2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറിമറിഞ്ഞ ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ 2019 തെരഞ്ഞെടുപ്പാവുമ്പോഴേക്കും ഒരു ചക്രം പൂർത്തിയാക്കുകയാണ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മതേതര സമൂഹത്തിന്റെ ആവേശമായിരുന്നു ബി.ജെ.പിക്കെതിരെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ രൂപം കൊണ്ട മഹാഗഡ്ബന്ധൻ (മഹാസഖ്യം). ബി.ജെ.പിയെ തോൽപിക്കാൻ മതേതര കൂട്ടായ്മക്കായി. എന്നാൽ വൈകാതെ ആർ.ജെ.ഡിയെയും കോൺഗ്രസിനെയും ഉപേക്ഷിച്ച് നിതീഷ് കുമാർ ബി.ജെ.പി പാളയത്തിൽ തിരിച്ചെത്തി.
നരേന്ദ്ര മോഡിയെ പരസ്യമായി എതിർത്തിരുന്ന നിതീഷ് കുമാർ 17 വർഷത്തെ ബി.ജെ.പി ബാന്ധവം ഉപേക്ഷിച്ചത് 2013 ലാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച ജെ.ഡി.യുവിന് നളന്ദ, പൂർണിയ മണ്ഡലങ്ങളിൽ മാത്രമാണ് ജയിക്കാനായത്. മോഡി തരംഗത്തിൽ ബി.ജെ.പി സഖ്യം ബിഹാറിൽ വൻ വിജയം നേടി. മൊത്തം 40 സീറ്റിൽ ബി.ജെ.പിക്കു മാത്രം 22 സീറ്റ് കിട്ടി. എൻ.ഡി.എ സഖ്യകക്ഷികളായ ലോക്ജനശക്തി പാർട്ടിക്ക് (എൽ.ജെ.പി) ആറും രാഷ്ട്രീയ ലോക്‌സമതാ പാർട്ടിക്ക് മൂന്നും സീറ്റ് ലഭിച്ചു. മൊത്തം 31 സീറ്റ്. യു.പി.എക്ക് കിട്ടിയത് ആറ് സീറ്റ് മാത്രം -കോൺഗ്രസിന് ആകെ കിട്ടിയത് രണ്ട് സീറ്റാണ്, സുപോളും കിഷൻഗഞ്ചും. രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) നാല് സീറ്റ് കിട്ടി. അവശേഷിച്ച മൂന്നു സീറ്റുകളിൽ രണ്ടെണ്ണം നിതീഷിന്റെ ജനതാദൾ യുനൈറ്റഡും (ജെ.ഡി.യു) ഒന്ന് എൻ.സി.പിയും സ്വന്തമാക്കി.
ഇത്തവണ ജെ.ഡി.യുവും ബി.ജെ.പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. മോഡി മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ രാജിവെച്ച ഉപേന്ദ്ര കുശവാഹയുടെ ലോക്‌സമതാ പാർട്ടിയും, മുൻ മുഖ്യമന്ത്രി ജീതൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്.എ.എം) എൻ.ഡി.എ വിട്ടു. മതേതര സഖ്യത്തോടൊപ്പമാണ് ഇപ്പോൾ ഇരു പാർട്ടികളും. കൂടാതെ മുകേഷ് സാഹ്‌നിയുടെ വികാസശീൽ ഇൻസാൻ പാർട്ടിയും മതേതര മുന്നണിയുടെ ഭാഗമാണ്. സാഹ്‌നിയും കുശവാഹയും മാഞ്ചിയുമെല്ലാം തങ്ങളുടെ സമുദായങ്ങളിൽ വലിയ സ്വാധീനമുള്ളവരാണ്. ഇടതു പാർട്ടികളായ സി.പി.ഐ, സി.പി.എം, ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) എന്നിവയും സഖ്യത്തിലുണ്ട്.
നേരത്തെ സീറ്റ് വിഭജനം പൂർത്തിയാക്കിയത് എൻ.ഡി.എക്ക് വലിയ നേട്ടമാണ്. സീറ്റ് വിഭജനത്തിൽ ജെ.ഡി.യു വലിയ നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 22 എണ്ണമുൾപ്പെടെ എൻ.ഡി.എ 31 സീറ്റ് നേടിയിട്ടും ഇത്തവണ ബി.ജെ.പി മത്സരിക്കുന്നത് 17 സീറ്റിൽ മാത്രം. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രം കിട്ടിയ ജെ.ഡി.യുവും 17 സീറ്റിൽ മത്സരിക്കും. ബാക്കി ആറ് സീറ്റുകളിൽ പസ്വാന്റെ എൽ.ജെ.പി. ബിഹാറിലും മഹാരാഷ്ട്രയിലും സഖ്യകക്ഷികളുടെ പവറിന് മുന്നിൽ ബി.ജെ.പി കീഴടങ്ങിയത് ഒറ്റക്ക് കേന്ദ്രത്തിൽ ഭൂരിപക്ഷം കിട്ടില്ലെന്ന തിരിച്ചറിവ് കൊണ്ടായിരുന്നു.
അതേസമയം, സീറ്റ് വിഭജനം മതേതര സഖ്യത്തിന് വലിയ വെല്ലുവിളിയായിരിക്കും. കുശവാഹയുടെ സമതാ പാർട്ടിക്ക് നൽകുന്നതിനെക്കാൾ ഒരു സീറ്റെങ്കിലും കൂടുതൽ കിട്ടാതെ മാഞ്ചിയുടെ എച്ച്.എ.എം അടങ്ങുന്ന ലക്ഷണമില്ല. 20 സീറ്റ് ആവശ്യപ്പെടുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോൺഗ്രസിന് 10 സീറ്റും മാഞ്ചിക്ക് ഒരു സീറ്റും നൽകാമെന്നും 20-22 സീറ്റെങ്കിലും തങ്ങൾക്കു വേണമെന്നുമാണ് ആർ.ജെ.ഡി പറയുന്നത്. 2014 ൽ ആർ.ജെ.ഡി 27 സീറ്റിലും കോൺഗ്രസ് 13 സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ 15 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ജാതി രാഷ്ട്രീയം
നിതീഷ് കുമാറിന്റെ നില ബിഹാറിൽ അത്ര ഭദ്രമല്ല. അതുകൊണ്ട് തന്നെ ജാതിരാഷ്ട്രീയം പയറ്റുകയാണ് അദ്ദേഹം. ബേറസ്ഗാരി ഹടാവൊ, ആരക്ഷൺ ബഡാവോ (തൊഴിലില്ലായ്മ നീക്കൂ, സംവരണം കൂട്ടൂ) എന്ന ആർ.ജെ.ഡിയുടെ കാമ്പയിൻ സംസ്ഥാന സർക്കാരിനെ ഉലച്ചിട്ടുണ്ട്. നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചാണ് നിതീഷ് ഭരണവിരുദ്ധ തരംഗം മറികടക്കാൻ ശ്രമിക്കുന്നത്. ആർ.ജെ.ഡി ഒ.ബി.സി വിഭാഗത്തെയും മറ്റു താഴ്ന്ന ജാതിക്കാരെയുമാണ് നോട്ടമിടുന്നത്. എം.ബി.സിയും (ഏറ്റവും പിന്നോക്കക്കാർ) ഉന്നത ജാതിക്കാരുമായിരിക്കും എൻ.ഡി.എയുടെ ശക്തി. 10 ശതമാനം സാമ്പത്തിക സംവരണം നിതീഷ് സ്വാഗതം ചെയ്തിട്ടുണ്ട്.
ലാലുവിന്റെ അസാന്നിധ്യം
യു.പി.എയുടെ ഏറ്റവും വലിയ ശക്തിയായ ലാലു പ്രസാദ് യാദവിന്റെ അസാന്നിധ്യം മതേതര സഖ്യത്തിന് ഇത്തവണ വലിയ ക്ഷീണമായിരിക്കും. ലാലു ജയിലിലാണ്. പകരം തേജസ്വി യാദവിന്റെ കൈയിലാണ് പാർട്ടി. സഖ്യകക്ഷികളെ നയകൗശലത്തോടെ കൈകാര്യം ചെയ്യാൻ തേജസ്വിക്ക് സാധിക്കുന്നുണ്ട്. റാഞ്ചി ജയിലിൽ നിരന്തരം ലാലുവിനെ സന്ദർശിച്ച് ഉപദേശം തേടുന്നുമുണ്ട്.
പട്‌നസാഹിബിൽ നിന്ന് കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച പ്രമുഖ സിനിമാ താരം ശത്രുഘ്‌നൻ സിൻഹ കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം കിട്ടാതെ വന്നതോടെ ശക്തനായ മോഡി വിരുദ്ധനായി. മോഡിയെ പരിഹസിക്കാനുള്ള ഒരവസരവും സിൻഹ പാഴാക്കാറില്ലായിരുന്നു. കഴിഞ്ഞ ദിവസം മോഡിയെയും നിതീഷിനെയും പ്രശംസിച്ച് അദ്ദേഹം പ്രസ്താവന ഇറക്കിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാവണം. എന്നാൽ സിൻഹയെ മത്സരിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.