തീർച്ചയായും ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കണം. അതിനായി ഇരു രാജ്യങ്ങളും പരസ്പരം കൈ കോർക്കുകയാണ് വേണ്ടത്. കാരണം ഇരുവരും അതിന്റെ ഇരകളാണ്. എന്നാൽ നടക്കുന്നത് കൊമ്പുകോർക്കലാണ്. ഇതവസാനിപ്പിച്ചേ പറ്റൂ. യുദ്ധം ഒന്നിനും പരിഹാരമല്ല. യൂറോപ്യൻ രാജ്യങ്ങളെ പോലെ അയൽക്കാർ ഒന്നിച്ചുനിൽക്കേണ്ടവരാണ്. പോരടിക്കേണ്ടവരല്ല. അയൽനാട്ടുകാരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാവുന്ന കാലമാണ് ഉണ്ടാകേണ്ടത്.
വീണ്ടുമൊരു യുദ്ധകാഹളം. ഒരു യുദ്ധത്തിലും ആരും ജയിക്കില്ലെന്നും എല്ലാവരും പരാജയപ്പെടുകയേ ഉള്ളൂ എന്നുമുള്ള ചരിത്ര യാഥാർത്ഥ്യം മറച്ചുവെച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ പാതയിലേക്കു നീങ്ങുന്നത്. ഇന്നോളമുണ്ടായ യുദ്ധങ്ങൾ എന്തെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന പരിശോധന സത്യസന്ധമായി നടത്തുകയാണെങ്കിൽ ഒരു ഭരണാധികാരിയും അത്തരമൊരു നീക്കത്തിനു പിന്നെ മുതിരില്ല. എന്നാൽ യുദ്ധങ്ങൾ ഉണ്ടാക്കുന്ന ദുരന്തങ്ങളേക്കാൾ വലുതായി മറ്റു പല നേട്ടങ്ങളേയും കാണുന്നവർക്ക് അത് മനസ്സിലാകില്ല.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റേയും വിജയത്തിന്റേയും ബാക്കിപത്രമായി ഇന്നും തുടരുകയാണ് ഇന്ത്യ - പാക് വൈരം. കാലം മാറിയതോടെ യൂറോപ്പിലും മറ്റും അയൽ രാജ്യങ്ങൾ സന്തോഷത്തോടെ ജീവിക്കുകയും പരസ്പരം സന്ദർശിക്കാൻ വിസ പോലും ആവശ്യമില്ലാത്ത കാലത്തേക്കു കടക്കുകയും ചെയ്യുമ്പോഴാണ് നമ്മളിവിടെ തികച്ചും പ്രാകൃതമായ രീതിയിൽ പരസ്പരം കൊന്നൊടുക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത വിധത്തിലുള്ള പകയുടെ കാരണമായി കശ്മീർ എന്ന പ്രദേശവും നിലനിൽക്കുന്നു. ആധുനിക കാലത്ത് എന്തും പരിഹരിക്കേണ്ടത് രാഷ്ട്രീയമായിട്ടായിരിക്കണം, സൈനികമായാകരുത് എന്ന പ്രാഥമിക സത്യം പോലും അറിയാത്തവരാണ് പല യുദ്ധങ്ങൾക്കു ശേഷവും ഇനിയും യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്. യുദ്ധങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗമോ, ജീവിക്കാനായി സൈന്യത്തിൽ ചേർന്നവരും.
ഇന്ത്യ - പാക് വിഭജനം തന്നെ ലക്ഷങ്ങളുടെ മരണങ്ങളുടേയും പലായനത്തിന്റേയും ബാക്കിപത്രമായിരുന്നു. 1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാക്കിസ്ഥാനോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ കശ്മീരിന്റെ കാര്യത്തിൽ അതു പാലിക്കാതിരുന്നതാണ് ഇന്നും തുടരുന്ന ഈ പ്രശ്‌നങ്ങൾക്ക് കാരണം.
1946 ഓഗസ്റ്റ് 16 നു നടന്ന കൊൽക്കത്ത കൂട്ടക്കുരുതിക്കു ശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്‌ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിദരായിരുന്നു. ആ കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചു. തുടർന്ന് വടക്കേ ഇന്ത്യയിലും ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജന തീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ കാരണമായി. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്ഥാനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഓരോ രാജ്യത്തിനും സ്വയംനിർണയാവകാശം തത്വത്തിൽ അംഗീകരിച്ചിരുന്നു. അതിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്.
ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും. പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്‌ലിംകളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും. സിന്ധിന് സ്വയം തീരുമാനമെടുക്കാം. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
പക്ഷേ ഈ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടതാണ് കോടികൾ പട്ടിണി കിടക്കുമ്പോഴും ലക്ഷക്കണക്കിനു കോടികൾ ആയുധങ്ങൾക്കായി ചെലവാക്കുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളേയും എത്തിച്ചത്. തങ്ങളുടെ നിലനിൽപിനായി ഇരു രാജ്യത്തേയും ഭരണാധികാരികൾ ഈ ശത്രുത എന്നു ഉപയോഗിച്ചുപോന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു.
മൂന്നു യുദ്ധങ്ങളാണ് ജമ്മു കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായത്. സാങ്കേതികമായി ഈ യുദ്ധങ്ങളിൽ ഇന്ത്യ ജയിച്ചിരിക്കാം. എന്നാൽ ധാർമികമായും രാഷ്ട്രീയമായും ആരെങ്കിലും ജയിച്ചോ? ഇല്ല എന്നതാണ് വാസ്തവം. അതേസമയം പതിനായിരങ്ങളെ കൊന്നൊടുക്കിയ 3 യുദ്ധങ്ങൾക്കു ശേഷവും കശ്മീർ സംഘർഷ ഭരിതമായി തുടരുന്നു. ജനങ്ങൾ പട്ടിണി കിടക്കുകയാണെങ്കിലും ഇരു രാജ്യങ്ങളും ലക്ഷക്കണക്കിനു കോടികൾ പ്രതിരോധത്തിനും ആക്രമണത്തിനുമായി ചെലവാക്കുന്നു. ഇരു രാജ്യങ്ങളും നിരന്തരമായി ഭീകരാക്രമണത്തിനു വിധേയമാകുന്നു. എന്നാലും പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കാനുള്ള ഒരു നീക്കവും ഇരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സമാധാനങ്ങൾക്കു പകരം കൊലകളെ കുറിച്ചാണ് ഇരു കൂട്ടരും സംസാരിക്കുന്നത.് ഒപ്പം ഇരുവശത്തേയും അധികാരികൾക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരവും ലഭിക്കുന്നു. ഒപ്പം തങ്ങളുടെ രാജ്യങ്ങളിൽ യുദ്ധമില്ലാതാക്കുകയും എന്നാൽ മറ്റു രാജ്യങ്ങളിൽ യുദ്ധസാഹചര്യം നിലനിർത്തുകയും ചെയ്യുന്ന ആയുധക്കച്ചവടക്കാർക്കും.
തീർച്ചയായും ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കണം. അതിനായി ഇരു രാജ്യങ്ങളും പരസ്പരം കൈ കോർക്കുകയാണ് വേണ്ടത്. കാരണം ഇരുവരും അതിന്റെ ഇരകളാണ്. എന്നാൽ നടക്കുന്നത് കൊമ്പുകോർക്കലാണ്. ഇതവസാനിപ്പിച്ചേ പറ്റൂ. യുദ്ധം ഒന്നിനും പരിഹാരമല്ല. യൂറോപ്യൻ രാജ്യങ്ങളെ പോലെ അയൽക്കാർ ഒന്നിച്ചുനിൽക്കേണ്ടവരാണ്. പോരടിക്കേണ്ടവരല്ല. അയൽനാട്ടുകാരുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാവുന്ന കാലമാണ് ഉണ്ടാകേണ്ടത്. അതു തിരിച്ചറിഞ്ഞു വിവേകത്തോടെയുള്ള നടപടികൾ ഇരുരാജ്യത്തേയും ഭരണാധികാരികളിൽ നിന്നു പ്രതീക്ഷിക്കാമോ?