് എതിരെ വായിക്കപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മകന്റെ കൈപിടിച്ച് കണ്ണീരോടെ അമ്മ കോടതി മുറിയില്‍ നിന്നു. 12 മാസത്തെ റഫറല്‍ ഓര്‍ഡറാണ് നിയമപരമായ കാരണങ്ങളാല്‍ പേരുവെളിപ്പെടുത്താത്ത കുട്ടിയ്ക്ക് നല്‍കിയത്. എല്ലാ കുറ്റങ്ങളും ഇവന്‍ സമ്മതിക്കുകയും ചെയ്തു. 
സംഭവിച്ചത് വലിയ തെറ്റാണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത പ്രായമാണ് ആണ്‍കുട്ടിയുടേത്. വിചാരണയില്‍ അശ്രദ്ധമായി ഇരുന്ന കുട്ടിയോട് ജഡ്ജി ഫുട്‌ബോളിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇവന്‍ ചിരിച്ച് സംസാരിക്കുകയാണ് ചെയ്തത്. എന്നാല്‍ കുറ്റങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ആണ്‍കുട്ടി ജഡ്ജിയോട് പറഞ്ഞു. പെണ്‍കുട്ടി സഹപാഠിയോടാണ് ചേട്ടന്റെ പ്രവൃത്തി വെളിപ്പെടുത്തിയത്. ഇത് അധ്യാപകര്‍ അറിഞ്ഞതോടെയാണ് പീഡനം പുറത്തറിഞ്ഞത്. മകള്‍ ഈ അവസ്ഥയില്‍ നിന്നും തിരിച്ചുവരികയാണെന്ന് അമ്മ വെളിപ്പെടുത്തി. ആണ്‍കുട്ടിയെ രണ്ടര വര്‍ഷത്തേക്ക് സെക്‌സ് ഒഫെന്‍ഡര്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തി. 

Latest News