21 മിനുട്ടിനിടെ ഇന്ത്യ പാക്കിസ്ഥാനില്‍ പൊട്ടിച്ചത് 1.7 കോടി രൂപയുടെ ബോംബുകള്‍

ന്യുദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണത്തില്‍ പൊട്ടിച്ചത് 1.7 കോടി രൂപയുടെ ലേസര്‍ ഗൈഡഡ് ബോംബുകള്‍. മൊത്തം 2,568 കോടി ചെലവു വരുന്ന ഇന്ത്യന്‍ ആയുധങ്ങളാണ് പാക്ക് അതിര്‍ത്തിക്കുള്ളില്‍ കയറി ശക്തമായ ആക്രമണം നടത്തിയത്. കിലോയ്ക്ക് 56 ലക്ഷം രൂപ വില വരുന്ന ആയിരം കിലോ ബോംബുകളാണ് പൊട്ടിച്ചത്. ബാലാകോട്ടിലും മുസാഫറാബാദ്, ചകോത്തി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളെ ഉന്നമിട്ടായിരുന്നു ഈ ആയുധ പ്രയോഗം.

21 മിനിറ്റ് നീണ്ട ഈ ഓപറേഷനു വേണ്ടി ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചത് 6,300 കോടി ചെലവ് വരുന്ന ആയുധങ്ങളും സേനാ സന്നാഹങ്ങളുമാമ്. ഇവയില്‍ 3,686 കോടിയുടെ സന്നാഹങ്ങള്‍ ആവശ്യം വന്നാല്‍ പ്രയോഗിക്കാന്‍ തയാറാക്കി വച്ചതായിരുന്നു. ഓപറേഷന്‍ നടക്കുന്നതിനിടെ 1,750 കോടി വിലവരുന്ന ഒരു എയര്‍ബോണ്‍ വാണിങ് ആന്റ് കണ്ട്രോള്‍ സിസ്റ്റ്രം നിരീക്ഷണ വിമാനം പാക്ക് ആകാശത്ത് ശത്രു വിമാനങ്ങളെ നിരീക്ഷിക്കാന്‍ മാത്രമായി പറത്തിയിരുന്നു.

ഒന്നിന് 214 കോടി രൂപ വിലയുള്ള 12 മിറാഷ് 2000 പോര്‍വിമാനങ്ങളായിരുന്നു വ്യോമാക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചത്. മധ്യപ്രേദശിലെ ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് പാക്കിസ്ഥാനെ ലക്ഷ്യമിട്ട് കുതിച്ചത്. ഒരോന്നിലും 225 കിലോ ജിബിയു-12 ലേസര്‍ ഗൈഡഡ് ബോംബുകള്‍ ശേഖരിച്ചിരുന്നു. കൃത്യമാ ഉന്നം പിടിക്കാന്‍ ഇവയില്‍ അമേരിക്കന്‍ നിര്‍മ്മിത ഉപകരണവും ഉണ്ടായിരുന്നു. പാക് സേനയുടെ പ്രത്യാക്രമണമുണ്ടായാല്‍ പ്രയോഗിക്കാനായി കോമ്പാറ്റ് മിസൈലുകളും മിറാഷില്‍ ഉണ്ടായിരുന്നു.
 

Latest News