Sorry, you need to enable JavaScript to visit this website.

ടിക് ടോക് തുണച്ചു; പെണ്‍കുട്ടി കുടുംബത്തില്‍ മടങ്ങിയെത്തി

മുംബൈ- മൂന്ന് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് വിട്ടുകാരുമായി ബന്ധപ്പെടാന്‍ ടിക് ടോക് ആപ്പ് തുണയായി. യുവതലമുറയെ വഴിതെറ്റിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് ഒരു ശുഭവാര്‍ത്ത.
2016 നവംബര്‍ 15-നാണ് അന്ന് 16 വയസ്സ് പ്രായമായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. അജ്ഞാതരെ പ്രതികളാക്കി പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2018 ല്‍ അന്വേഷണം താനെ ക്രൈംബ്രാഞ്ചിനു കീഴിലെ മനുഷ്യക്കടത്ത് സെല്ലിന് (എഎച്ചടിസി) കൈമാറി.
പത്ത് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ സഹോദരിയും ഭര്‍ത്താവും ബോജ്പുരി ഗാനത്തിന്റെ വിഡിയോ ടിക് ടോകില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ തന്നെ ഫേസ് ബുക്കില്‍ അഭയ് ഷെട്ടി എന്ന പേരില്‍ സഹോദരീ ഭര്‍ത്താവിന് ഫ്രന്റ് റിക്വസ്റ്റ് ലഭിച്ചു. ടിക് ടോക് വിഡിയോ കണ്ടെതിനാലാണ് ബന്ധപ്പെടുന്നതെന്നാണ് വ്യാജ പേരിലെത്തിയ ഷെട്ടി പറഞ്ഞത്. ചാറ്റ് തുടങ്ങിയപ്പോള്‍ ഭാര്യയെ കുറിച്ചും അവര്‍ക്ക് എത്ര സഹോദരിമാരുണ്ടെന്നും മറ്റുമാണ്് അഭയ് ഷെട്ടി ചോദിച്ചത്. സംശയം തോന്നിയ സഹോദരീ ഭര്‍ത്താവ് ഉടന്‍ തന്നെ തങ്ങള്‍ക്ക് വിവരം നല്‍കിയെന്ന് എഎച്ച്ടിസിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്ര ദനുകര്‍ പറഞ്ഞു.
പോലീസ് നിര്‍ദേശപ്രകാരം സഹോദരീ ഭര്‍ത്താവ് ഷെട്ടിയുമായി ചാറ്റ് തുടര്‍ന്നു. സംസാരത്തിനിടയില്‍ ഭാര്യയുടെ അമ്മയ്ക്ക് സുഖമില്ലെന്നും ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചു.
ഷെട്ടി ഉടന്‍ തന്നെ സഹോദരീ ഭര്‍ത്താവുമായി വിഡിയോ കോള്‍ ചെയ്ത് താന്‍ ആരാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. മാതാവിന്റെ അസുഖത്തെ കുറിച്ച് ആരാഞ്ഞ പെണ്‍കുട്ടിയോട് തന്റെ ഭാര്യ നഴ്‌സിംഗിന് പഠിക്കുന്ന താനെയിലെ ചാരായി പ്രദേശത്ത് വരാന്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി എത്തിയതോടെ വേഷം മാറി നിന്നിരുന്ന എഎച്ച്ടിസി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മാതാവ് യവത്മാലില്‍  വീട്ടുവേലക്കാരിയായിരുന്നുവെന്നും ഒമ്പതാം ക്ലാസ് വരെ അവരോടൊപ്പമായിരുന്നു താമസമെന്നും പെണ്‍കുട്ടി പറഞ്ഞു. 2016 ല്‍ അവിടെനിന്ന് മുംബ്രയിലെ സഹോദരിയുടെ വീട്ടിലെത്തി. യവത് മാലിലേക്ക് മടങ്ങാന്‍ അമ്മ നിര്‍ബന്ധിച്ചതോടെ ഒളിച്ചോടുകയായിരുന്നു.
2016 നവംബര്‍ അഞ്ചിന് സഹോദരിയുടെ വീട്ടില്‍നിന്നിറങ്ങി ട്രെയിനില്‍ ബൈക്കുള റെയില്‍വെ സ്‌റ്റേഷനിലെത്തി. ഇവിടെ വെച്ച് പരിചയപ്പെട്ട മുതിര്‍ന്ന സ്ത്രീയുടെ സഹായത്തോടെ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്തു. ജോലി ആവശ്യാര്‍ഥം സൂറത്തിലെത്തിയപ്പോള്‍ ഒരു ഇവന്റ് ഓര്‍ഗനൈസറെ പരിചയപ്പെട്ടു. വിവാഹത്തിനു താല്‍പര്യം പ്രകടിപ്പിക്കുകയും 18 വയസ്സ് തികഞ്ഞതോടെ 2017 ജൂണ്‍ 22ന് വിവാഹിതരാവുകയും ചെയ്തു. ഭര്‍ത്താവ് കോറിയോഗ്രാഫറായതോടെ ഗുഡ്ഗാവിലെ ഫിലിം സിറ്റിയിലേക്ക് താമസം മാറി. ദമ്പതികള്‍ നല്ലസോപാറയില്‍ താമസിച്ചുവരുന്നതിനിടയിലാണ് ടിക് ടോക് വിഡിയോ ശ്രദ്ധയില്‍ പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ദനുകര്‍ പറഞ്ഞു.
പെണ്‍കുട്ടി സുരക്ഷിതയാണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News