പ്രളയം കടന്ന്, അഗ്നിയിലേക്ക്..

മഹാപ്രളയം വിതച്ച ദുരന്തങ്ങൾക്ക് ആറു മാസം പിന്നിട്ടിരിക്കുന്നു. കേരളമാകെ ജലം നിറഞ്ഞു നിന്ന ആ കറുത്ത നാളുകളുടെ ഞെട്ടിക്കുന്ന ഓർമകൾ മാറുന്നതിന് മുമ്പേ കേരളത്തെ മറ്റൊരു ദുരന്തം എത്തിനോക്കുകയാണ്. മഴയും തണുപ്പുമൊഴിഞ്ഞ നാട്ടിൽ ഇപ്പോൾ അഗ്നിതാണ്ഡവങ്ങളുടെ സമയമാണ്. പ്രകൃതി രൗദ്രഭാവങ്ങൾ കാട്ടി മനുഷ്യന് നെരെയടുക്കുമ്പോൾ പ്രതിരോധിക്കാനുള്ള ശക്തിയില്ലാതെ അവൻ നിസ്സഹായനാകുന്നു. വെള്ളവും അഗ്നിയും പരിഹാരമില്ലാത്ത വെല്ലുവിളികളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇക്കാലത്തും ഈ രണ്ട് വെല്ലുവിളികൾക്കു മുന്നിലും ജനസമൂഹം ഉത്തരമില്ലാതെ നിൽക്കുന്നു.
വേനൽക്കാലത്തിന്റെ വരവോടെ നാട്ടിൽ അഗ്നിബാധയുടെ വാർത്തകൾ പുറത്തു വന്നു തുടങ്ങുന്നു. ചെറിയ പുൽക്കാടുകൾക്ക് തീപ്പിടിക്കുന്നതു മുതൽ ബഹുനില കെട്ടിടങ്ങൾ അഗ്‌നിക്കിരയാകുന്നതുവരെയുള്ള സംഭവങ്ങൾ നാട്ടിൽ സാധാരണമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല സ്ഥലങ്ങളിലായാണ് വൻ അഗ്‌നിബാധകൾ ഉണ്ടായത്.കൊച്ചി നഗരത്തിലെ സ്വകാര്യ കമ്പനി കെട്ടിത്തിന് തീപ്പിടിച്ചതും വയനാട്ടിൽ വനത്തിനുള്ളിൽ വൻ അഗ്‌നിബാധയുണ്ടായതും മലപ്പുറം ജില്ലയിലെ എടവണ്ണയിലെ പെയിന്റ് കമ്പനിയിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിലും തീ പടർന്നതും അടുത്തടുത്ത ദിവസങ്ങളാണ്. 
ആളപായമുണ്ടായില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് ഇവിടെയുണ്ടായത്. വയനാടൻ വനത്തിനുള്ളിൽ ഒട്ടേറെ വന്യജീവികൾ അഗ്‌നിയിൽപെട്ട് ചത്തൊടുങ്ങിയെന്നത് ദുഃഖകരമാണ്. നഗരങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ മൂലം ജനങ്ങൾ ഏറെ പരിഭ്രാന്തരായി മാറുകയും ചെയ്യുന്നു. ആശുപത്രികളിലുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ്.
കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതിയും വെള്ളത്തിനും അഗ്നിക്കും ഒരുപോലെ പാകപ്പെട്ടതാണെന്നത് പ്രധാനമാണ്. കനത്ത മഴയിൽ നാടെങ്ങും വെള്ളം നിറയുമ്പോൾ കടുത്ത വേനലിൽ എന്തിനെയും കത്തിച്ചാമ്പലാക്കി തീനാളങ്ങൾക്ക് എളുപ്പത്തിൽ ആളിപ്പടരാനാകുന്നു.മഴക്കാലത്ത് തഴച്ചു വളരുന്ന മരങ്ങളും പാഴ്‌ചെടികളും വേനലിൽ ഉണങ്ങിനിൽക്കുന്നത് അഗ്‌നിബാധക്ക് പ്രധാന കാരണമാണ്. മരങ്ങളിൽ ഇലപൊഴിച്ചിലിന്റെ കാലത്തോടൊപ്പമാണ് കത്തുന്ന വേനൽ കടന്നു വരുന്നത്. കരിയിലകളിൽ ഒരു തീപ്പെട്ടിക്കോല് മതി തീ പടർത്താൻ. പണ്ടു കാലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ കരിയിലകൾ അടിച്ചു കൂട്ടി തീയിടുന്ന ശീലമുണ്ടായിരുന്നു. ഇന്ന് തോട്ടങ്ങളേറെയും കാടുപിടിച്ചു കിടക്കുന്നു. മാത്രമല്ല, കരിയിലകൾ കത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ പഠനങ്ങൾ സമൂഹത്തിൽ കൂടുതൽ പ്രചരിക്കുകയും ചെയ്യുന്നു. റബർ തോട്ടങ്ങൾ എക്കാലത്തും അഗ്‌നിബാധയുടെ പ്രഭവ കേന്ദ്രങ്ങളാണ്. വെള്ളത്തിന്റെയും തണുപ്പിന്റെയും ചെറിയ അംശം പോലുമില്ലാത്ത ഇത്തരം തോട്ടങ്ങളിൽ വലിയ അഗ്‌നി ഗോളങ്ങളുയരാൻ ചെറിയൊരു തീപ്പൊരി മതി.
പ്രകൃത്യായുള്ള അഗ്നിബാധയെ തടയുന്നതിന് പരമിതികളുണ്ടെങ്കിൽ മനുഷ്യ നിർമിതമായ അഗ്‌നിബാധകൾ നിയന്ത്രിച്ചേ മതിയാകൂ. വ്യവസായ ശാലകളിലും ഗോഡൗണുകളിലും തീ പടരുന്നത് നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമായിരിക്കുന്നു. 
മലപ്പുറം ജില്ലയിലെ എടവണ്ണയിൽ പെയിന്റ് ഗോഡൗണിലുണ്ടായ അഗ്നിബാധ ഏറെ പരിഭ്രാന്തി ഉയർത്തുന്നതായിരുന്നു. പെട്രോളിയത്തിന്റെ അംശമുള്ള പെയിന്റ് കത്തിപ്പടരാൻ സാധ്യതയേറെയുള്ള ഉൽപന്നമാണ്. മാത്രമല്ല ഇത്തരം ഫാക്ടറികളിൽ തീയണക്കുന്നത് ഏറെ ശ്രമകരമായ ജോലിയുമാണ്. അഗ്നിബാധ ഉണ്ടാകുന്നത് തടയുന്നതിനോ ഉണ്ടായാൽ അത് പ്രതിരോധിക്കുന്നതിനോ ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് പലപ്പോഴും ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതെന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ഫയർ ആന്റ് സേഫ്റ്റി വകുപ്പ് നൽകുന്ന സമ്മത പത്രം എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമാണ്. എന്നാൽ പല കമ്പനികളും ഇതില്ലാതെ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, വർഷം തോറുമുള്ള സുരക്ഷാ പരിശോധനകൾ മിക്ക കമ്പനികളിലും നടക്കുന്നില്ല. ഇക്കാര്യത്തിൽ ഫയർ വകുപ്പോ, പ്രാദേശിക ഭരണകൂടങ്ങളോ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നുമില്ല. എല്ലാ ദുരന്തങ്ങളും പോലെ അഗ്‌നിബാധയുണ്ടാകുമ്പോൾ മാത്രമാണ് ലൈസൻസിനെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും അന്വേഷിക്കുന്നത്. സുരക്ഷാ കാര്യങ്ങളിൽ നിരന്തരവും കുറ്റമറ്റതുമായ പരിശോധനകൾ ഈ മേഖലയിൽ ആവശ്യമാണ്. 
വലിയ തീപ്പിടിത്തങ്ങൾക്ക് കാരണമാകുന്നത് പലപ്പോഴും നിസ്സാരമായ കാര്യങ്ങളാണ്. പുകവലിക്കുന്ന ഒരാൾ വലിയച്ചെറിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നായിരിക്കാം വൻ അഗ്‌നിബാധകളുടെ തുടക്കം. വൈദ്യുതി ഷോട്‌സർക്യൂട്ടാണ് മറ്റൊരു കാരണം. 
ഇത് രണ്ടും മനുഷ്യ നിർമിതമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന തീപ്പൊരിയിൽ വലിയൊരു ദുരന്തം ഒളിച്ചിരിക്കുന്നുണ്ടെന്ന സാമൂഹ്യ ബോധം ഓരോ പൗരനുമുണ്ടായിരിക്കേണ്ടതുണ്ട്. വൈദ്യുതി വഴിയുള്ള അഗ്നിബാധ തടയേണ്ടത് വൈദ്യുതി ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണ്. വീട്ടിലായാലും ഫാക്ടറിയിലായാലൂം വൈദ്യുതി ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഇടക്കിടെ പരിശോധനകൾ നടത്തേണ്ടതുണ്ട്.
ജനങ്ങൾക്കിടയിൽ ബോധവൽക്കരണത്തിന്റെ കുറവ് വലിയ തോതിൽ അഗ്‌നിബാധകൾക്ക് ഇടയാക്കുന്നുണ്ട്. വേനൽകാലത്ത് വരൾച്ച പോലെ തന്നെ അപകടകരമാണ് അഗ്‌നിബാധയെന്ന ബോധവൽക്കരണം വളർന്നു വരേണ്ടതുണ്ട്. വരൾച്ച നേരിടാൻ പഞ്ചായത്തുകളും സർക്കാർ സംവിധാനങ്ങളും വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അഗ്‌നിബാധ ആരുടെയും അജണ്ടയിൽ എത്തിയിട്ടില്ല. വലിയ ദുരന്തങ്ങൾ വരുമ്പോൾ മാത്രമായിരിക്കും ഇതിനെ കുറിച്ച് ചിന്തിക്കുന്നത്. വേനൽക്കാലങ്ങളിൽ അഗ്‌നിബാധയുണ്ടാകാതിരിക്കാനുള്ള അടിസ്ഥാന ക്രമീകരണങ്ങൾ ആരംഭിക്കേണ്ടതുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയെ ഏകോപിപ്പിച്ച് അഗ്‌നിക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കണം.
അഗ്‌നിബാധ തടയുന്നതിനുള്ള സംവിധാനങ്ങൾ കുറവാണെന്നതും ഗൗരവുമായി കാണണം.  ഫയർ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യങ്ങൾ ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ നിയോജക മണ്ഡലത്തിലും ഫയർ സ്റ്റേഷനുകൾ വേണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഒരു ജില്ലയിൽ ആറോ ഏഴോ ഫയർ സ്റ്റേഷനുകളാണുള്ളത്.പലപ്പോഴും തീപ്പിടിച്ച് ഏറെ കഴിഞ്ഞ് മാത്രമേ ഫയർ ഫോഴ്‌സിന് സംഭവസ്ഥലത്ത് എത്താൻ സാധിക്കൂ. മാത്രമല്ല, വേനൽക്കാലത്തെ വെള്ളത്തിന്റെ ദൗർലഭ്യം പലപ്പോഴും ഫയർ ഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 
സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലയാണിത്. പഞ്ചായത്തുകൾ തോറും അഗ്‌നിബാധ ചെറുക്കാൻ ശാസ്ത്രീയമായ പദ്ധതികൾ ആലോചിക്കേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിൽ സന്നദ്ധ സംഘടനകൾക്കും വലിയ പങ്കുണ്ട്. നിസ്സാരമെന്നു കരുതുന്ന ഒരു ചെറിയ തീപ്പിടിത്തം യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലേക്ക് ആളിപ്പടരും. കത്തി നിൽക്കുന്ന സൂര്യന് താഴെ അഗ്നിക്ക് താണ്ഡവമാടാൻ അവസരം നൽകിയാൽ പ്രളയ കാലത്തെ പോലെ മലയാളികൾ വൻ ദുരന്തങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടി വരും.
 

Latest News