50 രൂപ ചെലവില്‍ ഏഴ് അത്ഭുതങ്ങളും കാണാം 

ന്യൂദല്‍ഹി: ലോകാത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹമില്ലാത്തതായി ആരുണ്ട്?  പക്ഷെ അത്ഭുതങ്ങള്‍ ഉള്ള സ്ഥലത്തോക്കെ പോയിവരാനുള്ള ചിലവ് നോക്കുമ്പോള്‍ ആഗ്രഹം ഒന്ന് കുറയ്ക്കും അല്ലെ. 
എന്നാല്‍ ചിലവ് വിചാരിച്ച് ഇനി ആ ആഗ്രഹം മൂടി വയ്ക്കണ്ട കേട്ടോ. ഇപ്പോഴിതാ വെറും 50 രൂപ മതി ലോകാത്ഭുതങ്ങള്‍ കാണാന്‍. അതെ പറഞ്ഞത് സത്യമാണ് ഈ അത്ഭുതങ്ങള്‍ കാണാന്‍ ഇനി രാജ്യങ്ങള്‍ ചുറ്റി കറങ്ങേണ്ടതില്ല എന്ന് മാത്രം.
ഇവയെല്ലാം ഒരുമിച്ച് കാണാന്‍ അവസരം ഒരുക്കുകയാണ് ദക്ഷിണ ഡല്‍ഹിയിലെ പാര്‍ക്ക്. വെറും 50 രൂപ കൊണ്ട് ഏഴ് ലോകാത്ഭുതങ്ങളും കണ്ട് മടങ്ങാം. മനോഹരമായ ലോകാത്ഭുതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് വ്യവസായ മാലിന്യങ്ങള്‍ കൊണ്ടാണ്. അത്‌കൊണ്ട് തന്നെ ഈ പാര്‍ക്കിന് വേസ്റ്റ് ഓഫ് വണ്ടര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
താജ് മഹല്‍, ഗിസയിലെ പിരമിഡ്, പാരീസിലെ ഈഫല്‍ ടവര്‍, പിസയിലെ ചരിഞ്ഞ ഗോപുരം, ബ്രീസിലിലെ അത്ഭുത നിര്‍മിതിയായ ക്രൈസ്റ്റ് ദ റെഡീമര്‍, റോമിലെ കൊളോസിയം, ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി എന്നിവയാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഏഴ് മഹാത്ഭുത മാതൃകകള്‍. കാറ്റാടി, സൗര ഊര്‍ജത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം.

Latest News