ഇസ്‌ലാമാബാദ്- പാക്കിസ്ഥാൻ വെടിവെച്ച് വീഴ്ത്തിയ ഇന്ത്യൻ വിമാനത്തിലെ പൈലറ്റിന്റെ വീഡിയോ പാക് റേഡിയോ പുറത്തുവിട്ടു. പരിക്കേറ്റ പൈലറ്റിന്റെ വീഡിയോയാണ് പാക് റേഡിയോ പ്രക്ഷേപണം ചെയ്തത്. ഇന്ത്യൻ എയർഫോഴ്‌സിന്റെ ജെറ്റ് വിമാനം വെടിവെച്ചിട്ടുവെന്ന് നേരത്തെ പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. തങ്ങളുടെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചാണ് ഈ വിമാനത്തിലെ പൈലറ്റിന്റെ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടത്. വിങ് കമാണ്ടർ അഭിനന്ദൻ ആണെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ മുഴുവൻ വിമാനങ്ങളും സുരക്ഷിതമാണെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇന്ത്യയുടെ രണ്ടു പൈലറ്റുമാരെ പിടികൂടിയിട്ടുണ്ടെന്നും ഒരാൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണെന്നുമാണ് പാക്കിസ്ഥാൻ വാദിക്കുന്നത്.