സലാം ചൊല്ലും, ഇംഗ്ലീഷും അറബിയും സംസാരിക്കും; ടൈറ്റാന്‍ റോബോട്ടിനെ കാണാം

നിര്‍മിത ബുദ്ധിയുടെ വികാസത്തോടെ കൗതുകം വര്‍ധിപ്പിക്കുന്ന റോബോട്ടുകള്‍ ഓരോ ദിവസവും പിറന്നു വീഴുകയാണ്. സലാം ചൊല്ലിയും ഇംഗ്ലീഷിലും അറബിയിലും സ്വയം പരിചയപ്പെടുത്തിയുമാണ് ടൈറ്റാന്‍ റോബോട്ട് ഇക്കുറി മനം കവര്‍ന്നത്. ദുബായില്‍ ഈയിടെ സമാപിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിലാണ് (ഐഡക്‌സ് 2019) ടൈറ്റാന്‍ റോബോട്ട് അതിഥികളെ വരവേറ്റത്.
എട്ടടി ഉയരമുളള ടൈറ്റാന്റെ നടത്തം തന്നെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു. സൈനിക വേഷം ധരിച്ചാണ് അവന്‍ സദസ്യര്‍ക്കിടയിലൂടെ നടന്നത്.
ബ്രിട്ടീഷ് കമ്പനിയായ സൈബര്‍സ്റ്റെയിന്‍ വികസിപ്പിച്ച 60 കിലോ തൂക്കമുള്ള ടൈറ്റാന്‍ റോബോട്ട് ആദ്യമായല്ല യു.എ.ഇ സന്ദര്‍ശിക്കുന്നത്. ലോകത്തെ ആദ്യ വാണിജ്യ വിനോദ റോബോട്ടായ ഇവന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ബുര്‍ജ് ഖലീഫയില്‍ വന്നിരുന്നു. അതിനു മുമ്പ് മാര്‍ച്ചില്‍ അബുദാബിയില്‍ ദേശീയ സുരക്ഷ സമ്മേളനത്തിനു വന്നപ്പോള്‍ വനിതാ റോബോട്ടുമായി കുശലാന്വേഷണം നടത്തിയതും ശ്രദ്ധേയമായിരുന്നു.  

 

Latest News