Sorry, you need to enable JavaScript to visit this website.

തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തീരുമാനം

റിയാദ് - തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഓൺലൈൻ വഴിയാണ് കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെയും വിദേശികളുടെയും തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകൾക്ക് അവസരമൊരുക്കും. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. പുതുതായി തൊഴിലിൽ പ്രവേശിക്കുന്ന മുഴുവൻ പേരുടെയും കരാറുകൾ ഉടനടി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ പഴയ തൊഴിലാളികളുടെ കരാറുകൾ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഘട്ടംഘട്ടമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. 
ഒന്നു മുതൽ അമ്പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കരാറുകൾ ഈ വർഷം മൂന്നാം പാദം മുതൽ രജിസ്റ്റർ ചെയ്തു തുടങ്ങണം. തുടക്കത്തിൽ പത്തു ശതമാനം തൊഴിലാളികളുടെ കരാറുകളാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷാവസാനത്തിനു മുമ്പായി മുഴുൻ തൊഴിലാളികളുടെയും കരാറുകൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിലെയും 500 മുതൽ 2999 വരെ ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങളിലെയും പത്തു ശതമാനം തൊഴിലാളികളുടെ കരാറുകൾ തുടക്കത്തിൽ രജിസ്റ്റർ ചെയ്യണം. ഈ വർഷാവസാനത്തിനു മുമ്പായി ഇത്തരം സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും കരാറുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള ഏറ്റവും വലിയ കമ്പനികളിലെ 30 ശതമാനം ജീവനക്കാരുടെ കരാറുകളാണ് ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. ഇത്തരം സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും തൊഴിൽ കരാറുകൾ ഈ വർഷം അവസാനിക്കുന്നതിനു മുമ്പായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 
സ്വകാര്യ മേഖലയിൽ പതിനേഴു ലക്ഷത്തിലേറെ സൗദികളും 85 ലക്ഷത്തോളം വിദേശികളും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രണ്ടു വർഷത്തിനിടെ പതിനാറു ലക്ഷത്തോളം വിദേശികൾ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. 

Latest News