Sorry, you need to enable JavaScript to visit this website.

സംഝോത എക്‌സ്പ്രസ് പാക്കിസ്ഥാന്‍ റദ്ദാക്കി; ലാഹോറിലും അട്ടാരിയിലും യാത്രക്കാര്‍ കുടുങ്ങി

ലാഹോര്‍- ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പതിറ്റാണ്ടുകളായി സൗഹൃദ സൗഹൃദ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് ട്രെയ്ന്‍ പാക്കിസ്ഥാന്‍ റദ്ദാക്കി. ഇതോടെ ലാഹോറില്‍ യാത്രക്കാര്‍ കുടുങ്ങി. ആഴ്ചയില്‍ രണ്ടു സര്‍വീസുകളുള്ള സംഝോത എക്‌സ്പ്രസ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസ് നടത്തില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണിത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാല്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും പാക് അധികൃതര്‍ അറിയിച്ചു. കറാച്ചിയില്‍ നിന്നു പുറപ്പെട്ട ട്രെയ്ന്‍ ലാഹോറില്‍ വച്ചാണ് റദ്ദാക്കിയത്. 16 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നു പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചകളിലും വ്യാഴാചകളിലുമാണ് ലാഹോറില്‍ നിന്നും ഈ ട്രെയ്ന്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ചയും ഞായറാഴ്ചയുമാണ് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍. 

ഇതു സംബന്ധിച്ച് ഇന്ത്യയ്ക്ക് അറിയിപ്പൊന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി ദല്‍ഹിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക്് പുറപ്പെട്ട സംഝോത എക്‌സ്പ്രസ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ഏറ്റവുമൊടുവിലെ റെയില്‍വെ സ്റ്റേഷനായ പഞ്ചാബിലെ അട്ടാരിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ സര്‍വീസ് റദ്ദാക്കിയതോടെ അട്ടാരി അതിര്‍ത്തി കടക്കാന്‍ കഴിയില്ല. യാത്രക്കാരെ ബസ് മാര്‍ഗമോ മറ്റോ വാഗയിലെത്തിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ആറു സ്ലീപര്‍ കോച്ചുകളും ഒരു എസി ത്രി ടിയര്‍ കോച്ചുമുള്ള സംഝോത എക്‌സ്പ്രസ് 1976 ജുലൈ 22-നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദ ഓട്ടം തുടങ്ങിയത്. 1971-ലെ ഇന്ത്യാ പാക് യുദ്ധം തീര്‍പ്പാക്കിയ ഷിംല കരാറിന്റെ ഭാഗമായാണ് ഈ സര്‍വീസിനു തുടക്കം.

Latest News