യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ   റെയ്ഡ് 

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎയുടെ പ്രത്യേക സംഘം റെയ്ഡ് നടത്തി.  ദേശീയ അന്വേഷണ ഏജന്‍സിക്ക് പുറമേ ജമ്മു കശ്മീര്‍ പോലീസും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. 
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകഐല്‍എഫ്) എന്ന സംഘടനയുടെ ചെയര്‍മാനാണ് യാസിന്‍ മാലിക്ക്. ഇന്ന് രാവിലെ 7.30 ഓടെയാണ് എന്‍ഐഎ ഭീകര വിരുദ്ധ സംഘമെത്തി റെയ്ഡ് നടത്തിയത്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിരുന്നു. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രി യാസിന്‍ മാലിക്കിനെ മൈസുമയിലെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 
ഇതിനു പിന്നാലെയാണ് എന്‍ഐഎ സംഘം മാലിക്കിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നിലവില്‍ കോത്തിബാഗ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇയാള്‍. യാസിന്‍ മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് എന്‍ഐഎയാണ് അന്വേഷണം നടത്തുന്നത്.
 

Latest News