ഇസ്‌ലാമാബാദ്- പുൽവാമയിൽ നാൽപതിലേറെ ജവാൻമാർ കൊല്ലപ്പെട്ട ഭീകരാക്രമമത്തിന് ശക്തമായ മറുപടിയെന്നോണം ഇന്ത്യ നടത്തിയ മിന്നലാക്രമണം നിഷേധിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന്റെ അതിർത്തിലംഘിച്ചുവെന്നും എന്നാൽ ഇതിന് ശക്തമായ മറുപടി ഉടൻ നൽകിയെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നീക്കത്തിൽ ഒരാൾക്കും പരിക്കേറ്റിട്ടില്ലെന്നും പാക് വ്യോമസേനയുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ സേന ഉടൻ തിരിച്ചുപോയെന്നും അദ്ദേഹം അറിയിച്ചു. സേന തിരിച്ചുപോകുന്നതിനിടെ ഒരിടത്ത് ബോംബ് വർഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യവും ഫലപ്രദവുമായ നടപടിയാണ് പാക്കിസ്ഥാൻ വ്യോമസേന സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തി നിയന്ത്രണ രേഖയ്ക്കപ്പുറം ഇന്ത്യൻ പോർവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി പുൽവാമ അക്രമണത്തിനെതിരെ തക്ക മറുപടി നൽകി എന്നായിരുന്നു ഇന്ത്യ വ്യക്തമാക്കിയത്. പാക് അധിനിവേശ കശ്മീരിലെ ഭീകര താവളങ്ങൾ ഉന്നമിട്ട് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 പോർ വിമാനങ്ങൾ ആയിരം കിലോ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ച് ഒരു സുപ്രധാന ഭീകര ക്യാമ്പ് പൂർണമായും തകർത്തതായി വ്യോമ സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത എജൻസി എ.എൻ.ഐ റിപോർട്ട് ചെയ്തിരുന്നു.