Sorry, you need to enable JavaScript to visit this website.

സൗദിയിൽ  പന്നിയിറച്ചി പിടിച്ചെടുത്തിട്ടില്ല -ഫുഡ് അതോറിറ്റി

റിയാദ് - സൗദിയിലെ വിപണികളിൽനിന്ന് രണ്ടു വർഷത്തിനിടെ പന്നിയിറച്ചി പിടിച്ചെടുത്തിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പ്രസിഡന്റ് ഡോ. ഹിശാം അൽജദ്ഇ വ്യക്തമാക്കി. പന്നി കൊഴുപ്പ് അടക്കമുള്ള പന്നിയിറച്ചി ഭാഗങ്ങൾ അടങ്ങിയ ഉൽപന്നങ്ങളും സമീപ കാലത്ത് പ്രാദേശിക വിപണിയിൽ കണ്ടെത്തിയിട്ടില്ല. ബ്രസീലിൽ നിന്ന് സൗദിയിലേക്ക് കയറ്റി അയക്കുന്ന കോഴികളെ ഷോക്കേൽപിച്ചാണ് കൊലപ്പെടുത്തുന്നത് എന്ന റിപ്പോർട്ടുകൾ ശരിയല്ല. സൗദിയിലേക്ക് കയറ്റി അയക്കുന്ന ഇറച്ചി ഉൽപന്നങ്ങൾ തയാറാക്കുന്നതിന് കാലികളെയും കോഴികളെയും ഷോക്കേൽപിച്ച് കൊലപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തുടർച്ചയായി ബ്രസീലിലേക്ക് സംഘങ്ങളെ അയക്കുന്നുണ്ട്. 
ഏറ്റവും ഒടുവിൽ നാലു വിദഗ്ധരടങ്ങിയ സംഘം ബ്രസീലിൽ ഒരു മാസം തങ്ങി സൗദിയിലേക്ക് കയറ്റി അയക്കുന്ന ഇറച്ചിയുടെ സുരക്ഷ നിരീക്ഷിച്ച് ഉറപ്പു വരുത്തി. കാലികളെയും കോഴികളെയും കശാപ്പു ചെയ്യുന്നതിനു പകരം ഷോക്കേൽപിച്ചാണ് കൊലപ്പെടുത്തുന്നതെന്ന് വ്യക്തമായാൽ ബ്രസീസിലിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി ഉടനടി വിലക്കും. സൗദിയിൽ പൗൾട്രി ഫാം വ്യവസായം നവീകരിക്കുന്നതിന് അതോറിറ്റി ശ്രമിച്ചുവരികയാണ്. സൗദി അറേബ്യക്ക് ആവശ്യമായ കോഴിയിറച്ചിയുടെ അമ്പതു ശതമാനവും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. സിറിയയിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന അരച്ച എള്ളിൽ (ത്വഹീനിയ്യ) ഉയർന്ന തോതിൽ ഈയം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും ശരിയല്ല. ത്വഹീനിയ്യയിൽ ഉയർന്ന തോതിൽ ഈയം അടങ്ങിയതായി കണ്ടെത്തിയാൽ അവ ഉടനടി വിപണിയിൽ നിന്ന് പിൻവലിക്കും. കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റിയുമായി ബന്ധമുള്ളതിനാൽ ആഗോള തലത്തിൽ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്ന നാലു കളറുകൾ വിലക്കുന്നതിന് അതോറിറ്റിക്ക് നീക്കമുണ്ട്. പ്രാദേശിക വിപണിയിലെ മരുന്ന് ലഭ്യത 95 ശതമാനത്തിലധികമായി ഉയർത്തുന്നതിന് അതോറിറ്റി ലക്ഷ്യമിടുന്നു. മരുന്നുകൾ ലഭ്യമാക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ഡോ. ഹിശാം അൽജദ്ഇ പറഞ്ഞു.
 

Latest News