മലപ്പുറം-കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പോലെ ഇത്തവണയും തെരഞ്ഞെടുപ്പു പോരാട്ടം കടുത്ത വേനൽ കാലത്തായതോടെ പ്രചാരണത്തിൽ തന്ത്രങ്ങൾ മാറും. വേനൽ ചൂടിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണ പരിപാടികൾ പരിമിതപ്പെടുത്തേണ്ടി വരും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് പാർട്ടികൾ ശ്രമങ്ങൾ തുടങ്ങി. ഫഌക്‌സുകൾക്ക് നിയന്ത്രണം വന്നതോടെ ഓൺലൈൻ സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് 2014 ഏപ്രിൽ പത്തിനായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിലിലാകുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടൽ. ഏതു സമയവും തെരഞ്ഞെുപ്പു പ്രഖ്യാപനം വന്നേക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കേരളത്തിൽ വേനൽ ചൂട് വർധിച്ചു തുടങ്ങിയതോടെ ഏപ്രിലിൽ അത് പാരമ്യത്തിലെത്തും. തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ വൈകുന്നേരങ്ങളിലേക്കും രാത്രിയിലേക്കും ക്രമപ്പെടുത്തുന്ന രീതിയാണ് ഇത്തവണയും പരീക്ഷിക്കുക. പകൽ സമയങ്ങളിൽ കവലകളിലും മറ്റു പൊതു സ്ഥലങ്ങളിലും ജനങ്ങൾ ഇല്ലാത്ത അവസ്ഥ വേനലിൽ പ്രചാരണത്തിന്റെ സമയക്രമം മാറ്റാൻ പാർട്ടികളെ നിർബന്ധിതരാക്കും.സ്ഥാനാർഥികളുടെ പര്യടനപരിപാടികൾ രാവിലെയും വൈകുന്നേരങ്ങളിലുമായി ക്രമപ്പെടുത്തേണ്ടി വരും. നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകൾ പോലെ താഴെ തട്ടിലുള്ള സ്ഥാനാർഥി പര്യടന പരിപാടികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകില്ല.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം വ്യാപകമാക്കുകയാണ് ഇതിന് പരിഹാരമായി പാർട്ടികൾ ആലോചിക്കുന്നത്. പാർലമെന്റ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പ്രാദേശിക തലങ്ങളിലും വിവിധ മുന്നണികൾ ഇതിനകം തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് പേജുകളും ആരംഭിച്ചിട്ടുണ്ട്. പാർട്ടികളുടെ ഓൺലൈൻ ഗ്രൂപ്പുകൾക്ക് പുറമെ വോട്ടർമാരിലെത്താൻ പൊതുവായ ഗ്രൂപ്പുകളും പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്രൂപ്പുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നു.
ഫഌക്‌സ് ബോർഡുകൾക്കുള്ള നിയന്ത്രണം ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് വെല്ലുവിളിയാകും. പൊതുസ്ഥലങ്ങളിൽ ഫഌക്‌സ് സ്ഥാപിക്കുന്നതിന് ഇത്തവണ കർശന നിയന്ത്രണമുണ്ടായേക്കും. മുൻകാലങ്ങളിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും അത് വ്യാപകമായി പാലിക്കപ്പെട്ടിരുന്നില്ല. ഇത്തവണ ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ നിരോധനം നടപ്പാക്കേണ്ടി വരും. കോടതി വിധിയുള്ളതിനാൽ സ്ഥാനാർഥികൾക്ക് ഫഌക്‌സുകളിൽ നിന്ന് സ്വയം പിൻമാറേണ്ടി വരും.






