Sorry, you need to enable JavaScript to visit this website.

യാത്ര തടസ്സപ്പെട്ട  തീർഥാടകർക്ക് സഹായം

മക്ക - ഇന്ത്യ, പാക് സംഘർഷം മൂലം പാക്കിസ്ഥാൻ വ്യോമമേഖല അടച്ചതിനെ തുടർന്ന് അപ്രതീക്ഷിതമായി മടക്കയാത്ര മുടങ്ങിയ ആയിരക്കണക്കിന് ഉംറ തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ താമസവും ഭക്ഷണവും ഏർപ്പെടുത്തി. മടക്കയാത്ര സാധ്യമാകുന്നതുവരെ പാക് തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ നിർദേശിക്കുകയായിരുന്നു. 
മക്കയിൽ അൽസായിദി ഏരിയയിൽ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ റിസപ്ഷൻ സെന്ററിൽ 2700 ലേറെ പാക് തീർഥാടകർക്ക് താമസ സൗകര്യം ഏർപ്പെടുത്തി. 1700 ലേറെ പാക് തീർഥാടകർക്ക് മദീനയിലും താമസ സൗകര്യം ഒരുക്കി നൽകിയതായി ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. ഏതാനും ഉംറ സർവീസ് കമ്പനികളും സ്വന്തം നിലക്ക് തീർഥാടകർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
ഹജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉംറ സർവീസ് കമ്പനികളുമായി തുടർച്ചയായി ആശയ വിനിമയങ്ങൾ നടത്തിയാണ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി പറഞ്ഞു. ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണ്. പാക്കിസ്ഥാനിൽ നിന്ന് ഇതുവരെ പത്തു ലക്ഷത്തോളം തീർഥാടകർ എത്തിയിട്ടുണ്ട്. 

Latest News