Sorry, you need to enable JavaScript to visit this website.

ലോറികളിൽ ട്രാക്കിംഗ്  ഉപകരണങ്ങൾ നിർബന്ധമാക്കുന്നു

റിയാദ് - ലോറികളിലും ട്രക്കുകളിലും ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഏപ്രിൽ ഒന്നു മുതൽ നിർബന്ധമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ലോറികളിൽ ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ചരക്ക് ഗതാഗത നിയമാവലിക്ക് കരുത്തു പകരുന്നതാണെന്ന് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് പറഞ്ഞു. ലോറികളിൽ ചരക്ക് നീക്കം ചെയ്യുന്ന മേഖല ക്രമീകരിക്കുന്നതിനും ഡ്രൈവർമാരുടെ തൊഴിൽ ശേഷി ഉയർത്തുന്നതിനും ലോറികളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനും റോഡുകളിൽ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ചരക്ക് ഗതാഗത മേഖയിൽ മത്സരം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ ചരക്ക് ഗതാഗത നിയമാവലി ഈ വർഷം (1440) ആദ്യം മുതൽ നിലവിൽ വന്നിട്ടുണ്ട്. 
ലോറികളിൽ ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് സുരക്ഷാ, സേവന ഗുണമേന്മാ നിലവാരങ്ങൾ ഉയർത്തുന്നതിന് സഹായകമാകും. റോഡുകളുടെ ഗുണമേന്മ സംരക്ഷിക്കുന്നതിനും അമിത ഭാരം മൂലം റോഡുകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പദ്ധതി സഹായിക്കും. ലോറികളുടെ സ്ഥാനം നിർണയിക്കലും വേഗവും ലോഡിന്റെ ഭാരവും നിയമാനുസൃതം വഹിക്കാവുന്ന ഭാരവും നിരീക്ഷിക്കലും ഈ സാങ്കേതികവിദ്യ എളുപ്പമാക്കും. ലോറി ഡ്രൈവർമാരുടെ തൊഴിൽ സമയം, ഡ്രൈവർമാരുടെയും ലോറികളുടെയും നിയമസാധുത എന്നിവയും ഈ സാങ്കേതിക വിദ്യ വഴി നിരീക്ഷിക്കുന്നതിന് സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് ഡയറക്ടറേറ്റ്, ഹൈവേ പോലീസ്, ഗതാഗത മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അടക്കം സുരക്ഷാ നിലവാരം ഉയർത്തുന്നതിൽ പങ്കാളിത്തം വഹിക്കുന്ന വകുപ്പുകൾ തമ്മിൽ സംയോജനമുണ്ടാക്കുന്നതിനും ഇതിലൂടെ സാധിക്കും. 
ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും ഗതാഗത വ്യവസായ മേഖല വികസിപ്പിച്ചും ആഗോള ലോജിസ്റ്റിക് കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുന്നതിനുള്ള തന്ത്രം സാക്ഷാൽക്കരിക്കുന്നതിനും പുതിയ പദ്ധതി സഹായകമാകും. ചരക്ക് ഗതാഗത മേഖലയിൽ നിലവിലുള്ള നിക്ഷേപങ്ങളുടെ നിലനിൽപ് ഉറപ്പുവരുത്തുന്നതിനും പദവി ശരിയാക്കൽ നടപടികൾ ഗതാഗത മേഖലയെ ബാധിക്കാതെ നോക്കുന്നതിനും പൊതുഗതാഗത അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ പദവി പുതിയ നിയമാവലി അനുസരിച്ച് ഘട്ടംഘട്ടമായാണ് ശരിയാക്കുന്നത്. ഇതേ രീതിയിൽ ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ സ്ഥാപിക്കുന്നതും നിർബന്ധമാക്കുമെന്ന് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.
പുതിയ ലോറികൾക്കാണ് ഏപ്രിൽ ഒന്നു മുതൽ ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ നിർബന്ധമാക്കുകയെന്ന് പൊതുഗതാഗത അതോറിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് എൻജിനീയർ ഫവാസ് അൽസഹ്‌ലി പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന ലോറികൾക്ക് ലൈസൻസ് പുതുക്കുമ്പോൾ ഇത് നിർബന്ധമാക്കും. ലോറികളിൽ ട്രാക്കിംഗ്, വെയ്റ്റ് കൺട്രോൾ ഉപകരണങ്ങൾ സ്ഥാപിക്കുന്ന സേവനം നൽകുന്നതിനും ഈ സാങ്കേതിക വിദ്യയെ പൊതുഗതാഗത അതോറിറ്റിയുടെ വസൽ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിനും ഏതാനും സ്ഥാപനങ്ങൾക്ക് പൊതുഗതാഗത അതോറിറ്റി യോഗ്യത കൽപിച്ചിട്ടുണ്ട്. ലോറികളുടെ സ്ഥാനവും വേഗവും ഭാരവും ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കുന്നതിനും ഡ്രൈവർമാരുടെയും ലോറികളുടെയും നിയമസാധുത അന്വേഷിക്കുന്നതിനും സാധിക്കുന്നതിനു വേണ്ടിയാണ് പൊതുഗതാഗത അതോറിറ്റി വസൽ പ്ലാറ്റ്‌ഫോം സ്ഥാപിച്ചിരിക്കുന്നത്. 
ട്രാക്കിംഗ് സേവനം നൽകുന്നതിന് യോഗ്യതയുള്ള കമ്പനികളുടെ പട്ടിക പൊതുഗതാഗത അതോറിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. കമ്യൂണിക്കേഷൻസ് ആന്റ് ഇന്റഫർമേഷൻ ടെക്‌നോളജി മന്ത്രാലയ ലൈസൻസുള്ള മുഴുവൻ കമ്പനികളെയും ട്രാക്കിംഗ് സേവനം നൽകുന്നതിന് പൊതുഗതാഗത അതോറിറ്റി അനുവദിക്കും. ഈ സേവനം നൽകുന്നതിനുള്ള യോഗ്യത നേടുന്നതിന് കമ്പനികൾ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. സ്വന്തമായി ട്രാക്കിംഗ് സംവിധാനമുള്ള ലോറി കമ്പനികൾക്ക് തങ്ങളുടെ ട്രാക്കിംഗ് സംവിധാനത്തെ പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ വസൽ പ്ലാറ്റ്‌ഫോമുമായി നേരിട്ട് ബന്ധിപ്പിക്കാവുന്നതാണ്. ഇതിന് അതോറിറ്റിയുമായി കമ്പനികൾ നേരിട്ട് ആശയ വിനിമയം നടത്തണമെന്ന് എൻജിനീയർ ഫവാസ് അൽസഹ്‌ലി പറഞ്ഞു. 
 

Latest News