ജവാന്റെ വിധവയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നു 

മാണ്ഡ്യ: ഫെബ്രുവരി 14നു ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ വിധവയെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. 
ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ എച്ച്. ഗുരുവിന്റെ  ഭാര്യ കലാവതിയാണ് പരാതിയുമായി മാണ്ഡ്യ പോലീസിനെ സമീപിച്ചത്. ഭര്‍ത്തൃ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എച്ച് ഗുരുവിന്റെ  കുടുംബമെന്നാണ് പരാതിയില്‍ പറയുന്നത്. 
സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്റെ  സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്. 
ഗുരുവിന്റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലായി അരയേക്കര്‍ ഭൂമി നല്‍കാമെന്നു അന്തരിച്ച നടന്‍ അംബരീഷിന്റെ  ഭാര്യ സുമലതയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്റെ കുടുംബത്തിന് മുന്നറിയിപ്പ് നല്‍കി.  നിയമലംഘനം നടന്നിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കലാവധിയ്ക്ക് സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്തുന്നതിനുള്ള നിയമ നടപടികള്‍ നടന്ന് വരികയാണ്. 

Latest News