Sorry, you need to enable JavaScript to visit this website.

അഭിനന്ദൻ വർധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്‌- പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമത്തിന്റെ ഭാഗമായി നാളെ മോചിപ്പിക്കുമെന്ന് പക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനുള്ള ആദ്യ പടി ആയാണ് ഇന്ത്യന്‍ പൈലറ്റിന്റെ മോചനം പ്രഖ്യാപിക്കുന്നതെന്നും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു. ഈ സമാധാന ശ്രമത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അശാന്തിയുണ്ടാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും ഇംറാൻ ഖാൻ വ്യക്തമാക്കി.

'യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. എനിക്ക് ആശങ്കയുണ്ട്. ഇനിയൊരു കണക്കുകൂട്ടല്‍ പിഴക്കരുത്. കണക്കു കൂട്ടലുകല്‍ പിഴച്ചതിന്റെ പേരില്‍ രാജ്യങ്ങള്‍ തന്നെ തകര്‍ന്നിട്ടുണ്ട്'- ഇംറാന്‍ പറഞ്ഞു. 

പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചതിനു പിന്നാലെയാണ് ഇംറാന്‍ ഖാന്റെ പ്രഖ്യാപനം. അഭിനന്ദന്‍ വര്‍ധ്മാനെ നിരുപാധികം ഉടന്‍ മോചിപ്പിക്കണമെന്നാണ് ഇന്ത്യ പാക്കിസ്ഥാനോട് ഇന്ന് ശക്തമായി ആവശ്യപ്പെട്ടിരിന്നു.

Latest News