സകാക്ക- ബിനാമി ബിസിനസ് കേസ് പ്രതിയായ ജോർദാൻകാരനെ സകാക്ക ക്രിമിനൽ കോടതി മൂന്നു മാസം തടവിന് ശിക്ഷിച്ചു. പ്രതി അലി ബിൻ ആയിദ് റാശിദ് അൽ സരീഖാത്തിന് പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടു കടത്തുന്നതിനും കോടതി വിധിച്ചു. സകാക്കയിൽ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിലാണ് ജോർദാൻകാരനെ കോടതി ശിക്ഷിച്ചത്. സ്ഥാപനം അടച്ചു പൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ജോർദാൻകാരൻ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
സകാക്കയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ബിനാമി സ്ഥാപനമാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. റെസ്റ്റോറന്റ് ആസ്ഥാനവും ജീവനക്കാരുടെ താമസസ്ഥലവും സ്വന്തം നിലക്ക് വാടകക്കെടുത്ത ജോർദാൻകാരനാണ് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുന്നതെന്നും സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതെന്നും വൈദ്യുതി, ഫോൺ, ജല ബില്ലുകൾ അടക്കുന്നതെന്നും സ്ഥിരീകരിക്കുന്ന തെളിവുകൾ മന്ത്രാലയ ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്ഥാപന നടത്തിപ്പിലൂടെ ലഭിക്കുന്ന ലാഭം ഇയാൾ വിദേശത്തേക്ക് അയക്കുന്നതിന്റെ രേഖകളും റെയ്ഡിൽ കണ്ടെത്തിയിരുന്നു.