Sorry, you need to enable JavaScript to visit this website.

ആദിവാസി പന്തലിൽ സ്‌നേഹസാന്നിധ്യമായി പി.കെ ബഷീർ എം.എൽ.എ;സമരം പിൻവലിച്ചു 

മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ആദിവാസി യുവതികളുമായി പി.കെ. ബഷീർ എം.എൽ.എ ചർച്ച നടത്തുന്നു.

മലപ്പുറം- വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആദിവാസി വനിതകൾ മലപ്പുറം സിവിൽ സ്‌റ്റേഷനു മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം പിൻവലിച്ചു. ഏറനാട് എം.എൽ.എ പി.കെ ബഷീർ ഇടപെട്ടാണ് സമരം പിൻവലിച്ചത്. രണ്ടു ദിവസമായി സിവിൽ സ്റ്റേഷൻ ഗേറ്റിനു മുന്നിൽ ഇവർ  നിരാഹാരമിരിക്കുകയായിരുന്നു. ആദിവാസി സമരത്തെക്കുറിച്ചു അറിഞ്ഞ എം.എൽ.എ സമരക്കാരെ കാണാനായി മലപ്പുറത്തെത്തുകയായിരുന്നു. തുടർന്നു ആദിവാസി വനിതകളുമായി ചർച്ച നടത്തിയ പി.കെ. ബഷീർ എം.എൽ.എ പിന്നീട് കലക്ടർ അമിത് മീണയുമായും വിഷയം ചർച്ച ചെയ്തു. തുടർന്നു സമരക്കാരെ പന്തലിൽ നിന്നു എം.എൽ.എയുടെ കാറിൽ തന്നെ കലക്ടറുടെ ചേംബറിലേക്കു വിളിച്ചു വരുത്തി അവരുടെ പ്രശ്‌നങ്ങൾ  കലക്ടറുടെ ശ്രദ്ധയിൽ പെടുത്തി. ഇതേത്തുടർന്നു ഉന്നതതലത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിലെത്തുകയായിരുന്നു. വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ വിഷയം ചർച്ചാ ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചതെന്നു സമര നേതാക്കൾ അറിയിച്ചു. ന്യായമായ വിഷയങ്ങളായതിനാലാണ് ഇവർ നടത്തിയ സമരത്തിൽ ഇടപെട്ടതെന്നു പി.കെ ബഷീർ പറഞ്ഞു. ജില്ലയിലെ വിവിധ കോളനികളിൽ നിന്നുള്ള ആദിവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നത്. നാൽപതോളം പേരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സമരം നടത്തിയിരുന്നത്.  തുടർന്നു ഇന്നലെയാണ് സമരം അവസാനിച്ചത്. 

Latest News