Sorry, you need to enable JavaScript to visit this website.

പാക് പോര്‍വിമാനം വെടിവച്ചിട്ടെന്ന് ഇന്ത്യ; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് പാക്കിസ്ഥാനും

ബുദ്ഗാമില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് വിമാനാവശിഷ്ടങ്ങള്‍

ന്യുദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നല്‍ വ്യോമാക്രമണത്തിനു പിന്നാലെ ജമ്മുകശ്മീരില്‍ അതിര്‍ത്തിയില്‍ പോര് കനക്കുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ എഫ്-16 പോര്‍വിമാനം വെടിവച്ചിട്ടിതായി ഇന്ത്യന്‍ വ്യോമ സേനാ വൃത്തങ്ങള്‍ അവകാശപ്പെട്ടു. രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കു സമീപത്താണ് പാക് വിമാനം തകര്‍ന്നു വീണത്. പൂഞ്ച്, നൗഷേറ സെക്ടറുകലില്‍ അതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളെ ഇന്ത്യന്‍ വ്യോമ സേനയുടെ പട്രോളിങ് വിമാനങ്ങള്‍ തുരത്തിയോടിച്ചു. തിരിച്ചു പറക്കുന്നതിനിടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഇവ ബോംബ് വര്‍ഷിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ബോംബാക്രമണത്തില്‍ പരിക്കുകലോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. 

അതേസമയം രണ്ട് ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്നും പാക്കിസ്ഥാനും അവകാശപ്പെട്ടു. പാക് വ്യോമാതിര്‍ത്തി ലംഘിച്ച വിമാനങ്ങളാണ് തകര്‍ത്തത്. ഒന്നു പാക് അധിനിവേശ കശ്മീരിലും മറ്റൊന്നു ജമ്മു കശ്മീരിലുമാണ് തകര്‍ന്നു വീണതെന്ന് പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

അതിനിടെ, ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചതായി ബുദ്ഗാം ജില്ലാ പോലീസ് അറിയിച്ചു. 

അതിര്‍ത്തിയില്‍ വ്യോമാക്രമണ, പ്രത്യാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീരിലേയും പഞ്ചാബിലേയും വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സാധാരണ വിമാന സര്‍വീസുകല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടാവില്ലെന്നാണ് അറിയിപ്പ്.
 

Latest News