മക്ക - വിവിധ സുരക്ഷാ വകുപ്പുകൾ സഹകരിച്ച് ഏതാനും ഡിസ്ട്രിക്ടുകളിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 189 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. പോലീസും മറ്റു സുരക്ഷാ വകുപ്പുകളും സഹകരിച്ച് റെഡ് ക്രസന്റിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെ വാദി ജലീൽ, അൽമൻസൂർ, ഹാറ യെമൻ, ഹോശ് ബകർ ഡിസ്ട്രിക്ടുകളിലാണ് റെയ്ഡ് നടത്തിയത്.
തിങ്കളാഴ്ച അർധരാത്രി ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി. നിയമ ലംഘകർ താമസിച്ചിരുന്ന കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ നമ്പറുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രതിനിധി രേഖപ്പെടുത്തിയിട്ടുണ്ട്. മീറ്റർ നമ്പറുകൾ വഴി കെട്ടിട ഉടമകളെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും.