Sorry, you need to enable JavaScript to visit this website.

അതിർത്തിയിലെ അശാന്തി

പ്രധാനമായും രണ്ട് നേട്ടങ്ങളാണ് വ്യോമസേനാ ആക്രമണത്തിലൂടെ മോഡി കൈവരിച്ചിരിക്കുന്നത്. ഒന്ന്, തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളെയും അപ്രസക്തമാക്കി, രാജ്യസുരക്ഷ എന്ന ഏക അജണ്ട സെറ്റ് ചെയ്യാൻ കഴിഞ്ഞു. രണ്ട് വാഗ്ദാന ലംഘനങ്ങളെയും സർക്കാരിന്റെ തെറ്റായ നടപടികളെയും തുടർന്ന് ബി.ജെ.പിയിൽനിന്ന് അകന്നുപോയ പ്രവർത്തകരെയും അനുഭാവികളെയും തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു. വോട്ടെടുപ്പ് വരെ ഈ മുൻതൂക്കം മോഡിക്ക് നിലനിർത്താനാവുമോ എന്നാണ് ഇനി കാണാനുള്ളത്. 

40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തക്ക തിരിച്ചടി കൊടുത്തുവെന്ന വാർത്ത മുഴുവൻ ഇന്ത്യക്കാരെയും ആഹ്ലാദിപ്പിച്ചിരുന്നു. 24 മണിക്കൂർ കഴിഞ്ഞപ്പോൾ ആ ആഹ്ലാദം ആശങ്കയിലേക്ക് വഴിമാറിയിരിക്കുന്നു. പാക്കിസ്ഥാന്റെ പിടിയിലായ രണ്ട് വ്യോമസേന പൈലറ്റുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയണേ എന്ന പ്രാർഥനയിലാണ് ഓരോ ഇന്ത്യക്കാരനും. അതിർത്തിയിൽ അശാന്തി പുകയുന്നു. കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. രാജ്യം മറ്റൊരു യുദ്ധത്തിന്റെ മുനമ്പിലെത്തി നിൽക്കുന്നു.
ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 പോർവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാന്റെ ഉള്ളിലേക്ക് പറന്ന് ജെയ്‌ശെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകൾ തകർത്തുവെന്ന വാർത്ത ചൊവ്വാഴ്ച രാവിലെയാണ് പുറത്തു വന്നത്. മുന്നൂറോളം ഭീകരരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സൈന്യവും കേന്ദ്ര സർക്കാരും അവകാശപ്പെട്ടത്. ആക്രമണം നടന്നുവെന്ന് സമ്മതിച്ച പാക്കിസ്ഥാൻ പക്ഷേ ഇന്ത്യ പറയുന്നതു പോലെയുള്ള ആൾനാശം ഉണ്ടായിട്ടില്ലെന്ന് വാദിക്കുന്നു. 
എന്നാൽ ഇന്നലെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യൻ പോർവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ വാർത്ത. പിന്നീടാണ് പാക് പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിക്കടുത്തെത്തി ബോംബ് വർഷിച്ചെന്ന വാർത്ത പുറത്തുവന്നത്. പിന്നീട് രണ്ട് ഇന്ത്യൻ പോർവിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടെന്നും പൈലറ്റുമാരെ പിടികൂടിയെന്നും വാർത്ത വന്നു. തങ്ങൾ പറഞ്ഞതിന് തെളിവായി പാക് പട്ടാളക്കാർ പിടികൂടിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദന്റെ ചോരയൊലിക്കുന്ന മുഖത്തോടു കൂടിയ ചിത്രം പാക് മാധ്യമങ്ങൾ പുറത്തുവിട്ടത് ഇന്ത്യയിൽ നടുക്കമാണ് സൃഷ്ടിച്ചത്. ഇനി ഇന്ത്യക്കുമുന്നിൽ രണ്ട് വഴികളേയുള്ളൂ. ഒന്നുകിൽ എന്തും വരട്ടേയെന്ന് വെച്ച് സൈനിക നടപടിയുമായി മുന്നോട്ടു പോവുക. അല്ലെങ്കിൽ പാക്കിസ്ഥാനുമായി അനുരഞ്ജന ചർച്ചയിലൂടെ ജവാന്മാരെ സുരക്ഷിതരായി തിരിച്ചുകൊണ്ടുവരിക. 
അതെന്തായാലും സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പി സർക്കാരിന്റെയും അവിവേകമാണ് ഇന്ത്യയെ ഇപ്പോഴത്തെ സങ്കീർണമായ സാഹചര്യത്തിൽ കൊണ്ടുവന്നെത്തിച്ചതെന്ന് പറയാതെ വയ്യ. ചൊവ്വാഴ്ച പുലർച്ചെ നടന്ന വ്യോമസേനാ നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പിന്തുണച്ചിരുന്നു. പക്ഷേ അതിനെ തന്റെ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാണിക്കാൻ മോഡിക്ക് ഒരു നിമിഷം ആലോചിക്കേണ്ടിവന്നില്ല. അല്ലെങ്കിൽ അതിന് അദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നും, രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗം കേട്ടാൽ. 'രാജ്യം സുരക്ഷിത കരങ്ങളിലാണ്, ഇന്ത്യയുടെ ശിരസ്സ് കുനിയാൻ താൻ അനുവദിക്കില്ല, ഇത് ഭാരതാംബയോടുള്ള വാക്കാണ്. ശക്തമായ ഒരു കേന്ദ്ര സർക്കാരിനായി വോട്ട് ചെയ്യൂ...'
ഇന്ത്യയുടെ സൈനിക കരുത്ത് പാക്കിസ്ഥാനെ അപേക്ഷിച്ച് എത്രയോ ഉയരത്തിലാണെന്നത് പല തവണ തെളിഞ്ഞിട്ടുള്ളതാണ്. നാല് തവണ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചിട്ടുണ്ട്. 1971 ൽ അവരെ യുദ്ധത്തിൽ തോൽപിച്ചാണ് ഇന്ത്യ കിഴക്കൻ പാക്കിസ്ഥാനെ വേർപെടുത്തി ബംഗ്ലാദേശിന് രൂപം നൽകാൻ അവസരമൊരുക്കിയത്. അന്ന് ഒരു ലക്ഷത്തോളം പാക് സൈനികർ ഇന്ത്യൻ സേനക്കു മുന്നിൽ കീഴടങ്ങി. ആ സൈനിക മേധാവിത്വം പിന്നീടും ഇന്ത്യ പുലർത്തിപ്പോന്നു. അതുകൊണ്ടു തന്നെ പുൽവാമയിൽ ഭീകരാക്രമണമുണ്ടായപ്പോൾ, പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുന്ന അതിന്റെ സൂത്രധാരന്മാർക്ക് തക്ക തിരിച്ചടി നൽകാൻ നമ്മുടെ സൈന്യത്തിന് കരുത്തുണ്ടെന്ന കാര്യത്തിൽ ഒരു ഇന്ത്യക്കാരനും സംശയമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുലർച്ചെയിലെ വ്യോമാക്രമണത്തിലൂടെ അത് ഒരിക്കൽ കൂടി തെളിയുകയും ചെയ്തു. അതിനെയാണ് മോഡി കൗശലപൂർവം ഹൈജാക്ക് ചെയ്തത്. രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും തനിക്ക് നേരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും രാജ്യസ്‌നേഹമെന്ന ഒരൊറ്റ വജ്രായുധം ഉപയോഗിച്ച് നേരിടാനായിരുന്നു മോഡിയുടെ ശ്രമം. 
പാക്കിസ്ഥാനിലെ ഭീകര താവളങ്ങളിൽ പരിശീലനം നൽകി കരവഴിയും കടൽവഴിയും നുഴഞ്ഞുകയറി എത്തിയ ഭീകരർ ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും കയ്യും കണക്കുമില്ല. പക്ഷേ പുൽവാമ ഭീകരാക്രമണത്തിന്റെ സമയവും അത് നടപ്പാക്കപ്പെട്ട രീതിയും പലവിധ സംശയങ്ങളുമുയർത്തി. ഇങ്ങനെ സംശയമുയർത്തിയവരിൽ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് മുതൽ മുൻ സൈനിക ഓഫീസർമാരടക്കം നിരവധി പ്രമുഖരുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ പെട്ട ഹൈവേയിലൂടെ ഭീകരന് 350 കിലോ സ്‌ഫോടക വസ്തു കാറിൽ കൊണ്ടുവരാൻ കഴിഞ്ഞത് എങ്ങനെയെന്നായിരുന്നു പ്രധാന ചോദ്യം. വൻതോതിലുള്ള ഇന്ത്യൻ സേനാ നീക്കത്തെക്കുറിച്ച് ഭീകരർക്ക് എങ്ങനെ മുൻകൂട്ടി വിവരം കിട്ടിയെന്നതായിരുന്നു മറ്റൊരു ചോദ്യം. തെരഞ്ഞെടുപ്പ് അടുക്കുകയും വിവിധ ആരോപണങ്ങളിൽ പെട്ട് കേന്ദ്ര സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഭീകരാക്രമണമെന്നതും സംശയത്തിനിട നൽകി. എല്ലാത്തിനും പുറമേയാണ് ഈ മേഖലയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിയൻസ് മുന്നറിയിപ്പുണ്ടായിരുന്നതായുള്ള വിവരം. നമുക്ക് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നെന്നും വേണ്ടത്ര കരുതൽ നടപടികൾ എടുക്കാനായില്ലെന്നുമാണ് കശ്മീർ ഗവർണർ തന്നെ പറഞ്ഞത്. ഈ വീഴ്ചക്ക് നമുക്ക് വിലയായി കൊടുക്കേണ്ടിവന്നതോ 40 ജവാന്മാരുടെ വിലപ്പെട്ട ജീവനുകളും.
ഇത്തരം നിരവധി വീഴ്ചകളുടെ പേരിൽ രാഷ്ട്രീയമായി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മോഡി വ്യോമസേനാ ആക്രമണത്തെ ഉപയോഗപ്പെടുത്തിയത്. 
തെരഞ്ഞെടുപ്പ് ആഴ്ചകൾ മാത്രം അടുത്തെത്തി നിൽക്കേ ഇത്തരമെന്തെങ്കിലും സംഭവിക്കുമെന്ന് പല പ്രമുഖരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി യുദ്ധമോ, ഭീകരാക്രമണമോ, വോട്ടിംഗ് മെഷീൻ കൃത്രിമമോ എന്തെങ്കിലുമൊക്കെ നടത്താൻ ബി.ജെ.പി തയാറാവുമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്‌ഠേയ കട്ജു പറഞ്ഞത് അടുത്ത കാലത്താണ്. മറ്റ് പല രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവർത്തകരും മോഡി പയറ്റാൻ ഇടയുള്ള അടവുകളെക്കുറിച്ച് സൂചിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സി.ഐ.എ മുൻ ഡയറക്ടർ പറഞ്ഞതും ഈയിടെ മാധ്യമങ്ങളിൽ വന്നിരുന്നു. ഈ പറഞ്ഞതെല്ലാം വെറും ഊഹമല്ല, നടക്കാവുന്ന കാര്യങ്ങളാണെന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽനിന്ന് മനസ്സിലാവുന്നത്. 
വ്യോമ ആക്രമണത്തിൽ മുന്നൂറിലേറെ പാക് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ അവകാശപ്പെട്ടപ്പോഴും അതിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചില്ലെന്നതും ഓർക്കണം. ആക്രമണം കഴിഞ്ഞ് പോർവിമാനങ്ങൾ തിരികെ വന്നതിന് തൊട്ടുപിന്നാലെ മരണ സംഖ്യ കൃത്യമായി ഇന്ത്യ പുറത്തുവിട്ടതു തന്നെ ഇതൊരു പ്രൊപ്പഗൻഡ ആണെന്ന സംശയം അന്താരാഷ്ട്ര ഏജൻസികൾ പ്രകടിപ്പിച്ചിരുന്നു. മരണ സംഖ്യ പറഞ്ഞുവെന്നല്ലാതെ അതിന് നിരക്കുന്ന തെളിവുകൾ പുറത്തുവിടാൻ നമുക്ക് കഴിഞ്ഞുമില്ല. അതിനിടെ, വ്യോമസേനാ ആക്രമണത്തിന് തെളിവെന്ന വ്യാജേന ചില കേന്ദ്രങ്ങളിൽനിന്ന് കംപ്യൂട്ടർ ഗെയിം ചിത്രങ്ങൾ പുറത്തുവന്ന കാര്യം ഇന്ത്യൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു. അതിനിടെയാണ് ഇന്ത്യൻ പൈലറ്റിന്റെ ചിത്രം പാക് മാധ്യമങ്ങൾ പുറത്തു വിടുന്നത്. ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ നാല് സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്നും അതിന് തിരിച്ചടി നൽകുമെന്നുംാണ് ഇപ്പോൾ പാക്കിസ്ഥാൻ പറയുന്നത്. ഇന്ത്യ വളരെ കരുതലോടെ നീങ്ങേണ്ട സമയമാണിത്. രാജ്യസ്‌നേഹം പ്രഘോഷിക്കുന്ന ആക്രോശമല്ല, വിവേകമാണ് ഇപ്പോൾ ഭരണാധികാരികൾ കാണിക്കേണ്ടത്.

Latest News