Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയുണര്‍ന്ന് പാക് ഗ്രാമങ്ങള്‍; ശരിക്കും കൊല്ലപ്പെട്ടത് ആര്? ഗ്രാമീണര്‍ പറയുന്നത് ഇങ്ങനെ

ബാലാകോട്ട്- വടക്കു കിഴക്കന്‍ പാക്കിസ്ഥാനിലെ ബാലാകോട്ട് ടൗണിനടുത്ത ഗ്രാമങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടനങ്ങള്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പലരും കരുതിയത് ഭൂകമ്പമാണെന്നായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലാകോട്ടിനെ തകര്‍ത്തു തരിപ്പണമാക്കിയ ഭൂകമ്പത്തിന്റെ നെടുക്കുന്ന ഓര്‍മകളിലായിരുന്നു അവര്‍. നേരം പുലര്‍ന്നപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് ഗ്രാമീണര്‍ അറിയുന്നത്. സമീപത്ത് ഇന്ത്യ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സങ്കേതങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തെന്നും നിരവധി ജയ്ഷ് ഭീകരരെ ഉന്മൂലനം ചെയ്‌തെന്നും ഇന്ത്യ പറയുന്നു. 1971-നു ശേഷം പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ആദ്യ വ്യോമാക്രമണമായിരുന്നു ഇത്. 

എന്നാല്‍ ഈ കനത്ത ബോംബാക്രമണത്തെ കുറിച്ച് പാക് ഗ്രാമീണര്‍ പറയുന്നത് മറ്റൊന്നാണ്. ഒരാള്‍ക്കു പരിക്കു പറ്റിയതായി മാത്രമെ അവര്‍ അറിഞ്ഞിട്ടുള്ളൂ. മറ്റാര്‍ക്കെങ്കിലും പരിക്കോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി അവര്‍ക്ക് അറിയില്ല. ജയ്ഷ് നടത്തുന്ന ഒരു മദ്രസ്‌ക്കു സമീപമാണ് ബോംബ് വര്‍ഷമുണ്ടായതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ജാഗ്രതയോടെയാണ് അവര്‍ തങ്ങളുടെ ഭീകര അയല്‍ക്കാരെ കുറിച്ച് സംസാരിച്ചത്. മലമുകളില്‍ ഒരു മദ്രസയുണ്ട്. അത് നടത്തുന്നത് ജയ്‌ഷെ മുഹമ്മദാണ്- പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഒരു പ്രദേശവാസി പറഞ്ഞു. വര്‍ഷങ്ങളായി ഭീകരര്‍ ഇവിടെ ഉണ്ട്. ഞാന്‍ ഈ പ്രദേശത്തുകാരനാണ്. എനിക്കറിയാം ഇവിടെ ഒരു പരിശീലന കേന്ദ്ര പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. ജയ്ഷാണ് അത് നടത്തുന്നതെന്നും അറിയാം- പേരു വെളിപ്പെടുത്താത്ത മറ്റൊരാള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പരിശീലന കേന്ദ്രം ഒരു മദ്രസയാക്കി മാറ്റിയിരുന്നു. എങ്കിലും ഈ കെട്ടിടത്തിനു സമീപത്തേക്ക് ആരേയും അടുപ്പിക്കാറില്ല. ഇവിടെ നിരവധി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.

മനോഹരമായ കാഗന്‍ താഴ്‌വരയിലേക്കുള്ള വഴിയില്‍ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ മരങ്ങള്‍ തിങ്ങിനിറഞ്ഞ മനോഹരമായ മലമ്പ്രദേശത്താണ് ബാലാകോട്ട പട്ടണം. 2005-ലെ വന്‍ ഭൂകമ്പത്തില്‍ പാടെ തകര്‍ന്ന പട്ടണം സ്ഥിതി ചെയ്യുന്നത് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീര്‍ അകലെയാണ്.

ഇന്ത്യന്‍ വ്യോമാക്രമണത്തിന് ഉന്നം പിഴച്ചുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ജയ്ഷ് നടത്തുന്ന മദ്രസുടെ ഒരു കിലോമീറ്ററോളം ദൂരെ ജനവാസമില്ലാത്ത പ്രദേശത്താണ് ഇന്ത്യന്‍ പോര്‍ വിമാനങ്ങല്‍ ബോംബിട്ടതെന്നും ഇവര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് തൊട്ടുമുമ്പായാണ് നാലു തവണ തുടര്‍ച്ചയായ സ്‌ഫോടന ശ്ബദം കേട്ടതെന്ന് ആക്രമണം നടന്ന ജബ ടോപ്പിനടുത്ത ഒരു ഗ്രാമീണനായ 25-കാരന്‍ മുഹമ്മദ് അജ്മല്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. നേരെ വെളുത്തപ്പോഴാണ് ഇതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ബോംബ് വര്‍ഷിച്ച സ്ഥലം കണ്ട ശേഷം അജ്മല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അവിടെ മരങ്ങള്‍ കടപുഴകി വീണു കിടക്കുന്നത് കണ്ടു. ഒരു തകര്‍ന്ന വീടും കണ്ടു. ബോംബ് പതിച്ചുണ്ടായ നാലു കുഴികളും കണ്ടതായി അജ്മല്‍ പഞ്ഞു.

ഇന്ത്യ വര്‍ഷിച്ച ആയുധത്തിന്റെ ഒരു കഷണം പൈന്‍ മരങ്ങളെ വെട്ടിമുറിച്ച് നിലത്തു പതിച്ചതായി മറ്റു ചില ഗ്രാമീണരും കണ്ടു. ആക്രമണത്തിന്റെ ആഘാതത്തില്‍ വീട്ടിലെ ജനല്‍ തകര്‍ന്ന്, അകത്ത് ഉറങ്ങുകയായിരുന്ന ഒരാള്‍ക്കു പരിക്കേറ്റതു മാത്രമെ അറിയൂവെന്ന് 46-കാരനായ കര്‍ഷകന്‍ ഫിദ ഹുസൈന്‍ ഷാ പറഞ്ഞു.
 

Latest News