Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ ചര്‍ച്ചയ്ക്കു തയാറാകണം; ഇനി തലയും ബുദ്ധിയും ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിന്നല്‍ വ്യോമാക്രമണത്തിനു മറുപടിയായി പാക് സേന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ സമാധാന സന്ദേശവുമായും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രംഗത്തെത്തി. അതിര്‍ത്തി ലംഘിച്ച് ഇങ്ങോട്ടു കടന്നു കയറിയാല്‍ അതുപോലെ അങ്ങോട്ടും കടന്നു കയറാന്‍ കഴിയുമെന്ന് തെളിയിക്കുക മാത്രമാണ് പാക്കിസ്ഥാന്‍ കാണിച്ചു കൊടുത്തതെന്ന് ഇംറാന്‍ പറഞ്ഞു. ഇനി തലയും ബുദ്ധിയും ഉപയോഗിക്കുന്നതാണ് നല്ലതെന്നും യുദ്ധം തുടങ്ങിയാല്‍ അത് എന്റെയും മോഡിയുടേയും നിയന്ത്രണത്തിലായിരിക്കില്ലെന്നും ഇംറാന്‍ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. 

'പുല്‍വാമയിലെ സംഭവത്തിനു ശേഷം നാം ഇന്ത്യയ്ക്ക് സമാധാനപരമായ നടപടികള്‍ വാഗ്ദാനം നല്‍കിയിരുന്നു. പുല്‍വാമയില്‍ സ്വന്തക്കാരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ആശുപത്രികള്‍ സന്ദര്‍ശിച്ച് സംഘര്‍ഷങ്ങള്‍ കൊണ്ട് ദുരിതത്തിലായവരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ നമുക്ക് 70,000 പേരെ നഷ്ടമായിട്ടുണ്ട്. ബാക്കിയായവരുടേയും പരിക്കേറ്റവരുടേയും അനുഭവം എന്താണെന്നും അറിയാം. ഇതു മുന്‍ നിര്‍ത്തിയാണ് ഇന്ത്യയുമായി സഹകരിക്കാമെന്നു നിലപാട് അറിയിച്ചത്. നമ്മുടെ ഭൂമി ഭീകരവാദത്തിന് വിട്ടുകൊടുക്കണമെന്ന് പാക്കിസ്ഥാന് ഒരു താല്‍പര്യവുമില്ല. ഇതില്‍ ഒരു തര്‍ക്കവുമില്ല. എങ്കിലും ഇന്ത്യ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ആശങ്കയുണ്ടായിരുന്നു. അതു കൊണ്ടാണ് ആക്രമണമുണ്ടായാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിയത്. കാരണം ഒരു പരമാധികാര രാജ്യത്തിനും ഇത് അനുവദിക്കാനാവില്ല.'

അവരുടെ രണ്ടു മിഗ് വിമാനങ്ങള്‍ പാക് സേന തകര്‍ത്തിട്ടു. ഇവിടെ നിന്നും ഇനി എങ്ങോട്ടാണ് പോകേണ്ടതെന്നത് വളരെ പ്രധാനമാണ്. ഈ ഘട്ടം മുതല്‍ നമ്മുടെ തലകളും ബുദ്ധിയും ഉപയോഗിക്കുന്നതാകും നല്ലത്. എല്ലാ യുദ്ധങ്ങളും പിഴച്ച കണക്കുകൂട്ടലുകളാണ്. അത് എവിടെ വരെ എത്തുമെന്ന് ആര്‍ക്കും അറിയില്ല. ഒന്നാം ലോക യുദ്ധം ഒരാഴ്ച നീളുമെന്നാണ് കരുതിയിരുന്നത്. അത് അവസാനിക്കാന്‍ ആറു വര്‍ഷമെടുത്തു. അതു പോലെ ഭീകരതയ്‌ക്കെതിരായ പോരാട്ടം 17 വര്‍ഷം നീളുമെന്ന് യുഎസും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- ഇംറാന്‍ പറഞ്ഞു. 

ഞാന്‍ ഇന്ത്യയോട് ചോദിക്കുന്നു: ഞങ്ങളുടേയും നിങ്ങളുടേയും പക്കലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഇത്തരമൊരു തെറ്റായ കണക്കുകൂട്ടല്‍ നമുക്ക് താങ്ങാവുന്നതാണോ? ഇതു മൂര്‍ഛിച്ചാല്‍ കാര്യങ്ങള്‍ എന്റെയോ മോഡിയുടെയോ നിയന്ത്രത്തിലാവില്ല- ഇംറാന്‍ പറഞ്ഞു. 

ഞാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ ക്ഷണിക്കുകയാണ്. ഞങ്ങള്‍ ഒരുക്കമാണ്. പുല്‍വാമയില്‍ ഇന്ത്യ അനുഭവിച്ച ദുഃഖം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഭീകരവാദത്തെ കുറിച്ച് ഏതു ചര്‍ച്ചയ്ക്കും ഞങ്ങള്‍ തയാറാണ്. നല്ല ബോധം നിലനില്‍ക്കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. നമുക്ക് ഒന്നിച്ചിരുന്ന് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താം- പാക് പ്രധാനമന്ത്രി വ്യക്തമാക്കി.
 

Latest News